/sathyam/media/media_files/2024/11/14/Be2aS3nnyIWES1ow5lso.jpg)
തിരുവനന്തപുരം: പ്രമേഹത്തിന്റെ തലസ്ഥാനമായി മാറുകയാണ് കേരളം. രാജ്യത്ത് ഏറ്റവും ഉയർന്ന തോതിൽ പ്രമേഹ രോഗികളുണ്ടാവുന്നത് കേരളത്തിലാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ, ജീവിത രീതികളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമാവുന്നത്.
കേരളത്തെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്ന രോഗമായി പ്രമേഹം മാറുകയാണ്. മുൻപ് അമ്പതുകളിലാണ് പ്രമേഹം ബാധിച്ചിരുന്നതെങ്കിൽ ഇന്ന് മുപ്പതുകളിൽ പ്രമേഹം സർവസാധാരണമായിക്കഴിഞ്ഞു.
ജീവിതശൈലിയിലും ഭക്ഷണത്തിലും കാര്യമായ വ്യത്യാസം വരുത്തിയില്ലെങ്കിൽ കേരളത്തിലെ യുവ തലമുറ ഒന്നാകെ പ്രമേഹത്തിന്റെ പിടിയിലാവുമെന്ന് ഡോക്ടർമാർ പറയുന്നു.
സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം കുതിച്ചുകയറുകയാണ്. രാജ്യത്താകെ പ്രമേഹ നിരക്ക് ജനസംഖ്യയുടെ എട്ട് ശതമാനമാണെങ്കിൽ കേരളത്തിലിത് 20 ശതമാനമാണ്.
ഹൃദ്രോഗം അടക്കം ഗുരുതര പ്രശ്നങ്ങളിലേക്കും നയിക്കുന്നതാണ് പ്രമേഹം. കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹമുണ്ടെന്ന പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. പ്രമേഹ രോഗ മരുന്ന് വിപണിയും കോടികളുടേതാണ്.
കേരളത്തിൽ ഒരു വർഷം മൂവായിരം കോടി രൂപയുടെ പ്രമേഹ മരുന്ന് വിറ്റഴിക്കപ്പെടുന്നതായാണ് കണക്ക്. കേരളത്തിൽ ആകെ വിൽക്കുന്ന മരുന്നുകളുടെ 20 ശതമാനത്തോളവും പ്രമേഹ മരുന്നുകളാണ്. 10 ശതമാനം വർദ്ധനവ് എല്ലാ വർഷവുമുണ്ടാവുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തിൽ പത്തിനും മുപ്പതിനുമിടയിൽ പ്രായമുള്ള 27 ശതമാനം പേർക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
നിത്യേന പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. ലോകത്താകെ 42.2 കോടി പ്രമേഹരോഗികൾ ഉണ്ടെന്നാണ് കണക്ക്. 15 ലക്ഷം മരണങ്ങൾക്കും പ്രമേഹം കാരണമാവുന്നു.
കേരളത്തിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും വീട്ടിലെത്തി കണ്ട് അവരുടെ ആരോഗ്യ വിവരങ്ങൾ ‘ശൈലി’ എന്ന ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ പ്രമേഹ രോഗമുള്ളവരെയും പ്രമേഹ രോഗം വരാൻ സാധ്യതയുള്ളവരെയും കണ്ടെത്താനാവും.
50 ലക്ഷം പേരിൽ നടത്തിയ പരിശോധനയിൽ 4,31,448 പേർക്കും പ്രമേഹം കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗം കണ്ടെത്തിയവർക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നു.
ആരോഗ്യകരമല്ലാത്തതും വ്യായാമമില്ലാത്തതുമായ ജീവിതശൈലിയും കൊഴുപ്പ് അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നതുമാണ് പ്രമേഹത്തിന് കാരണെമന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഐ.സി.എം.ആർ പുറത്തുവിട്ട പഠനറിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ജനസംഖ്യയുടെ 18 ശതമാനം സമീപഭാവിയിൽ രോഗികളായി മാറുമെന്നായിരുന്നു കണ്ടെത്തൽ.
ഇപ്പോൾ 30 കഴിഞ്ഞവരെയും പിടികൂടുന്നു. 10 വയസ് കഴിഞ്ഞാൽ പ്രമേഹം ബാധിക്കാവുന്ന സ്ഥിതിയാണെന്ന് വിദഗ്ദ്ധർ പറയുന്നു. മുതിർന്നരെ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളെയും ബാധിക്കുന്നു. നേരത്തെ ജനതികപ്രശ്നം കാരണമുള്ള ഇൻസുലിൻ ചികിത്സ ആവശ്യമില്ലാത്ത ടൈപ്പ് 1 പ്രമേഹമായിരുന്നു കുട്ടികളിലുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഗർഭിണികളിൽ 53 ശതമാനത്തിലധികവും പ്രമേഹത്തിന്റെ പിടിയിലാണ്. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഗർഭിണിണികളിൽ പുരോഗമിക്കുന്ന സർവേയിലെ കണ്ടെത്തലാണ്. ജീവിതശൈലിയാണ് കാരണം.
പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിലും ജീവിത ശൈലിയിലൂടെ അത് മാറ്റിയെടുക്കാം. എന്നാൽ അതിനുള്ള ശ്രമം പുതിയ തലമുറയിൽ ഉണ്ടാകുന്നില്ല.
ഗർഭം അലസൽ, അകാല പ്രസവം, രക്തസമ്മർദ്ദം, മൂത്രാശയ രോഗങ്ങൾ എന്നിവ മാതാവിനുണ്ടാവും. ഹൃദയം, തലച്ചോർ, അംഗവൈകല്യങ്ങൾ എന്നിവ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം. 70 ശതമാനം ഗർഭകാല പ്രമേഹബാധിതരിലും ഭക്ഷണക്രമീകരണത്തിലൂടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാം.
പ്രമേഹത്തെ ആരോഗ്യപ്രശ്നം മാത്രമായി കാണാതെ, രോഗിയുടെ സമഗ്രാവസ്ഥയും അവലോകനം ചെയ്തുള്ള ചികിത്സാപദ്ധതി തയ്യാറാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണത്തോടെ കേരളത്തിൽ പ്രമേഹ നിയന്ത്രണ പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രമേഹ നിയന്ത്രണത്തിന്റെ ശാസ്ത്രീയവും നൂതനവുമായ ചികിത്സാ വിധികളുടെ പരിശീലനം നൽകും.
പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്കരോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തി ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കും.
നല്ല വ്യായാമത്തിലൂടെ, ചിട്ടയായ ജീവിതത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ, വ്യക്തികളും സമൂഹവും പ്രമേഹത്തെ പ്രതിരോധിക്കുകയെന്നതാണ് സർക്കാർ നയം. മാനസിക പിരിമുറുക്കവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രമേഹ രോഗത്തെ ചെറുക്കുക, ലഹരിയിൽ നിന്നും മുക്തി നേടുക അതിലൂടെ പ്രമേഹ നിയന്ത്രണത്തിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം.
പ്രമേഹ രോഗികൾക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ‘നയനാമൃതം പദ്ധതി’ 172 കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കും. ‘ഡയബറ്റിക് ഫൂട്ട്’ അല്ലെങ്കിൽ ഡയബെറ്റിസ് രോഗികൾക്കുണ്ടാകുന്ന കാലിലെ വ്രണം നേരത്തെ കണ്ടെത്തുന്നത്തിനായി 84 ആശുപത്രികളിൽ ബയോതിസിയോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളിൽ പ്രമേഹത്തിന്റെ എല്ലാ സങ്കീർണതകളും പരിശോധിക്കുന്നതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ തയ്യാറാക്കി 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ ഉൾപ്പെടയുള്ള എല്ലാ മരുന്നുകളും സൗജന്യമായി പ്രാഥമികാരോഗ്യ തലം മുതൽ ലഭ്യമാക്കുന്നു. 22 ലക്ഷത്തിലേറെപ്പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. പ്രമേഹം ബാധിച്ച ടി.ബി രോഗികൾക്കും, ഗർഭിണികൾക്കുണ്ടാകുന്ന പ്രമേഹത്തിനും വിദഗ്ദ്ധ ചികിത്സയും നൽകുന്നു.
ടൈപ്പ് 2 പ്രമോഹരോഗികൾക്ക് രോഗനിർണയ ശേഷം ആദ്യത്തെ അഞ്ചു വർഷം ശരീരഭാരം 10 ശതമാനം കുറയ്ക്കാനായാൽ പൂർണമായും മാറാറുണ്ട്. ഈ പ്രതിഭാസം ഡയബറ്റസ് റെമിഷൻ എന്നറിയപ്പെടുന്നു.
ഭക്ഷണത്തിൽ കലോറികൾ എടുക്കാൻ എളുപ്പവും അത് കത്തിച്ചുകളയാൻ പ്രയാസവുമാണ്. ലളിതമായി പറഞ്ഞാൽ ഒരു സമോസയിൽ 300 കലോറിയുണ്ട്. 100 കലോറി കത്തിക്കാൻ അര മണിക്കൂറെങ്കിലും നടക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് വേണ്ടത്.
ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകൾ, കൃത്യമായ രോഗനിർണയം എന്നിവയാണ് പ്രധാനം. കുറഞ്ഞ കലോറി ഭക്ഷണത്തിലൂടെ ശരീരഭാരം കുറയ്ക്കുക എന്നത് സുപ്രധാനമാണ്.
ചോറ് കിഴങ്ങുവർഗങ്ങൾ എന്നിവയടങ്ങിയ കാർബോ ഹൈഡ്രേറ്റ്സിന്റെ അളവ് കുറയ്ക്കണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
വേഗത്തിലുള്ള നടത്തം, ജോഗിംഗ്, ട്രഡ്മിൽ എന്നിവയ്ക്കായി ദിവസവും കുറഞ്ഞത് 30- 45 മിനിട്ട് നീക്കിവയ്ക്കണം. ആഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം. ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനാവും.
പ്രമേഹരോഗവും അനുബന്ധിച്ചുള്ള മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. മരുന്നുകളെ ഭയപ്പടേണ്ട കാര്യമേയില്ല. പ്രമേഹത്തിന് ഉപയോഗിക്കുന്ന പുതിയ മരുന്നുകൾക്ക് ഹൃദ്രോഗം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവ തടയാനുള്ള കഴിവുണ്ട്.