തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേയ്ക്ക് വി.വി രാജേഷിന് സാധ്യതയേറി, ആർ ശ്രീലേഖ ഡെ.മേയറാകും.  ആർഎസ്എസ് തീരുമാനം കാത്ത് ബിജെപി

കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ എൻഡിഎ ഇത്തവണ ഒന്നാം നിരയിലേക്ക് എത്തി. നില മെച്ചപ്പെടുത്താൽ കോൺഗ്രസിനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം

New Update
rajesh

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേയ്ക്ക് പ്രചാരണം ആരംഭിച്ച സമയത്തുതന്നെ ബിജെപി സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവായ വി വി രാജേഷിന്റെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖയുടെയും പേരുകളാണ്  ഉയർന്നുവന്നിരുന്നത്. 

Advertisment

bjp

എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും പരിചയസമ്പത്തും രാജേഷിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.

 നിലവിൽ ആർഎസ്എസിൽ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണ് ബിജെപി. ഡെപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് ആർ ശ്രീലേഖയും ജി എസ് മഞ്ജുവുമാണ് പരിഗണനയിലുള്ളത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ബിജെപിയുടെ മുന്നേറ്റം.

50 സീറ്റ് നേടിയ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവാണുള്ളത്. കഴിഞ്ഞ തവണ 34 ഉണ്ടായിരുന്ന സീറ്റ് നിലയിൽ നിന്നായിരുന്നു ബിജെപിയുടെ കുതിച്ചുചാട്ടം.

bjp


101 ഡിവിഷനുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. 

വിജയിച്ച സ്വതന്ത്രന്മാരുടെ നീക്കം തിരുവനന്തപുരത്ത് നിർണായകമാകും. കണ്ണമൂലയിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന പാറ്റൂർ രാധാകൃഷ്ണനും പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതനായ സുധീഷ് കുമാറുമാണ് ജയിച്ച സ്വതന്ത്രർ. തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞവും മുന്നണികൾക്ക് സുപ്രധാനമാണ്.

ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന കോർപ്പറേഷൻ ഇത്തവണ എൻഡിഎക്കൊപ്പം നിൽക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. എൽഡിഎഫ് സീറ്റ് നില 51ൽ നിന്ന് 29ലേക്കാണ് ഇടിഞ്ഞത്. 

കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ എൻഡിഎ ഇത്തവണ ഒന്നാം നിരയിലേക്ക് എത്തി.

നില മെച്ചപ്പെടുത്താൽ കോൺഗ്രസിനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 10 സീറ്റുകളിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ 9 സീറ്റ് അധികം നേടി 19ലേക്കെത്തി.

Advertisment