/sathyam/media/media_files/2024/12/15/KwnLphjlVNqVFgpYZetz.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഇളവ് വേണമെന്ന സംസ്ഥാന സർക്കാരിൻെറ ആവശ്യം വീണ്ടും തളളി കേന്ദ്രസർക്കാർ.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുന്ന പണം വായ്പയായി കണക്കാക്കിയാൽ പലിശയടക്കം തിരികെ നൽകേണ്ടി വരും എന്നും ഇത് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും കാണിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും കേന്ദ്രനിലപാടിൽ മാറ്റമൊന്നുമില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മുസ്ലിം ലീഗിൻെറ രാജ്യസഭാ പ്രതിനിധി ഹാരിസ് ബീരാൻെറ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
/sathyam/media/media_files/2024/12/15/RfApQqPBWo0SkPfvEhg6.jpg)
തൂത്തൂക്കൂടി തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകിയ മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
തുത്തുക്കുടി സർക്കാർ ഉടമസ്ഥതയിലുളള തുറമുഖം ആണെന്നതാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്ന ന്യായം. വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിച്ചാൽ ലാഭവിഹിതം പങ്കു വയ്ക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്നും ഹാരിസ് ബീരാൻെറ ചോദ്യത്തിന് നൽകിയ മറുപടിയിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു.
വിഴിഞ്ഞം പദ്ധതി സ്വകാര്യ സംരംഭം അല്ലെന്നും, വിഴിഞ്ഞത്ത് നിന്നുള്ള കസ്റ്റംസ് ഡ്യൂട്ടി അടക്കം കേന്ദ്ര സർക്കാരിനാണ് ലഭിക്കുന്നതെന്നും സംസ്ഥാന തുറമുഖ മന്ത്രി വി.എൻ.വാസവൻ പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്നുള്ളതാണ് കേരളത്തിൻറെ ആവശ്യം.
/sathyam/media/media_files/eAIOrgj3zTG22Pexogfv.jpg)
വയബിലിറ്റി ഗ്യാപ് ഫണ്ട് ഗ്രാൻറായി അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെൻറിൽ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ലാഭവിഹിതത്തിന്റെ 80% സംസ്ഥാനത്തിനും 20% കേന്ദ്രത്തിനും നൽകണമെന്നതാണ് കേന്ദ്രം മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ. ഈ വ്യവസ്ഥയിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തെ സംസ്ഥാനത്തെ കത്ത് മുഖേന അറിയിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വരികയും ചെയ്തു.
വിഴിഞ്ഞത്തെ വിജിഎഫിൻെറ കാര്യത്തിലുളള കേന്ദ്ര തീരുമാനം നാളിതുവരെ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തി വന്ന നയത്തില്‍ നിന്നുള്ള വ്യതിയാനമാണെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒറ്റത്തവണ ഗ്രാന്‍റായി നല്‍കുന്നതാണ്. വായ്പയായി പരിഗണിക്കേണ്ടതല്ല.
/sathyam/media/media_files/VUumhjy5THFjCuwUbX6D.jpg)
കേന്ദ്ര വിഹിതം 817.80 കോടി രൂപയും സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. സംസ്ഥാന വിഹിതം സർക്കാർ നേരിട്ട് അദാനി പോര്‍ട്ടിന് നല്‍കും.
കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്‍റെ ഇരുപതു ശതമാനം വെച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം എന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us