/sathyam/media/media_files/UrRVOlLEmQvLZjvk6PqK.webp)
കൊല്ലം: കൊല്ലം പൂയപ്പള്ളിയിലെ അബിഗേലിനെ തട്ടിക്കൊണ്ടുപോവാൻ ക്വട്ടേഷൻ നൽകിയവരെയും സഹായം ചെയ്തവരെയുമെല്ലാം അകത്താക്കാൻ ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷനെടുത്തത് കൊല്ലത്തെ കുപ്രസിദ്ധ മോഷ്ടാവാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുക്കൽ സംഘത്തിൽ ഇയാളുടെ സഹോദരന്റെ മകളുമുണ്ടെന്നും 15 പേരെങ്കിലും പല സംഘങ്ങളായി തിരിഞ്ഞാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ.
കൃത്യമായ ആസൂത്രണത്തോടെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനായിരുന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോവൽ. പെരിനാട് കുഴിയം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെയാണ് ക്വട്ടേഷന് പിന്നിൽ പോലീസ് സംശയിക്കുന്നത്.
ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാളുടെ കൊല്ലത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരവധി മോഷണ കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണിയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. കൊല്ലം രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്നും വർഷങ്ങൾക്ക് മുൻപേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു.
മോഷണക്കേസിൽ പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ സഹോദരൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ്. സഹോദരന്റെ മകളാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രിയെന്നും പോലീസ് സംശയിക്കുന്നു. തട്ടിക്കൊണ്ടു പോകലിലെ പ്രധാന പ്രതിയായ മോഷ്ടാവ് അടക്കം 15 പേരുടെ പട്ടിക പോലീസ് തയ്യാറാക്കി. സംശയിക്കപ്പെടുന്ന ഇവരെ ഓരോരുത്തരെയും കണ്ടെത്തി കഴിഞ്ഞ ദിവസങ്ങളിൽ ഇവർ എവിടെയായിരുന്നുവെന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത്.
നേരത്തെ ക്വട്ടേഷൻ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് പട്ടികയിലുള്ളത്. മുഖ്യപ്രതിയെ പിടികൂടാനായാൽ ശേഷിക്കുന്നവരെ അതിവേഗത്തിൽ കണ്ടെത്താമെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ, പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിലുള്ള ആളെ കോട്ടയത്ത് കണ്ടെന്ന വിവരത്തെ തുടർന്ന് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തന്റെ കടയിൽ വന്ന് ഫോൺ വാങ്ങി അബിഗേലിന്റെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് തന്നെയെന്ന് ചിത്രം പരിശോധിച്ച പാരിപ്പള്ളി കിഴക്കനേലയിലെ ഹോട്ടലുടമയായ ഗിരിജ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗിരിജയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് ഹോട്ടലിൽ എത്തിയയാളുടെ രേഖാചിത്രം തയ്യാറാക്കിയത്. എന്നാൽ ഈ രേഖാ ചിത്രത്തെക്കാൾ മോഷ്ടാവിന്റെ ചിത്രത്തിനാണ് കടയിൽ എത്തിയ ആളുമായി കൂടുതൽ സാമ്യമുള്ളതെന്നും ഗിരിജ പറഞ്ഞു. തട്ടിക്കൊണ്ടുപോകാനെത്തിയ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി മൂത്ത കുട്ടിയും സ്ഥിരീകരിച്ചതായി വിവരമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us