തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കേലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ചീറ്റാൻ സാദ്ധ്യത. ഇതുസംബന്ധിച്ച് പോലീസ് എടുത്ത എഫ്.ഐ.ആറിന്റെ നിയമസാധുതയിലും നിയമവിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
സംഭവം നടന്ന് ആറുമാസം വൈകി എടുത്ത എഫ്.ഐ.ആര്‍ നിലനില്‍ക്കുമോ എന്നതാണ് ചോദ്യം. തൃശൂർ പൂരം അലങ്കോലമാക്കാൻ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
/sathyam/media/media_files/dNzJgpMVBLz4qa97Rm4w.jpg)
ഈ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്.ഐ.ആർ. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കിയെടുത്ത എഫ്.ഐ.ആർ പ്രകാരം അതേ സംഘം തന്നെ അന്വേഷിക്കുന്ന സ്ഥിതിയാണിപ്പോൾ.
ചിത്തരജ്ഞന്റെ പരാതിയും അവ്യക്തമാണ്. ചില റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിയ അന്വേഷണം വഴിമുട്ടിയപ്പോഴാണ് തൃശൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രിലില്‍ നടന്ന സംഭവത്തില്‍ ആറുമാസം വൈകി കേസ് എടുത്ത നടപടിയിലാണ് ആദ്യ സംശയം. മറ്റൊന്ന് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
മലപ്പുറം സൈബര്‍ ക്രൈം സി.ഐ ചിത്തരഞ്ജന്‍ ആണ് കത്ത് നല്‍കിയത്. ഈ ഉദ്യോഗസ്ഥൻ തൃശൂര്‍ പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന വ്യക്തിയല്ല. അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ കത്തില്‍ എന്ത് അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നത് മറ്റൊരു ചോദ്യം.
നിലവില്‍ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എംആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ഈ റിപ്പോര്‍ട്ടിൽ പൂരം നടത്തിപ്പിന് ചുമതലയുളള ദേവസ്വങ്ങളെയാണ് സംശയനിഴലില്‍ നിര്‍ത്തുന്നത്.
എഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ഡി.ജി.പി സർക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പിയെ തന്നെ സംശയനിഴലില്‍ നിര്‍ത്തുന്നു. ഈ രണ്ട് കൂട്ടര്‍ക്കും എതിരേ അന്വേഷണം പ്രയോഗികം അല്ല സ്ഥിതിയിലാണ് വീണ്ടും പ്രത്യേക സംഘത്തെ നിയോഗിച്ചത്.
എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെങ്കിലും തിരുവമ്പാടി ദേവസ്വത്തിനെതിരേ കേസെടുക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പ്രതികളില്ലാത്ത എഫ്.ഐ.ആർ.
/sathyam/media/media_files/KTJVKufLnxOuZuU8bCge.jpg)
പ്രത്യേക സംഘത്തിന് അന്വേഷണം നടത്താൻ എഫ്.ഐ.ആർ ആവശ്യമായിരുന്നു. അന്വേഷണം ഒന്നുമായില്ലെന്ന വിമർശനത്തിന് തടയിടാനാണ് പേരിനൊരു എഫ്.ഐ.ആർ. ഇത് നിയമപരമായി നിലനിൽക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.
പൂരം കലക്കലിലെ ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിക്കണമെങ്കിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്യണം. ലോക്കൽ പൊലീസ് അന്വേഷിച്ച കേസാണെങ്കിൽ അതു ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം.
പൂരംകലക്കലിൽ കേസില്ലാതിരുന്നതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയായിരുന്നു. ഈ പ്രതിസന്ധിയൊഴിവാക്കാനാണ് അന്വേഷണ സംഘത്തിലുള്ള ഇൻസ്പെക്ടറുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കാലങ്ങളായി ജാതിമത ഭേദമെന്യെ ആഘോഷിച്ചുവരുന്ന തൃശൂർ പൂരം അലങ്കോലപ്പെടുത്തി ഒരു വിഭാഗത്തിൻ്റെ മതവികാരവും വിശ്വാസവും വ്രണപ്പെടുത്താൻ ഗൂഢാലോചനയുണ്ടായെന്നാണ് കേസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജൻറെ പരാതിയിലാണ് കേസ്.
ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ, സ്പർദ്ധയുണ്ടാക്കാൻ ശ്രമം തുടങ്ങി ഐ.പി.സി 295 എ, 120 ബി, 153 വകുപ്പുകൾ പ്രകാരമാണ് കേസ്.
ആരെയും പ്രതി ചേർത്തിട്ടില്ല. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ആദ്യ കേസാണിത്. അതേസമയം പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം വിവര ശേഖരണം നടത്തിയിട്ടില്ല.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്ന് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വെെകുക മാത്രമാണുണ്ടായതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണിത്.
അന്വേഷണം വെെകുന്നുവെന്ന് ആക്ഷേപത്തിന് പിന്നാലെയാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്.പി സാബു മാത്യു, കൊച്ചി സിറ്റി എ.സി.പി പി.രാജ്കുമാർ, വിജിലൻസ് ഡിവൈ.എസ്.പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ.ജയകുമാർ എന്നിവരാണുള്ളത്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് വിരുദ്ധമായെടുത്ത എഫ്.ഐ.ആറിൽ പ്രത്യേക അന്വേഷണ സംഘം ഇനിയെന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.