തിരുവനന്തപുരം: അതിശക്തമായ ഭരണവിരുദ്ധ വികാരമടക്കം എല്ലാ അനുകൂല സാഹചര്യമുണ്ടായിട്ടും ചേലക്കരയിൽ തോറ്റ് തുന്നംപാടിയ രമ്യാ ഹരിദാസ്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിന് തയ്യാറെടുത്ത് രംഗത്ത്.
തിരഞ്ഞെടുപ്പ് രംഗത്ത് യാതൊരു ഏകോപനവുമില്ലാതെ തോന്നിയപോലെ പ്രവർത്തിച്ചത് വിവാദമായതിന് പിന്നാലെ, തനിക്കുണ്ടായ പിഴവുകൾക്ക് ഖേദപ്രകടനവുമായി രമ്യ രംഗത്തെത്തി.
ചേലക്കരയിൽ വിജയം നേടാൻ സാധിക്കാതിരുന്നത് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഈ നീക്കങ്ങൾ. താൻ നടത്തിയത് വലിയ പോരാട്ടമായിരുന്നു എന്നും 2021ൽ ഇടതുമുന്നണി നേടിയ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ലെന്നും രമ്യ വിശദീകരിക്കുന്നു.
വ്യക്തിപരമായ പോരായ്മകൾ നികത്തി മുന്നോട്ടുപോവുമെന്നും ചേലക്കര പിടിച്ചെടുക്കുമെന്നുമുള്ള രമ്യയുടെ വാക്കുകൾ ഒന്നര വർഷത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ ചേലക്കരയിൽ തന്നെ മത്സരിക്കുമെന്നതിന്റെ സൂചനയാണ്.
തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോവുമെന്നും തിരുത്തലുകൾ വരുത്തുമെന്നും ഒറ്റക്കെട്ടായി ചങ്കുറപ്പോടെ പ്രവർത്തിക്കുമെന്നുമൊക്കെ രമ്യ പറയുന്നത് ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്.
പ്രചാരണ സമയത്ത് തന്നെ അവരുടെ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും പ്രാദേശിക നേതാക്കളെയടക്കം പരിഗണിക്കുന്നില്ലെന്നുമൊക്കെ എതിർപ്പ് ഉയർന്നിരുന്നതാണ്. എന്നാൽ അന്നൊന്നും അത് രമ്യ വകവച്ചില്ല. തിരുത്താൻ പാർട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല.
കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രമ്യയുടെ വിശദീകരണം പുറത്തുവന്നത്. ഭരിക്കുന്ന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളുപയോഗിച്ചെന്നും ഇടതിന് കൃത്യമായ മുൻതൂക്കവും സംഘടനാ സംവിധാനവും ചേലക്കരയിലുണ്ടെന്നും രമ്യ പറയുന്നത് പാർട്ടി നേതൃത്വത്തെ വിരൽചൂണ്ടുന്നതാണ്. 2021ലെ 40000 ഭൂരിപക്ഷം 12000 ആയി കുറയ്ക്കാൻ തനിക്ക് കഴിഞ്ഞെന്നാണ് രമ്യയുടെ അവകാശവാദം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫ് നേടിയ ഏക സീറ്റായിരുന്നു ആലത്തൂർ. അന്ന് സിറ്റിംഗ് എം.പിയായിരുന്ന രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ.രാധകൃഷ്ണൻ വിജയിച്ചത്.
ആറുമാസം മുൻപ് ജനം കൈയൊഴിഞ്ഞ സ്ഥാനാർത്ഥിയെ വീണ്ടും ചേലക്കരയിൽ കെട്ടിവച്ചതാണ് അവിടെ തോൽവിക്ക് കാരണമായത്. പ്രദേശിക നേതാക്കളിൽ നിന്ന് തുടക്കം മുതൽ എതിർപ്പുണ്ടായിരുന്നതാണ്.
രമ്യ ഹരിദാസ് മോശം സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് ഇത്രയേറെ കെട്ടുറപ്പോടെ പ്രചരണ രംഗത്തിറങ്ങിയിട്ടും സർക്കാരിനെതിരെ കടുത്ത ജനവികാരം ഉണ്ടായിട്ടും കൂടി വിജയിക്കാൻ സാധിക്കാതിരുന്നത് സ്ഥാനാർത്ഥിയുടെ പിഴവാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
രമ്യ ഹരിദാസ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉടൻ തന്നെ ചേലക്കരയിലേക്ക് രമ്യയെ വേണ്ടയെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചുവരെഴുത്ത് വായിക്കാത്ത കെ.പി.സി.സി നേതൃത്വവും ഈ തോൽവിക്ക് ഉത്തരവാദികളാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം വൻതോതിൽ കുറയ്ക്കാനായത് തന്റെ നേട്ടമായി രമ്യ ഉയർത്തിക്കാട്ടുമ്പോഴും ആറു മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ രമ്യയ്ക്ക് ലഭിച്ച വോട്ടിനേക്കൾ 2500 ലേറെ വോട്ട് കുറവാണ് ഇത്തവണ കിട്ടിയത്.
എൽ.ഡി.എഫും എൻ.ഡി.എയും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. രമ്യ മാത്രമായിരുന്നു പുറമെ നിന്നുള്ള സ്ഥാനാർത്ഥി. ഇതും തോൽവിക്ക് ഒരു കാരണമായി.
തിരുവില്വാമല പഞ്ചായത്ത് അംഗമായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി വരെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ കൂടുതൽ നേടിയപ്പോഴാണ് രമ്യയ്ക്ക് 2500ലേറെ വോട്ട് കുറഞ്ഞത്. ചേലക്കരയിലെ പ്രാദേശിക നേതാക്കളെയോ, ജില്ലയിലെ മറ്റ് നേതാക്കളെയോ പ്രചാരണത്തിൽ സജീവമാക്കാനോ ഏകോപിപ്പിക്കാനോ രമ്യയ്ക്ക് കഴിഞ്ഞില്ല.
ഡി.സി.സി പ്രസിഡന്റ് ഇല്ലാതെ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് താത്ക്കാലിക ചുമതല നൽകിയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. വി.കെ.ശ്രീകണ്ഠൻ തന്റെ സ്വന്തം സ്ഥലമായ പാലക്കാടാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആയിരുന്നു അവരുടെ മുഖ്യ അജൻഡ. തൃശൂരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മുഴുവൻ സമയം മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
പാലക്കാട്ടേക്കാൾ മികച്ചതായിരുന്നു ചേലക്കരയിലെ പ്രചാരണം. തോൽവിയെ കുറിച്ച് പഠിച്ച് തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞത്.