തിരുവനന്തപുരം: വിമാനത്തിലേതു പോലെ യാത്രാസുഖമുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് അനുവദിച്ചേക്കും. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കോ ചെന്നൈയിലേക്കോ ഒരെണ്ണവും ഉത്തരേന്ത്യയിലേക്ക് മറ്റൊരെണ്ണത്തിനുമാണ് സാദ്ധ്യത.
തീർത്ഥാടന സർക്യൂട്ടിൽ ഉൾപ്പെടുത്തി കന്യാകുമാരിയിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് മറ്റൊരു ട്രെയിനും കേരളം വഴി അനുവദിക്കാൻ ഇടയുണ്ട്. റൂട്ടുകൾ റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്.
ഡിസംബറിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്. രാജധാനി ട്രെയിനുകളുടെ മാതൃകയിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളായിരിക്കും സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടാവുക. സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തിലും മുന്നിലായിരിക്കും.
സുരക്ഷ ഉറപ്പിക്കാൻ അത്യാധുനിക സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും ഒരുമിപ്പിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്നതാണ്.
വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നത് ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) ആണ്. രാജ്യത്താകെ 400 വന്ദേ സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി.
നിലവിൽ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്.
സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന നിരക്കായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ. രാജധാനി എക്‌സ്‌പ്രസിന്റെ നിരക്കാകും അടിസ്ഥാനമാക്കുക. ലോകോത്തര നിലവാരമുള്ള ഇന്റീരിയറുകളും തീപിടിത്തം തടയുന്നതിന് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളും ട്രെയിനിന്റെ പ്രത്യേകതയാണ്. ജീവനക്കാർക്ക് പ്രത്യേക കാബിനും ഒരുക്കിയിട്ടുണ്ട്.
ഓരോ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനും 16 കോച്ചുകളുണ്ടാകും. അവയിൽ 11 എണ്ണം എ.സി. ത്രീ ടയർ കോച്ചുകൾ. 611 ബെർത്തുകൾ. നാല് കോച്ചുകൾ സെക്കന്റ് എ.സിയും, ഒരെണ്ണം ഫസ്റ്റ് ക്ലാസ് എ.സിയുമാണ്. ഇവയിൽ യഥാക്രമം 188ഉം, 24ഉം ബർത്തുകളുണ്ട്. ഒരു ട്രെയിനിൽ ആകെ 823 ബെർത്തുകളാണുള്ളത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 250 വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പർ കോച്ചുകൾ ട്രാക്കിലിറക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്.
സെൽഫ് - പ്രൊപ്പൽഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ക്ലാസ് ട്രെയിനുകൾ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നവയാണ്.
വന്ദേ ഭാരത് സ്ലീപ്പർ 160 കിലോമീറ്റർ വേഗതയുള്ള സെമിഹൈ സ്പീഡ് ട്രെയിനായിരിക്കും. 180 കിലോ മീറ്റർ വരെ പരീക്ഷണ ഓട്ടം നടത്തും.
സെൻസർ അധിഷ്ഠിത ലൈറ്റിംഗ്, രാത്രിയിൽ വഴി കാണാൻ ഇടനാഴികളിൽ സ്ട്രിപ്പുകൾ, വന്ദേ ഭാരതിലേതു പോലെ ഓട്ടോമാറ്റിക് വാതിലുകൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്ലറ്റ്, കുലുക്കം കുറയ്ക്കാൻ കോച്ചുകൾക്കിടയിൽ സെമിപെർമനന്റ് കപ്ലറുകൾ, കോച്ചുകൾക്കുള്ളിലെ നീക്കം എളുപ്പമാക്കാൻ സീൽ ചെയ്ത ഗ്യാങ്‌വേകൾ എന്നിവ കോച്ചുകളുടെ പ്രത്യേകതയാണ്.
പതിനാറ് കോച്ചുള്ള ട്രെയിനിൻ്റെ എൻജിനുൾപ്പെടെ 67.5 കോടി രൂപയാണ് ചെലവ്. സ്വകാര്യ കമ്പനി 120 കോടി രൂപയ്ക്ക് നിർമ്മിച്ച് നൽകുന്ന ട്രെയിൻ സെറ്റുകളാണ് അതിന്റെ പകുതി ചെലവിൽ ബിഇഎംഎൽ നിർമ്മിക്കുന്നത്.
ബോഗികൾ നിർമ്മിച്ചിരിക്കുന്നത് ഓസ്റ്റനിറ്റിക് സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ്. ഉയർന്ന ഗുണനിലവാരമുള്ള ഉരുക്കാണിത്. 8 ശതമാനത്തിലധികം നിക്കൽ കണ്ടന്റുണ്ട് ഈ ഉരുക്കിൽ. ഇതിൻ്റെ നിർമ്മാണം ഉയർന്ന തരത്തിൽ തുരുമ്പ് പ്രതിരോധശേഷി നൽകുന്ന മെക്കാനിക്കൽ പ്രോപ്പർട്ടീസ് ഉപയോഗിച്ചാണ്.
കൂട്ടിയിടിയിൽ പോലും സംരക്ഷണം നൽകുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഓരോ കോച്ചിലുമുള്ളത്. കൂട്ടിയിടിയിലും സംരക്ഷണം നൽകുന്ന ക്രാഷ് ബഫറുകളാലും ആന്റി ക്ലൈംബറുകളാലും സുരക്ഷിതമാണ് കാബുകളെല്ലാം.
തുടർച്ചയായ സുരക്ഷാ അനാലിസിസ് ഈ ട്രെയിനിലെ കോച്ചുകളെല്ലാം വിധേയമായിക്കൊണ്ടിരിക്കും. ഇതിനായി ഒരു ബ്ലാക് ബോക്സ് സംവിധാനം ക്രമീകരിച്ചിരിക്കുന്നു. ഫയർ ഡിറ്റക്ഷൻ സംവിധാനം കോച്ചുകളിലെല്ലാമുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ 15 മിനിറ്റിനുള്ളിൽ സുരക്ഷാപരമായ പ്രതികരണം റെയിൽവേ സംവിധാനങ്ങളിൽ നിന്ന് ഉണ്ടാകുന്ന തരത്തിലുള്ള സാങ്കേതിക ക്രമീകരണവും ഉണ്ട്.
നമ്മുടെ ട്രെയിനുകളൊന്നും തന്നെ ഭിന്നശേഷിക്കാർക്ക് കയറാനുമിറങ്ങാനും സാധിക്കുന്ന തരത്തിലുള്ളവയല്ല. അകത്ത് കയറിയാൽ അവർക്ക് ഇരിക്കാനോ കിടക്കാനോ ഒരു മാർഗ്ഗവുമില്ലാത്ത ഡിസൈനാണ് ട്രെയിനിലേത്.
എന്നാൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്ലറ്റുകളുണ്ടാകും. ചില ബർത്തുകളും ഭിന്നശേഷിക്കാർക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യും.
ഓട്ടോമാറ്റിക് ഡോറുകൾ നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകൾക്ക് ഉള്ളതുപോലെ സ്ലീപ്പർ വന്ദേ ഭാരതിലും ഉണ്ടായിരിക്കും. സെൻസറുകളുള്ള ഡോറുകളായിരിക്കും ചേർക്കുക. ഇത് യാത്രക്കാർ ഡോറിനിടയിൽ കുടുങ്ങാതിരിക്കാൻ സഹായിക്കും.
ഉയർന്ന നിലവാരമുള്ള നിർമ്മാണ സാമഗ്രികളാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. ജിഎഫ്ആർപി പാനലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇന്റീരിയർ കാഴ്ചയിലും സുരക്ഷയിലും ഉയർന്ന മേന്മ പ്രദാനം ചെയ്യുന്നു. യുഎസ്ബി ചാർജിങ്, റീഡിങ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഓരോ ബർത്തിലും ഉണ്ടായിരിക്കും.
വന്ദേ ഭാരത് സ്ലീപ്പറിലെ യാത്രക്കാർക്ക് ചൂടുവെള്ളത്തിൽ കുളിക്കണമെങ്കിൽ അതിനുള്ള സംവിധാനവും ഉണ്ടായിരിക്കും. ഫസ്റ്റ് ഏസി കോച്ചുകളിലാണ് ഈ സംവിധാനം ഉണ്ടാവുക. മികവുള്ള പാൻട്രി കാർ സംവിധാനമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ. ലഗ്ഗേജുകൾ സൂക്ഷിക്കുക എന്നത് നിലവിൽ വലിയ പ്രയാസമുള്ള കാര്യമാണ്. വന്ദേ ഭാരത് സ്ലീപ്പറിൽ ഇതിനായി ധാരാളം സ്പേസ് ഉണ്ടായിരിക്കും.
രാജധാനി എക്സ്പ്രസ് ട്രെയിനുകളുടെ നിലവാരം മറികടന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് അധിക കുഷ്യനിംഗുള്ള ബെർത്തുകളിൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ പ്രതീക്ഷിക്കാം.
സുഖകരമായ യാത്ര ഉറപ്പാക്കാൻ ഓരോ ബർത്തിന്റെയും വശങ്ങൾ നന്നായി കുഷ്യൻ ചെയ്തിരിക്കും. കൂടാതെ, മുകളിലേക്കും മിഡിൽ ബെർത്തിലേക്കും എളുപ്പത്തിൽ പ്രവേശിക്കാൻ പ്രത്യേകം ഡിസൈൻ ചെയ്ത ഗോവണികളുമുണ്ടാകും.