ആർ.എസ്.എസ് നേതാക്കളെ മാത്രമല്ല രാഹുൽഗാന്ധിയെയും കണ്ടിട്ടുണ്ടെന്ന് ഡിജിപിയോട് എ.ഡി.ജി.പി അജിത്. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി പരിചയപ്പെടുന്നത് തന്റെ പതിവ്. ലക്ഷ്യം പരിചയപ്പെടൽ മാത്രം. ഗുരുതര ചട്ടലംഘനമെന്നും അജിത്തിന് ആർ.എസ്.എസുകാരെ കാണേണ്ട കാര്യമില്ലെന്നും ഡിജിപി. മലപ്പുറം വിവാദം തണുപ്പിക്കാൻ ആ‌ർ.എസ്.എസ് കൂടിക്കാഴ്ചയിൽ അജിത്തിനെ നീക്കിയേക്കും

New Update
UTZs1kNBFqznTBYuQTAO
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച വിഷയങ്ങളിൽ ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ നടപടി ഇന്നുണ്ടായേക്കാൻ സാദ്ധ്യത. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്.

Advertisment

അജിത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിജിപി കണ്ടെത്തിയതായാണ് സൂചന. ഇന്നലെ രാത്രിയോടെ ഡിജിപി റിപ്പോർട്ടിന്റെ അന്തിമരൂപമുണ്ടാക്കി. ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ ഇന്റലിജൻസ് റിപ്പോർട്ടുകളടക്കം വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത്.


അൻവർ ഉന്നയിച്ച പല ആരോപണങ്ങളിലും തെളിവുകൾ കണ്ടെത്താനായിട്ടില്ലെങ്കിലും പൂരം കലക്കൽ, ആർ.എസ്.എസ് കൂടിക്കാഴ്ച എന്നിവ  ഗൗരവതരമാണെന്നും ഇത് സിവിൽ സർവീസ് ചട്ടത്തിന്റെ ലംഘനമാണെന്നും ഡിജിപി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായി അറിയുന്നു.


ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ അജിത്തിനെതിരായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞിരുന്നു. എല്ലാപാർട്ടികളുടെയും നേതാക്കളെ വ്യക്തിപരമായി പരിചയപ്പെടുന്നത് തന്റെ പതിവാണെന്നും ആർ.എസ്.എസ് നേതാക്കളെ വെറും അഞ്ച് മിനിറ്റാണ് കണ്ടതെന്നും ഡിജിപിക്ക് അജിത്കുമാർ മൊഴിനൽകിയിരുന്നെങ്കിലും ഡിജിപി തള്ളിയെന്നാണ് വിവരം. ഇന്ത്യാടു‌ഡെയുടെ കോൺക്ലേവിലാണ് റാംമാധവിനെ കണ്ടത്.adgp Untitledpva

ഹൊസബളെയെ സുഹൃത്ത് ജയകുമാറിനൊപ്പമാണ് കണ്ടത്. മുൻ എസ്.പി ഉണ്ണിരാജനും അവിടെയുണ്ടായിരുന്നു. കൂടിക്കാഴ്ചകളുടെ ലക്ഷ്യം പരിചയപ്പെടൽ മാത്രം. നേരത്തേ രാഹുൽഗാന്ധിയെയും വ്യക്തിപരമായി പരിചയപ്പെട്ടിരുന്നു. നേതാക്കളുമായുള്ള പരിചയം ക്രമസമാധാന പാലനത്തിന് ഗുണകരമെന്നും അജിത് മൊഴിനൽകി. ഇതും ഡിജിപി അംഗീകരിച്ചിട്ടില്ല.


ആർ.എസ്.എസ്  നേതാക്കളെ സ്വകാര്യമായി കണ്ട് പരിചയപ്പെടാനാണ് പോയതെന്ന എ.ഡി.ജി.പിയുടെ വാദം തള്ളിയ ഡി.ജി.പി, അധികാര സ്ഥാനങ്ങളില്ലാത്ത ഈ നേതാക്കളെ കാണേണ്ട ആവശ്യം അജിത്തിനുണ്ടായിരുന്നില്ലെന്ന നിലപാടിലെത്തി.


 ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും പെരുമാറ്റച്ചട്ടം മറികടന്നെന്നും കണ്ടെത്തിയതിനാൽ പോലീസിന് പുറത്തേക്ക് മാറ്റുകയോ ക്രമസമാധാനചുമതലയിൽ നിന്നൊഴിവാക്കുകയോ വേണമെന്ന ശുപാർശ ഡി.ജി.പി നൽകുമെന്നാണ് സൂചന. തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെയും കോവളത്ത് റാംമാധവിനെയുമാണ് അജിത് കണ്ടത്.dgp 

പി.വി.അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിക്ക് സർക്കാർ നൽകിയ സമയപരിധി മൂന്നാം തീയതി കഴിഞ്ഞിരുന്നു. ഇന്ന് നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടുണ്ട്. ആദ്യദിനത്തിൽ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് സഭ പിരിയും. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുന്നത്.


അതിനിടയിൽ അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുനയൊടിക്കാനാണ് സർക്കാരിന്റെ ശ്രമം. അജിത്തിനെ ഇപ്പോഴുള്ള ബറ്റാലിയൻ ചുമതലയിൽ മാത്രം നിലനിർത്താനും നീക്കമുണ്ട്.


അൻവറിന്റെയും അജിത്തിന്റേയുമടക്കം മൊഴിയെടുത്തും രേഖകൾ പരിശോധിച്ചുമാണ് ഡിജിപി റിപ്പോർട്ടുണ്ടാക്കിയിയത്.  മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസ് വളപ്പിലെ മരങ്ങൾമുറിച്ചു കടത്തൽ, ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, കവടിയാറിൽ ആഡംബര മാളികയുണ്ടാക്കൽ, ബന്ധുക്കളുടെ പേരിലടക്കം അവിഹിത സ്വത്ത്സമ്പാദനം എന്നിങ്ങനെ ആരോപണങ്ങളെല്ലാം വിജിലൻസാണ് അന്വേഷിക്കുന്നത്.

അതിന് 6മാസം സമയപരിധിയുണ്ട്. ആർ.എസ്.എസ് കൂടിക്കാഴ്ചയാണ് ആരോപണങ്ങളിൽ ഗൗരവസ്വഭാവമുള്ളതെന്നാണ് ഡിജിപി കണ്ടെത്തിയത്. അതേസമയം, അജിത്തിനെ മാറ്റിയില്ലെങ്കിൽ തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിന് സമാനമായ പ്രതിഷേധത്തിന് സി.പി.ഐ മന്ത്രിമാർ ഇന്നലെയും തയ്യാറെടുത്തിരുന്നു.niyamasabha-1


ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന് മുൻപ് ഘടകകക്ഷി നേതാക്കളായ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്താണ് ബഹിഷ്കരണം ഒഴിവാക്കിയത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് ത്രിതല അന്വേഷണം നടത്തുമെന്ന് ഈ യോഗത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.


മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ യോഗത്തിലുണ്ടായിരുന്നെന്നാണ് അറിയുന്നത്.  ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ നീക്കുന്നത് പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചു.

എന്നാൽ ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്തിനെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് സൂചന.

Advertisment