/sathyam/media/media_files/3rLUd5ETrs92LFwiQQDz.jpg)
കോട്ടയം: മുടങ്ങിക്കിടക്കുന്ന ശബരി റെയില്‍പാതയ്ക്കു മൂന്നാം മോദി സര്‍ക്കാര്‍ ജീവന്‍ പകരുമോ ? ശബരി റെയില്‍പാത യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ യാത്രാ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മറികടക്കാന്‍ സാധിക്കും. എന്നാല്‍, പദ്ധതിക്കു തുടക്കമിട്ടു കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും പാത ഇന്നും തുടങ്ങിയെടുത്തു തന്നെ നില്‍ക്കുകയാണ്.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ശബരി റെയില്‍പാതയ്ക്കു പുതു ജീവന്‍ നല്‍കുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവരിലാണു ജനങ്ങളുടെ പ്രതീക്ഷ. ബി.ജെ.പിയുടെ അഭിമാന പ്രശ്‌നം കൂടിയാണ് ശബരി റെയില്‍പാത. ശുഭകരമായ തീരുമാനം കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണ്.
1997ല്‍ അങ്കമാലി ശബരിപാത വിഭാവനം ചെയ്യുമ്പോള്‍ രണ്ടാം ഘട്ടമായി എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നീട്ടണം എന്നായിരുന്നു നിര്‍ദേശം. ഇതുമൂലം ലക്ഷക്കണക്കിനു ശബരിമല തീര്‍ഥാടകര്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം മധ്യതിരുവിതാംകൂറിന്റെ കിഴക്കേ ഭാഗത്തെ നിരവധി ജനങ്ങള്‍ക്കു പ്രയോജനപ്രദം ആകുമെന്ന് സ്വപ്‌നമുണ്ടായിരുന്നു.
ഈ ഭാഗത്തു കൂടിയുള്ള റോഡ് ഗതാഗതം സുഗമമാക്കാനും സാധിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. മാത്രമല്ല കേരളത്തിലെ പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു തീര്‍ഥാടന പാതയും ലക്ഷ്യമിട്ടിരുന്നു. അന്നു നിലക്കല്‍ വരെ എത്തുമായിരുന്ന പാതയ്ക്കു തടസം നിന്നതു വനം വകുപ്പാണ്.
അതു മൂലം അങ്കമാലി എരുമേലി പാതയായി വെട്ടിച്ചുരുക്കി. കാലതാമസം മൂലം ആദ്യമുണ്ടായിരുന്ന എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നു. ഏറ്റവും അവസാനം 2022 ല്‍ റെയില്‍വേ മന്ത്രാലയം കേരള റെയില്‍ കോര്‍പറേഷനോട് പുതുക്കിയ എസ്റ്റിമേറ്റ് നല്‍കുവാനും ആവശ്യപ്പെട്ടു. പക്ഷേ, പാതയുടെ കാര്യത്തില്‍ കാര്യമായ നീക്കുപോക്കുകള്‍ ഉണ്ടായില്ലെന്നു മാത്രം.
പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ഥാടകര്‍ക്കു പുറമെ ഈ റെയില്‍വെ പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ക്കും വളരെയധികം ഉപകാരപ്രദമാണ്.
തീര്‍ത്തും കാര്‍ഷിക മേഖലയായ ഈ ഭാഗങ്ങളില്‍ നിന്നും ചരക്കുകള്‍ കയറ്റിവിടാനും, ഇറക്കുമതി ചെയ്യുവാനും വളരെയധികം എളുപ്പമാണ്. ഇവിടെ ഉല്‍പ്പാദിക്കുന്ന കാര്‍ഷിക വിളകള്‍ ഉപഭോക്താക്കളില്‍ വളരെ വേഗം എത്തിക്കുവാനാകും.
അതുപോലെ തന്നെ ഈ പാത എരുമേലിയില്‍ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, കോന്നി, പുനലൂര്‍, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക് എത്തിച്ചാല്‍ അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പോലെ ഒരു സമാന്തര പാതയായി പുതിയൊരു റെയില്‍വേ ലൈന്‍ തന്നെ ഉണ്ടാകും.
തീര്‍ഥാടന, വാണിജ്യ, ടൂറിസം മേഖലകളില്‍ വിസ്‌ഫോടനം തീര്‍ക്കുവാന്‍ കഴിയുന്ന ഒരു വികസന സങ്കല്‍പ്പമായിരുന്നു ശബരിപ്പാത. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ഈ പദ്ധതിക്കു പുതു ജീവന്‍ നൽകാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.