കോട്ടയം: ലോകസഭയിൽ ആദ്യമായി കേരളത്തിൽ നിന്ന് അക്കൌണ്ട് തുറന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതൃത്വവുമായുളള ബന്ധം ഉലയുന്നു. സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകാത്തതാണ് സുരേഷ് ഗോപിയുടെ പുതിയ പ്രകോപനം.
ലോകസഭാംഗമായാലും മന്ത്രിയായാലും സിനിമയിൽ അഭിനയിക്കാൻ അനുവാദം നൽകണമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബി.ജെ.പി ദേശിയ നേതൃത്വത്തോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. സമയമാകുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു ദേശിയ നേതൃത്വം നൽകിയ മറുപടി.
എന്നാൽ ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ പിന്നാലെ നടന്നിട്ടും ദേശിയ നേതൃത്വം അനുമതി നൽകുന്നില്ലെന്ന് മാത്രമല്ല പരിഗണിക്കുന്നുപോലുമില്ല എന്നാണ് സുരേഷ് ഗോപിയുടെ പരാതി. ദേശിയ നേതൃത്വത്തിനൊപ്പം സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിയെ തീരെ പരിഗണിക്കുന്നില്ല.
തൃശൂരിൽ ജയിച്ചതിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങളും തൃശൂരിലെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ വരുത്തുന്ന വീഴ്ചയും മന്ത്രിയെന്ന നിലയിൽ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് നീങ്ങാത്തതിലുമുളള പ്രശ്നങ്ങളുമാണ് സംസ്ഥാനത്തെ ഏക എം.പിയേയും പാർട്ടി നേതൃത്വത്തെയും തമ്മിൽ തെറ്റിച്ചത്.
സിനിമയാണ് വരുമാനം
എന്തായാലും അഭിനയിക്കാൻ അനുമതി ലഭിക്കാത്തതിൽ സുരേഷ് ഗോപി കടുത്ത അമർഷത്തിലാണ്. അഭിനയം തൊഴിലും വരുമാനവുമാണ് എന്നാണ് സുരേഷ് ഗോപിയുടെ വാദം. സിനിമയിൽ നിന്നുളള വരുമാനം നിലച്ചാൽ തൻെറ കുടുംബം ബുദ്ധിമുട്ടിലാകുമെന്നെല്ലാമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. അടുപ്പമുളള സിനിമാക്കാരോടും സുഹൃത്തുക്കളോടുമെല്ലാം ഇത് ആവർത്തിച്ച് പറയുന്നുണ്ട്.
കൂട്ടത്തിൽ ബി.ജെ.പി നേതാക്കൾ വിശ്വാസവഞ്ചന കാട്ടി എന്നുള്ള പരിഭവം പറച്ചിലും ഇതിനൊപ്പമുണ്ടത്രെ ? കേന്ദ്രമന്ത്രിസ്ഥാനം വലിയ പദവി ആണെന്നും സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ വലിയ കാര്യമാണെന്നും അത് എല്ലാവർക്കും കിട്ടുന്ന അവസരമല്ലെന്നും അടുത്ത സുഹൃത്തുക്കൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ ക്ഷുഭിതനായിരിക്കുകയാണ് സുരേഷ് ഗോപി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്.
ഗോകുലം സിനിമ, മമ്മൂട്ടി കമ്പനി എന്നിവ അടക്കം മുൻനിര സിനിമാ നിർമ്മാണ കമ്പനികളുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ താരം അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായതിന് ശേഷം സിനിമാ അഭിനയത്തിനുളള പ്രതിഫലവും കുത്തനെ വർദ്ധിപ്പിച്ചിരുന്നു. പ്രതിഫലത്തിന് പുറമേ രണ്ട് കാരവാൻ പോലുളള സൌകര്യങ്ങളും വേണമെന്ന ഉപാധികളും വെച്ചിരുന്നു.
3 കോടി രൂപയിൽ നിന്ന് 9 കോടിയിലേക്കാണ് പ്രതിഫലം കൂട്ടിയത്. നടന് സമയം ചെലവഴിക്കാനുളള കാരവാന് പുറമേ, കേന്ദ്രമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കാനാണ് രണ്ടാമതൊരു കാരവൻ കൂടി ആവശ്യപ്പെട്ടത്. ഇത്തരത്തിൽ പ്രതിഫലമെല്ലാം കൂട്ടി അഭിനയിക്കാൻ തയാറായിരിക്കുമ്പോഴാണ് പാർട്ടി നേതൃത്വം അനുമതി നൽകാതരിക്കുന്നത്.
പ്രധാനമന്ത്രിക്കും അതൃപ്തി
സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ ബി.ജെ.പി ദേശിയ നേതൃത്വത്തിനും പ്രധാനമന്ത്രിക്കും തൃപ്തിക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്ര നരേന്ദ്രമോദിയായിരുന്നു ബി.ജെ.പിയിൽ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പിന്തുണ. എന്നാൽ മന്ത്രിസ്ഥാനം സംബന്ധിച്ച് നീരസം പ്രകടിപ്പിച്ചതോടെ പ്രധാനമന്ത്രിയും അകന്നു.
കാബിനറ്റ് മന്ത്രിസ്ഥാനം തന്നെ വേണമെന്ന് ശഠിച്ച സുരേഷ് ഗോപി സത്യ പ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന തരത്തിൽ ചില സൂചനകൾ നൽകിയിരുന്നു. ഇതാണ് ദേശിയ നേതൃത്വത്തെ അകറ്റിയത്. സ്ഥാനം വെച്ച് വിലപേശാൻ അനുവദിക്കാനാവില്ല എന്നതാണ് ദേശിയ നേതൃത്വത്തിൻെറ നിലപാട്.
ഒറ്റയാനായി കേന്ദ്രമന്ത്രി
മന്ത്രിയെന്ന നിലയിലും ലോകസഭാംഗം എന്നനിലയിലും കേരളത്തിലെ പാർട്ടിക്ക് ഒരു തരത്തിലും സഹായകരമായ പ്രവർത്തനം കാഴ്ചവെക്കുന്നില്ല എന്നതാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് സുരേഷ് ഗോപിയോടുളള അകൽച്ചക്ക് കാരണം. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തോട് കൂടിയാലോചന നടത്തി ഭരണകാര്യങ്ങൾ നീക്കാത്തതിലും അതൃപ്തിയുണ്ട്.
വി. മുരളീധരൻ മന്ത്രിയായിരുന്നപ്പോൾ സംസ്ഥാന നേതൃത്വത്തോട് വലിയ തോതിൽ സഹകരിച്ചാണ് മുന്നോട്ടുപോയിരുന്നത് എന്നത് ഉദാഹരണമായും ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചയ്ക്കും സ്വാധീനം വർദ്ധിപ്പിക്കുന്നതിനും സഹായകരമായ നിലപാടാണ് എം.പിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും സുരേഷ് ഗോപി ശ്രമിക്കേണ്ടത്. അത് ഉണ്ടാകുന്നില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ പരാതി.
തൃശൂരിൽ ജയിച്ചത് തൻെറ വ്യക്തിപരമായ മികവ് കൊണ്ടാണെന്ന സുരേഷ് ഗോപിയുടെ പ്രതികരണവും സംസ്ഥാന നേതൃത്വത്തിന് വിഷമമുണ്ടാക്കി. പുതിയ വോട്ടര്‍മാരെ ചേര്‍ക്കല്‍ ഉള്‍പ്പെടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാസങ്ങളായി തൃശൂരില്‍ അടിത്തട്ട് മുതല്‍ നടത്തിയ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഒപ്പം രാഷ്ട്രീയത്തിന് അതീതമായ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവുമായിരുന്നു വിജയത്തില്‍ നിര്‍ണ്ണായകമായത്.
എന്നാല്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ സുരേഷ് ഗോപി പാർട്ടി ലൈനിന് അനുസൃതമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപോർട്ടിലേത് അടക്കമുളള വിഷയങ്ങൾ പരാമർശിച്ച് നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ ബി.ജെ.പി ദേശിയ- സംസ്ഥാന നേതൃത്വങ്ങൾ സുരേഷ് ഗോപിയെ ഏതാണ്ട് തഴഞ്ഞ മട്ടിലാണ്. ഇതിനിടയിലാണ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നില്ലെന്ന പരാതിയുമായി താരം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നത്.