തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെ സിപിഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. 2015 ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തനിയ്ക്ക് എതിരെ പ്രമേയം അവതരിപ്പിച്ചതിൻ്റെ പേരിൽ വി എസ് അച്യുതാനന്ദൻ വേദിയില്‍നിന്ന് ഇറങ്ങിപ്പോയ സംഭവത്തിന് ശേഷം നടന്ന പാർട്ടി സമ്മേളനങ്ങളിൽ ഒരിടത്തും കാര്യമായ വിഭാഗീയത പ്രകടമായിരുന്നില്ല.
എന്നാൽ ഒരു കാലത്തിനിപ്പുറം ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്ത് തന്നെ വിഭാഗീയത രൂക്ഷമാവുകയും പരസ്യ പോർവിളിയിലേയ്ക്ക് എത്തുകയും ചെയ്യുന്ന കാഴ്ചകളാണ് കരുനാഗപ്പള്ളിയിൽ കണ്ടത്. എന്നാൽ കാര്യങ്ങൾ അവിടെ മാത്രമല്ല ഇപ്പോൾ ആലപ്പുഴയിലും പത്തനംതിട്ടയിലും പാർട്ടിയിലെ ചേരിതിരിവ് രൂക്ഷമാകുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ.
/sathyam/media/media_files/2024/11/30/0lcuRXopEnks3PTEbLv5.jpg)
പത്തനംതിട്ട ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തുകയും പിന്നീട് നിർത്തിവെയ്ക്കുകയും ചെയ്തു.
പീഡനക്കേസ് പ്രതിയായ പ്രാദേശിക പാർട്ടി നേതാവ് സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടതാണ് അവിടെ സംഘർഷത്തിലെത്തിയത്.
ആലപ്പുഴയിൽ ആകട്ടെ മുതിർന്ന പാർട്ടി നേതാവ് ജി സുധാകരനെ പൂർണ്ണമായും അവഗണിക്കുകയാണ് പാർട്ടി. ജി.സുധാകരനെ ഒഴിവാക്കിയാണ് അമ്പലപ്പുഴ ഏരിയാ സമ്മേളനം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും സുധാകരനെ ക്ഷണിച്ചില്ല. അദ്ദേഹത്തിൻ്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
/sathyam/media/media_files/Y8ImFYT139bIK9TeYLsN.jpg)
നേരത്തേ സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് കള്ള റിപ്പോർട്ട് ഉണ്ടാക്കിയാണെന്ന ജി. സുധാകരന്റെ പ്രസ്താവന പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. മാത്രമല്ല സുധാകരന്റെ പല തുറന്നു പറച്ചിലും പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എന്നതുകൊണ്ട് തന്നെയാണ് സുധാകരനെ വെട്ടിനിരത്താൻ ഒരു വിഭാഗം ശ്രമിക്കുന്നത്.
ഇതിനെതിരെ പരസ്യ പ്രതികരണവുമായി ജി സുധാകരൻ രംഗത്ത് വന്നാൽ അത് വലിയ വിവാദങ്ങൾക്ക് ആവും ഈ സമ്മേളനകാലയളവിൽ വഴിയിടുക. സേവ് സിപിഎം’ എന്ന മുദ്രാവാക്യം ഉയർത്തി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ഒരു വിഭാഗം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം പാർട്ടി നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മിലടിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് നേതൃത്വം. പാർട്ടി സമ്മേളനത്തിൽ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാവുക പതിവാണെങ്കിലും അതൊന്നും പരസ്യ പ്രതിഷേധത്തിലേക്കും പോരിലേക്കും എത്തുക കഴിഞ്ഞ സമ്മേളന കാലയളവിലൊന്നും കണ്ടുവരാത്ത പ്രവണതയാണ്.
അതാണ് ഇപ്പോൾ പലയിടത്തും പ്രകടമാകുന്നത്. ഇനിയങ്ങോട്ട് സമ്മേളനം പുരോഗമിക്കുന്ന ഓരോ ജില്ലയിലും വിഭാഗീയത എത്രത്തോളം രൂക്ഷവും പരസ്യവും ആകുന്നു എന്നതാണ് കാണാനിരിക്കുന്നത്.