Advertisment

ഉരുൾദുരന്തമുണ്ടായ വയനാടിനെ കേന്ദ്രം കൈവിടില്ല. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് ഉടൻ. ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളും. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കില്ലെങ്കിലും സമാന സഹായം നൽകും. കേന്ദ്രസഹായം ഉറപ്പായതോടെ ഭൂമിയേറ്റെടുക്കൽ നടപടിക്കൊരുങ്ങി സംസ്ഥാനം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാരിന് ഇതുവരെ പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങാനായിരുന്നില്ല. കേന്ദ്രസഹായം ഉറപ്പായതോടെ, പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കൽനടപടികൾ ഈമാസം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.

New Update
pinarai vijayan nirmala sitaraman
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഉരുൾപൊട്ടൽ നാശംവിതച്ച വയനാടിനെ കേന്ദ്രസക്കാർ കൈവിടില്ല. പുനരധിവാസത്തിനടക്കമുള്ള സമഗ്രമായ രക്ഷാ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത് കേരളത്തിന് ഏറെ ആശ്വാസമായി.

Advertisment

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാരിന് ഇതുവരെ പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങാനായിരുന്നില്ല. കേന്ദ്രസഹായം ഉറപ്പായതോടെ, പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കൽനടപടികൾ ഈമാസം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.


ദുരന്തബാധിതർക്ക് വീടുകൾ വാഗ്‌ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കും. ലോകത്തിന് മാതൃകയാകുന്ന വിധത്തിൽ ചൂരൽമല-മുണ്ടക്കൈ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‌വ്യക്തമാക്കി.


എന്നാൽ പ്രളയകാലത്തെ റീ ബിൽഡ് കേരളയുടെ സ്ഥിതി ഈ പുനരധിവാസത്തിന് വരരുതെന്നാണ് പ്രതിപക്ഷത്തെ നേതാക്കൾ വിമർശിക്കുന്നത്. 

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട് സന്ദർശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരടങ്ങിയ സബ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും കേന്ദ്രപാക്കേജ് പ്രഖ്യാപിക്കുക.

കേരളം ആവശ്യപ്പെട്ടതു പ്രകാരം വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനിടയില്ല. പക്ഷേ, ആ തീവ്രതയിലുള്ള ദുരന്തത്തിന് നൽകുന്ന അത്രയും ധനസഹായം പുനരധിവാസത്തിന് ലഭ്യമാക്കും. 600 കുടുംബങ്ങൾക്ക് വീടും സ്ഥലവും ജീവനോപാധിയും കണ്ടെത്തേണ്ടത്. ഇതിനായി രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി.


സ്ഥലമെടുപ്പ്, നിർമ്മാണം, ജീവനോപാധികളുണ്ടാക്കൽ എന്നിവയാണ് ഉടനടി നടത്തേണ്ടത്. പുനരധിവാസത്തിന് 2250 കോടിയും നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്നാണ് കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ള കണക്ക്. ഇതിൽ എത്രത്തോളം തുക അനുവദിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.


കേന്ദ്രസഹായം കാത്തിരുന്ന് പുനരധിവാസനടപടികൾ വൈകിപ്പിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 1202 കോടി പ്രാഥമിക സഹായമായി ആവശ്യപ്പെട്ടതിന് പുറമേ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ് റിപ്പോർട്ടും കൈമാറി. അതിൽ റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയും കണക്കാക്കിയിട്ടുണ്ട്.

pinarai vijayan distress relief fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 658 കോടിയാണ് കിട്ടിയത്. നടപ്പു സാമ്പത്തിക വർഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നീക്കിവച്ചിട്ടുള്ളത് 388 കോടിയാണ്. ഇതിൽ 291 കോടി കേന്ദ്രത്തിൽ നിന്നുള്ള സഹായമാണ്.

വയനാട്ടിലേക്കാൾ താരതമ്യേന കുറഞ്ഞ ദുരിതം നേരിട്ട മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1036 കോടിയും അസമിന് 716 കോടിയും ഗുജറാത്തിന് 655.6 കോടിയും അനുവദിച്ചിരുന്നു. അതിനാൽ കേരളത്തിന് കാര്യമായ പാക്കേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ കൂടുതൽ കേന്ദ്രസഹായം കിട്ടുമായിരുന്നു. രാജ്യമെമ്പാടുമുള്ള എം.പി മാർക്ക് ഒരുകോടി രൂപവരെ നൽകാനാവും. നിലവിൽ സംസ്ഥാന സർക്കാർ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചതിനാൽ എം.പി മാരുടെ വികസനഫണ്ടിൽനിന്നും 25 ലക്ഷം രൂപവരെ നൽകാനാവും.


ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ലഭ്യമാവും. 2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും ഇത്തരത്തിൽ തീവ്രദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വയനാട്ടിലെ മൂന്ന് വില്ലേജുകളെ മാത്രമാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്നതിനാലാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവാത്തത്.

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനും പാക്കേജിൽ പ്രഖ്യാപനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പകൾ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളാൻ കേന്ദ്രത്തിന് അധികാരമുണ്ട്.

Advertisment