Advertisment

രാജ്യത്തിന്റെ അഭിമാനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഹൈടെക്ക് കോപ്പിയടിയും ആൾമാറാട്ടവും നടത്തി ജോലി നേടാനാവുമോ. വമ്പൻ തട്ടിപ്പുമായി ഹരിയാന സംഘം. സാമ്പത്തിക, സാങ്കേതിക സഹായം നൽകാൻ പുറമെനിന്ന് ആളുണ്ടെന്ന് പോലീസ്. ആസൂത്രകരെയും സഹായിച്ചവരെയും തേടി കേന്ദ്ര ഏജൻസികളും. തിരുവനന്തപുരത്ത് നടന്നത് രാജ്യത്തെ നടുക്കിയ പരീക്ഷാ തട്ടിപ്പ്

വയറ്റിൽ ബെൽറ്റ് കെട്ടി മൊബൈൽ ഫോൺ ഒളിപ്പിച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റും സ്മാർട് വാച്ചും റിമോട്ടും ഉപയോഗിച്ച് നടത്തിയ ഹൈടെക്ക് കോപ്പിയടി ആസൂത്രണം ചെയ്തത് ഹരിയാനയിലെ കോച്ചിംഗ് സെന്ററിലാണെന്ന് പോലീസ് കണ്ടെത്തി

New Update
Screenshot 2023-08-22 075216.jpg

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഹൈടെക്ക് കോപ്പിയടിയും ആൾമാറാട്ടവും നടത്തി ജോലി നേടാനാവുമോ. ഇങ്ങനെ ജോലി നേടാൻ പഴുതടച്ച തട്ടിപ്പുമായി ഹരിയാനയിൽ നിന്ന് എത്തിയ സംഘത്തെ പോലീസ് പിടികൂടിയപ്പോഴാണ് രാജ്യത്തെ നടുക്കിയ വമ്പൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

Advertisment

തട്ടിപ്പ് വെളിപ്പെട്ടതോടെ പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്. തട്ടിപ്പ് സംഘത്തിന് സാങ്കേതിക, സാമ്പത്തിക സഹായം നൽകിയത് പുറമെ നിന്നുള്ളവരാണെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താൻ ഐ.ബി അടക്കം കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബഹികാരാശ ഗവേഷണ സ്ഥാപനമായതിനാൽ ഇത്തരം തട്ടിപ്പുകളിലൂടെ മറ്റ് ബന്ധങ്ങളുള്ളവർ ജോലിയിൽ കയറിക്കൂടാൻ ശ്രമിക്കുമോയെന്ന് കേന്ദ്രഏജൻസികൾക്ക് ആശങ്കയുണ്ട്. അതിനാലാണ് പഴുതടച്ച അന്വേഷണം.

ഹൈടെക്ക് കോപ്പിയടിയും ആൾമാറാട്ടവും നടത്തിയ ഹരിയാന സംഘത്തിലെ 5പേർ ഇതിനകം അറസ്റ്റിലായി. 2പേർ കസ്റ്റഡിയിലുണ്ട്. തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സൈബർ അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന് ഹരിയാന പോലീസിന്റെ സഹായവും തേടി. വയറ്റിൽ ബെൽറ്റ് കെട്ടി മൊബൈൽ ഫോൺ ഒളിപ്പിച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റും സ്മാർട് വാച്ചും റിമോട്ടും ഉപയോഗിച്ച് നടത്തിയ ഹൈടെക്ക് കോപ്പിയടി ആസൂത്രണം ചെയ്തത് ഹരിയാനയിലെ കോച്ചിംഗ് സെന്ററിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.  

സെന്റർ നടത്തിപ്പുകാരനാണ് ആസൂത്രകൻ. കോപ്പിയടിക്ക് പിന്നിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വൻ റാക്കറ്റാണെന്നാണ് പോലീസ് നിഗമനം. കൂടുതൽ പേർ കോപ്പിയടിച്ചതായി സംശയിക്കുന്നു. മറ്റ് പരീക്ഷകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെടാനിടയുള്ളതിനാലാണ് ഹരിയാന പോലീസിന്റെ സഹായംതേടിയത്.

തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളിൽ ഞായറാഴ്ച നടത്തിയ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ എ പരീക്ഷകളാണ് വി.എസ്.എസ്.സി. റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി വി.എസ്.എസ്.സി. വെബ്സൈറ്റിലൂടെ അപേക്ഷകരെ അറിയിക്കും. പരീക്ഷ റദ്ദാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ വി.എസ്.എസ്.സിക്ക് ശുപാർശ നൽകിയിരുന്നു.

മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽകോളേജ് സ്റ്റേഷനുകളിലാണ് കേസ്. ഉത്തരേന്ത്യക്കാർ കൂടുതലായി എഴുതുന്ന പരീക്ഷയുടെ നടത്തിപ്പിൽ വീഴ്ചയുണ്ടായെന്നാണ് പോലീസ് വിലയിരുത്തൽ. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഹരിയാനക്കാർ കോപ്പിയടി നടത്തുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് വി.എസ്.എസ്.സിക്കും പരീക്ഷാകേന്ദ്രങ്ങളിലും കൈമാറിയിരുന്നു. ഇൻവിജിലേറ്റർമാരുടെ ശ്രദ്ധക്കുറവും തട്ടിപ്പുകാർ മുതലെടുത്തു.

കഴിഞ്ഞ വർഷം ചെന്നൈ നണ്ടംപാകത്ത് ഡിഫൻസ് സർവീസ് സി ഗ്രൂപ്പ്‌ പരീക്ഷയിൽ കോപ്പിയടിച്ച 29 ഹരിയാനക്കാർ പിടിയിലായിരുന്നു. ഇതിന്‌ സമാനമായ കോപ്പിയടിയാണ്‌ വി.എസ്‌.എസ്‌.സിയിലും നടന്നിരിക്കുന്നതെന്ന്‌ പൊലീസ്‌ പറയുന്നു.

isro
Advertisment