സജി ചെറിയാന്‍ നേരിടുന്നത് ആദ്യം രാജിവച്ചതിനേക്കാള്‍ ഗുരുതരമായ സാഹചര്യം. അന്ന് പ്രസംഗത്തിനെതിരേ പരാതിയാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധത ഹൈക്കോടതി ശരിവച്ചു. കോടതി സമയപരിധി നിശ്ചയിക്കാത്തതിനാല്‍ അന്വേഷണം ഇഴച്ച് മന്ത്രിക്ക് കാലാവധി തികയ്ക്കാന്‍ ക്രൈംബ്രാഞ്ചും. തുടരന്വേഷണത്തിനെതിരേ അപ്പീല്‍ പോയാല്‍ പ്രഹരം കനത്തതാവും

New Update
saji cheriyan-4

തിരുവനന്തപുരം: സജി ചെറിയാനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആ പഴുത് മുതലെടുത്താവും സജിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള കരുനീക്കങ്ങൾ. സി.ബി.ഐ അന്വേഷണം തേടിയുള്ള ഹർജിയിലാണ്, ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവ്.

Advertisment

അന്വേഷണം നടക്കട്ടെയെന്നും അന്തിമ റിപ്പോർട്ട് വരുമ്പോൾ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതടക്കം നടപടിയെടുക്കാമെന്നും നിലപാടെടുക്കുകയാണ് സർക്കാരും പാർട്ടിയും. കേവലം ഒന്നര വർഷത്തിൽ താഴെ മാത്രമാണ് ഇനി സർക്കാരിന് കാലാവധിയുള്ളത്.


സാക്ഷികളുടെ എണ്ണം കൂട്ടിയും അന്വേഷണം ഇഴച്ചും ഇത്രയും സമയം അന്തിമറിപ്പോർട്ട് നൽകാതെ തട്ടിനീക്കാൻ ക്രൈംബ്രാഞ്ചിന് കഴിയും. ഒരുവട്ടം ധാർമ്മികതയുടെ പേരിൽ രാജിവച്ച സജി വീണ്ടും അതേപേരിൽ രണ്ടാമതും രാജിവയ്ക്കേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്.


എന്നാൽ  2022ൽ സജിചെറിയാന്റെ രാജിയിലേക്ക് നയിച്ച സാഹചര്യം അതിലും ഗുരുതരമായി ഇപ്പോഴും നിലനിൽക്കുന്നതായി നിയമവിദഗ്ദ്ധർ പറയുന്നു. അന്ന് മജിസ്ട്രേറ്റ് കോടതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയെത്തിയപ്പോഴാണ് സജി രാജിവച്ചത്.saji cheriyan-3

കേസ് ഉറപ്പായ ഘട്ടത്തിൽ മറ്റൊരു പോംവഴിയുമില്ലെന്ന് കണ്ടായിരുന്നു അന്നത്തെ രാജി. എന്നാൽ ആ കേസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ശേഷമാണ് സജിയെ രണ്ടാംവട്ടം മന്ത്രിയാക്കിയത്. ഇപ്പോൾ സജിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.


സജി ചെറിയാനെതിരായ കുറ്റം നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ നടപടി തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം ആദ്യം രാജിവച്ചതിനേക്കാൾ ഗുരുതരമാണ്.


ആദ്യ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാതെ, പാർട്ടി അണികളുടെ മൊഴികൾ മാത്രമെടുത്ത് സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

പ്രസംഗത്തിന്റെ ഫോറൻസിക് പരിശോധനാ ഫലമോ സജി ചെറിയാന്റെ ശബ്ദസാമ്പിൾ പരിശോധനാ ഫലമോ കിട്ടുന്നതിന് മുമ്പായിരുന്നു കുറ്റവിമുക്തനാക്കിയുള്ള പോലീസ് റിപ്പോർട്ട്. സജിയെ വെള്ളപൂശാൻ പോലീസ് ശ്രമിച്ചത് കോടതി എണ്ണിപ്പറഞ്ഞിട്ടുണ്ട്.


സജി ചെറിയാൻ കൂടി അംഗമായ മന്ത്രിസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രൈംബ്രാഞ്ചിന് ഇനി സജി ചെറിയാൻ മന്ത്രിയായിരിക്കെ, അദ്ദേഹത്തിനെതിരായി നീതിയുക്തമായ അന്വേഷണം നടത്താനാവുമോ എന്നാണ് ആശങ്കയുള്ളത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.


സജി അധികാരത്തിൽ തുടർന്നാൽ കേസിന്റെ ഗതിയിലും ആശങ്കയുണ്ടെന്ന് നിയമവിഗദ്ധർ പറയുന്നു. കേസിൽ മന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ പൊലീസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി തള്ളിയിട്ടുണ്ട്. പൊലീസിന്റെ അന്തിമ റിപ്പോർട്ട് അംഗീകരിച്ച് തുടരന്വേഷണ ആവശ്യം നിരാകരിച്ച തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

പോലീസ് റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ സമർപ്പിച്ച ഹർജി അനുവദിച്ചാണ് സിംഗിൾബെഞ്ചിന്റെ വിധി. ഈ ഉത്തരവിനെതിരേ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോവുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ അപ്പീൽ പോയാൽ തിരിച്ചടി കനത്തതാവുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. 


2022 ജൂലായ് മൂന്നിന് പാർട്ടി പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദപ്രസംഗം. തുടർന്ന് ഹർജിക്കാരനടക്കം കോടതിയെ സമീപിച്ചപ്പോഴാണ് നാഷണൽ ഹോണർ ആക്ട് (1971) പ്രകാരം കീഴ്വായ്പൂർ പൊലീസ് കേസെടുത്തത്.


 തൊഴിലാളിവർഗ ചൂഷണത്തേക്കുറിച്ചാണ് മന്ത്രി വിമർശിച്ചതെന്നും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയത്. മജിസ്ട്രേറ്റ് കോടതി ഈ റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.പോലീസിന്റെ അന്വേഷണത്തിനെതിരേ അതിശക്തമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാഴ്ചപ്പാടുകൾക്കനുസരിച്ചല്ല, നിയമപരമായാണ് അന്വേഷണ ഉദ്യോഗസ്ഥൻ നീങ്ങേണ്ടിയിരുന്നത്. സി.‌ഡിയും പെൻഡ്രൈവും ഫൊറൻസിക് പരിശോധനയ്ക്കയച്ചെങ്കിലും റിപ്പോർട്ട് വരുന്നതിന് മുമ്പേ അന്വേഷണം പൂർത്തിയാക്കി. പ്രസംഗം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളുടെ മൊഴിയെടുത്തില്ല.pinarai vijayan saji cheriyan


മന്ത്രിയുടെ സ്വന്തം പാർട്ടിയിൽപ്പെട്ട 39 പ്രവർത്തകരുടെ മൊഴി വിശ്വാസത്തിലെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്. ഇക്കാര്യമൊന്നും വിലയിരുത്താതെ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേട്ട് കോടതിക്കും പിഴവ് പറ്റി. 2003ലെ നിയമഭേദഗതി പ്രകാരം ഭരണഘടനയോട് അനാദരമുള്ള വാക്കുകൾ പറയുകയോ എഴുതുകയോ ചെയ്യുന്നത് കുറ്റകരമാണ്.


ഭരണഘടനയുടെ ആമുഖത്തിലെ തത്വങ്ങളോട് ചേർത്ത് ഈ വാക്കുകൾ പറയുന്നതിൽ ബഹുമാനക്കുറവില്ലെന്ന് കരുതാനാകില്ലെന്നും കോടതി പറഞ്ഞു. പ്രസംഗത്തിന്റെ സന്ദർഭവും സാഹചര്യവും വിലയിരുത്തുന്നതിന് വീഡിയോ, ഓഡിയോ ക്ലിപ്പുകളും അതിന്റെ ഫൊറൻസിക് റിപ്പോർട്ടും പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നു.

ഇതൊന്നുമില്ലാതെ പോലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ല. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടി. ഇത്തരം കേസുകളിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാത്തത് ശക്തമായ തെളിവ് തടയുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഇല്ലാതെയും അത് വിളിച്ചു വരുത്താതേയും മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞതും അനുചിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ആരോപണവിധേയൻ മന്ത്രിയായതിനാൽ തുടരന്വേഷണം ഒരു എസ്.എച്ച്.ഒ നടത്തുന്നത് ഉചിതമാകില്ല. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പൊലീസ് മേധാവി ഉടൻ ഉത്തരവിടണം. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം- ഹൈക്കോടതി ഉത്തരവിലുണ്ട്.


എന്നാൽ മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് വ്യാഖ്യാനിച്ചാണ് സജിചെറിയാനെ രക്ഷിക്കാനുള്ള ശ്രമം. എന്നാൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മജിസ്ട്രേറ്റ് കോടതി നിരാകരിച്ചതിനെതിരായ റിട്ട് ഹർജിയിൽ സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്നൊഴിവാക്കണമെന്ന ആവശ്യമുണ്ടായിരുന്നില്ല.

കോടതിയുടെ പരിഗണനയ്ക്ക് വരാത്ത വിഷയങ്ങളിൽ ഹൈക്കോടതി അഭിപ്രായം പറയുന്നത് പതിവല്ല. മുമ്പ് മന്ത്രി രാജിവെച്ച സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. നിലവിലെ കോടതിവിധി തന്നെ കേൾക്കാതെയാണെന്നുള്ള മന്ത്രിയുടെ വാദവും പാർട്ടി ഉന്നയിക്കുന്നു. എന്നാൽ അതിനേക്കാൾ കടുത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നിയമവിദ്ഗദ്ധരും പ്രതിപക്ഷവും പറയുന്നു.


ഭരണഘടനവിരുദ്ധ പരാമർശം സംബന്ധിച്ച വിഷയമായതിനാൽ തന്നെ മുന്നണിയിലെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐയുടെ നിലപാടും നിർണ്ണായകമാവും. ധാർമ്മികത പ്രശ്നമുയർത്തി പാർട്ടി സംസ്ഥാന നേതൃത്വം രംഗത്ത് വന്നാൽ മന്ത്രിയുടെ രാജിയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകും.


 മുന്നണിയിലെ കക്ഷികളിൽ നിന്നും വിഷയത്തിൽ മന്ത്രിക്കെതിരായ അഭിപ്രായമുയർന്നാൽ അതും വിനയാകും. മുൻപ് സജി മന്ത്രിയല്ലാതിരുന്നപ്പോൾ നടത്തിയ പോലീസ് അന്വേഷണവും കാര്യക്ഷമമായിരുന്നില്ല.

തൊഴിലാളി ചൂഷണത്തെയാണ് മന്ത്രി വിമർശിച്ചതെന്നും ഭരണഘടനയെ അവഹേളിച്ചില്ലെന്നുമായിരുന്നു പോലീസ് കോടതിയിൽ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട്. ഇതാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. താൻ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജിചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷെ തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും കോടതി ഉത്തരവ് വിശദമായി പഠിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


താനുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയ്ക്ക് നീതിയെന്ന നിലയ്ക്ക് തന്റെ ഭാഗം കൂടി കേൾക്കേണ്ടിയിരുന്നു. പൊലീസ് വിശദമായി അന്വേഷിച്ചാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്നാണ് തോന്നുന്നത്. ധാർമികതയുടെ പേരിലാണ് അന്ന് രാജിവച്ചത്.

 അതിന്റെ സമയം കഴിഞ്ഞു. പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരിച്ച് മന്ത്രിസ്ഥാനത്തെത്തി. ഇനി രാജിയില്ല. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നുമാണ് പറഞ്ഞിട്ടുള്ളത്. ഉത്തരവ് പഠിച്ച് നിയമനടപടിയുമായി മേൽക്കോടതിയെ സമീപിക്കും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്, അന്വേഷിക്കട്ടെ- സജി ചെറിയാൻ വ്യക്തമാക്കി.

Advertisment