തിരുവനന്തപുരം: കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ക്രൂരമായ അധിക്ഷേപത്തിൽ മനംനൊന്ത് എ.ഡി.എം ജീവനൊടുക്കിയതും സംസ്ഥാന സർക്കാരിനെതിരായ അതിരൂക്ഷമായ ഭരണവിരുദ്ധ വികാരവും അഴിമതികളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുമൊന്നും പ്രചാരണ വിഷയങ്ങളാക്കാതെ ഉപതെരഞ്ഞെടുപ്പില്‍ പഴയ കത്തുകൾ പൊക്കിയെടുത്ത് അതിലേക്ക് പ്രചാരണം വഴിതിരിച്ചുവിട്ട് മുന്നണികൾ.
സ്ഥാനാർത്ഥി നിർണയത്തിനായി ഡി.സി.സി നേതൃത്വം ഹൈക്കമാൻഡിന് നൽകിയ സ്ഥാനാർത്ഥി നിർദേശ കത്തും എൽ.ഡി.എഫിനെതിരേ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പുറത്തുവിട്ട കത്തുമാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കാൻ മുന്നണികൾ ശ്രമിക്കുന്നത്.
/sathyam/media/media_files/2024/10/28/5kDEzWuiW5AcUuvPU2Zv.jpg)
ഇതിലൂടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിവാദ വിഷയങ്ങൾ മൂടിവയ്ക്കാനാണ് ഇരു മുന്നണികളുടെയും ബോധപൂർവമായ ശ്രമം.
സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ എല്ലാ വീടുകളിലുമെത്തി വിശദമാക്കിയാവും യു.ഡി.എഫ് പ്രചാരണമെന്ന് അവർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. പൂരം കലക്കൽ, അഴിമതി, സാമ്പത്തിക പ്രതിസന്ധി, ആർ.എസ്.എസ് - സി.പി.എം ബന്ധം തുടങ്ങി ഒരുപിടി വിഷയങ്ങൾ പ്രചാരണം കത്തിക്കാളിക്കാൻ ലഭ്യമാണ്.
അതിനിടെയാണ് കണ്ണൂരിൽ ഇടതുപക്ഷ അനുഭാവിയായ എ.ഡി.എം സി.പി.എം നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരസ്യ അധിക്ഷേപത്തിൽ ജീവനൊടുക്കിയത്. 10 വർഷം ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കേസിൽ പ്രതിയായ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയാണ് പോലീസ്.
എന്നിട്ടും അതൊന്നും പ്രചാരണ വിഷയങ്ങളായിട്ടില്ല. ഹിന്ദു ദിനപ്പത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരാമർശങ്ങളും പോലും മുഖ്യ പ്രചാരണ വിഷയങ്ങളല്ല.
/sathyam/media/media_files/sEjEQGmR62zRDkCRGm5s.jpg)
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ഡി.സി.സി പ്രസിഡന്റ് ഹൈക്കമാൻഡിന് നൽകിയ കത്തിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡിസിസി അധ്യക്ഷന്‍ എ.ഐ.സി.സി നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തുവന്നത്. ഇതോടെ യു.ഡി.എഫ് ക്യാമ്പ് പ്രതിരോധത്തിലായി.
കത്ത് പുറത്തുവന്നതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എം.പിയുമടങ്ങുന്ന കോക്കസ് പ്രവർത്തിച്ചുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്റെ വിജയം തടയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പല പേരുകളും കമ്മിറ്റികൾ നൽകാറുണ്ട്. മുരളീധരൻ വേണമെന്ന് ആഗ്രഹിക്കുന്നവർ കത്ത് പുറത്ത് കൊടുത്തിട്ടുണ്ടാകാം.
അവരും ചിലരും ചേർന്നുള്ള കൂട്ടുകെട്ട് ഇപ്പോൾ പുറത്ത് വിട്ടതാകാമെന്നും രാഹുൽ പറഞ്ഞു. കത്തിൽ ഇനി ചർച്ചയൊന്നും വേണ്ടെന്ന് കെ.മുരളീധരൻ വ്യക്തമാക്കിയതോടെ ആ കത്ത് വിവാദം അവസാനിക്കേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല.
1991-1995 കാലയളവിൽ പാലക്കാട് നഗരസഭ സി.പി.എം. ഭരിച്ചത് ബി.ജെ.പി.യുടെ പിന്തുണയോടെയാണെന്ന ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പ്രസ്താവനയെയും തെളിവായി പുറത്തുവിട്ട കത്തിനെയും ചൊല്ലിയും ചര്‍ച്ചകള്‍ മുറുകുകയാണ്.
അന്നത്തെ ചെയർമാൻ എം.എസ്. ഗോപാലകൃഷ്ണൻ ബി.ജെ.പി. ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഈ കത്ത് ആയുധമാക്കി സി.പി.എം - ബിജെപി അന്തർധാര സജീവമാണെന്ന മട്ടിലാണ് എതിര്‍ വിഭാഗത്ത് പ്രചാരണം കൊഴുക്കുന്നത്.
/sathyam/media/media_files/2024/10/28/RbJxM0bOBcCd7jSz4Q5f.jpg)
ഇങ്ങനെയൊരു കത്തിനെപ്പറ്റി അറിയില്ലെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച സർക്കാർ വിരുദ്ധ വികാരം കൂടുതൽ തീവ്രതയോടെ ഉപതിരഞ്ഞെടുപ്പിലും തുടരുമെന്നും പാലക്കാട് നിലനിർത്തുന്നതിനൊപ്പം ചേലക്കര കൂടി പിടിച്ചെടുക്കാമെന്നുമാണ് യുഡിഎഫിന്റെ പ്രതീക്ഷ.
സുരക്ഷിത സീറ്റായി കണക്കാക്കുന്ന ചേലക്കര സിപിഎം ഉറപ്പിക്കുന്നു. പാലക്കാട് മൂന്നാം സ്ഥാനത്തെന്ന സ്ഥിതി മാറ്റിയെടുക്കാനും അവർ ശ്രമിച്ചേക്കും. ബിജെപിയെ തോൽപിക്കാനായി എൽഡിഎഫ് വോട്ടുകൾ 2021ൽ കോൺഗ്രസിനു മറിഞ്ഞുവെന്ന ഇടതുസ്ഥാനാർഥിയുടെ സമ്മതം സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്നതാണ്.
പാലക്കാട് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് എത്തിയതിനാൽ അട്ടിമറി മോഹത്തിലാണ് ബിജെപി. ആര്‍എസ്എസ് നേരിട്ടാണ് പ്രചരണത്തിന്‍റെ നിയന്ത്രണം. അമിത്ഷാ നിര്‍ദേശിച്ച മൂന്ന് ടീമുകള്‍ പ്രചരണം നിയന്ത്രിക്കാനും നിരീക്ഷിക്കാനും സജ്ജമായി മണ്ഡലത്തിലുണ്ട്. പാര്‍ട്ടിയിലെ അനൈക്യം ഫലത്തെ ബാധിക്കാതിരിക്കാന്‍ അതീവ ജാഗ്രതയാണ് നേതൃത്വം പുലര്‍ത്തുന്നത്.