ആലപ്പുഴ: മകനെതിരെ ഏക്സൈസ് കഞ്ചാവ് കേസ് എടുത്തിട്ടില്ലെന്ന കായംകുളം എം.എൽ.എ യു. പ്രതിഭയുടെ വാദം പൊളിയുന്നു.
കേസ് സംബന്ധിച്ച എക്സൈസിൻെറ എഫ്.ഐ.ആറാണ് എം.എൽ.എയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് തെളയിക്കുന്നത്.
എക്സൈസിൻെറ എഫ്.ഐ.ആറിൽ യു.പ്രതിഭയുടെ മകൻ കനിവ് (21) ഒൻപതാം പ്രതിയാണ്. കനിവ് ഉൾപ്പടെ ഒൻപതുപേരെ കുട്ടനാട് റേഞ്ച് എക്സൈസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് സംഘം ഇന്നലെയാണ് പിടികൂടിയത്.
കുറഞ്ഞയളവിലുളള കഞ്ചാവാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിനാൽ ആൾ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് യു.പ്രതിഭ ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്.
വ്യാജവാർത്തയുടെ പേരിൽ ഏഷ്യാനെറ്റ്, ട്വന്റിഫോർ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു.
എൻഡിപിഎസ് ആക്ട് 25b,27b എന്നീ വകുപ്പുകൾ പ്രകാരമാണ് യു.പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ എക്സൈസ് കേസ് എടുത്തിരിക്കുന്നത്.
കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ് എടുത്തതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, നടുഭാഗത്ത് സുഷിരമിട്ട പ്ലാസ്റ്റിക് കുപ്പി,പപ്പായയുടെ പച്ച തണ്ട് എന്നിവ പിടിച്ചെടുത്തതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തത് എന്നതിനാൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
എം.എൽ.എയുടെ അധിക്ഷേപത്തിനും വ്യാജ ആരോപണത്തിനും എതിരെ വാർത്തയുടെ നിജസ്ഥിതി തെളിയിക്കുന്ന എഫ്.ഐ.ആർ പുറത്തുവിട്ടിട്ടും വീണ്ടും യു.പ്രതിഭ മാധ്യമങ്ങൾക്കെതിരെ രംഗത്ത് വന്നു.
പറഞ്ഞത് സ്ഥാപിക്കാൻ മാധ്യമങ്ങൾ വീണ്ടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് പ്രതിഭയുടെ ആരോപണം. മകൻ കൂട്ടത്തിൽ ഇരിക്കുമ്പോൾ സിഗരറ്റോ മറ്റൊ വലിച്ചതിൻെറ പേരിലാകും കേസ് എടുത്തിരിക്കുന്നത്.
ചാനലുകളുടെ റേറ്റിങ്ങ് വർദ്ധിപ്പിക്കാൻ റിപോർട്ടർമാർ സ്വന്തം വീട്ടിലെ അമ്മയേയോ സഹോദരിയയോപറ്റി വാർത്ത കൊടുക്കുന്നതാണ് നല്ലതെന്നും പ്രതിഭ പരിഹസിച്ചു.
എക്സൈസ് എവിടെയും നൽകിയിട്ടില്ലാത്ത എഫ്.ഐ.ആർ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടി എന്നും യു.പ്രതിഭ എം.എൽ.എ ചോദിക്കുന്നു.
വാർത്ത ശരിയാണെന്ന് തെളിയിക്കാൻ പാവപ്പെട്ട സ്ത്രീയേയും മകനെയും അപമാനിക്കുകയാണെന്നും പ്രതിഭ ആരോപിച്ചു. ഇത് ചെയ്ത റിപോർട്ടർമാർ ചെറ്റത്തരം കാണിക്കുകയാണെന്നും പ്രതിഭ അധിക്ഷേപിച്ചു.
ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് തകഴി വിരിപ്പാലയിൽ നിന്ന് കഞ്ചാവുമായി യു.പ്രതിഭ യുടെ മകൻ കനിവ് ഉൾപ്പടെ ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
ആദ്യം 90 ഗ്രാം കഞ്ചാവുമായി പിടിയിലായി എന്നാണ് വാർത്ത വന്നത്. എന്നാൽ എക്സൈസ് എഫ്.ഐ.ആറിൽ 3 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്.