യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ തലമുറ മാറ്റത്തിൻ്റെ സൂചന നൽകി വി.ഡി സതീശൻ. 50 ശതമാനം സീറ്റ് യുവാക്കൾക്കും വനിതകൾക്കും. പിണറായിക്ക് ഭരണ വിരുദ്ധ വികാരം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻ്റ് തീരുമാനിക്കും.

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ വലിയ മുന്നേറ്റമാണ് തദ്ദേശത്തിരഞ്ഞെടുപ്പിൽ യു.ഡി.എഫുണ്ടാക്കിയത്.

New Update
satheesan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ തലമുറ മാറ്റത്തിൻ്റെ സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 

Advertisment

50 ശതമാനം സീറ്റ് വനിതകൾക്കും യുവാക്കൾക്കും നൽകുമെന്നും അതിന് ഒരു പാട് പേരെ കണ്ടെത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

മുഖ്യധാരാ രാഷ്ട്രീയത്തിൽ യു.ഡി.എഫിനൊപ്പം ചെറുപ്പക്കാരായ നേതാക്കളുണ്ട്. ശക്തരായ രണ്ടാം നിരയും മൂന്നാം നിരയും പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫിന് കൂട്ടായ നേതൃത്വമാണുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം നടപടി ക്രമങ്ങൾ പാലിച്ച് എ.ഐ.സി.സി മുഖ്യമന്ത്രിയെ തീരുമാനിക്കും.

എൽ.ഡി. എഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നണിക്കുണ്ടായ ഭരണ വിരുദ്ധ വികാരത്തിന് പിന്നിലുള്ളത്. 

എൽ.ഡി.എഫിൻ്റെ ക്യാപ്റ്റനായി അറിയപ്പെടുന്ന പിണറായിയാണ് നിലവിൽ അവരുടെ ഏറ്റവും വലിയ ആശങ്ക. കടുത്ത ഭരണ വിരുദ്ധ വികാരമാണ് സർക്കാരിന് എതിരായുള്ളത്. 

സർക്കാരിനെതിരായ കുറ്റപത്രവുമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രംഗത്തിറങ്ങിയത്. 

ശബരിമല സ്വർണ്ണക്കൊള്ളയടക്കം ഉന്നയിച്ച് രംഗത്തിറങ്ങിയ മുന്നണി ഒരു ടീമായാണ് പ്രവർത്തിച്ചത്. 

ഒരു വർഷം മുമ്പ് തന്നെ മിഷൻ 2025നുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ വലിയ മുന്നേറ്റമാണ് തദ്ദേശത്തിരഞ്ഞെടുപ്പിൽ യു.ഡി.എഫുണ്ടാക്കിയത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ സമാഹരിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങൾ പാളി. 

പിന്നീട് ഭൂരിപക്ഷ പ്രീണനത്തിനായിരുന്നു ശ്രമം. അതും പാളി. വിഭജന രാഷ്ട്രീയത്തെ എതിർത്ത് മതേതരത്വം ഉയർത്തിയാണ് യു.ഡി.എഫ് നിലകൊണ്ടത്. 

അതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടായത്. തിരുവനന്തപുരം കോർപ്പറേനിൽ എൽ.ഡിഎഫിനുണ്ടായ തിരിച്ചടിയാണ് ബി.ജെ.പിയുടെ സീറ്റ് കൂട്ടിയത്. 

യു.ഡി.എഫ് കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയായി സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു.

സി.പി.എം - ബി.ജെ.പി അന്തർധാര സജീവമാണെന്നും കേന്ദ്ര ഏജൻസികൾ കേരളത്തിൽ വരുമ്പോൾ പത്തിമടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു.

Advertisment