/sathyam/media/media_files/2024/12/19/P0d1B3S5jx6NYXbosMXe.jpg)
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എം.എൽ.എ തുടരും. വെളളിയാഴ്ച കോവളത്ത് കൊടിയേറുന്ന ജില്ലാ സമ്മേളനം വി.ജോയി തന്നെ സെക്രട്ടറിയായി തിരഞ്ഞെടുക്കും.
ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പൻ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഒന്നര വർഷം മുൻപ് വി.ജോയി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
എറണാകുളം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി അല്ലാതിരിന്നിട്ടും സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് വി.ജോയി.
വർക്കല സീറ്റ് കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിക്കുകയും പിന്നീട് നിലനിർത്തുകയും ചെയ്തതിനുളള അംഗീകാരമായിട്ടാണ് ജോയിയെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
അപ്രതീക്ഷിതമായി സംസ്ഥാന കമ്മിറ്റിയിൽ എത്തിയപ്പോൾ തന്നെ തലസ്ഥാന ജില്ലയിലെ പാർട്ടിയുടെ അമരത്തേക്ക് വി.ജോയി ഉയരുമെന്ന സൂചന ലഭിച്ചിരുന്നു.
ആനത്തലവട്ടം ആനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞ ഒഴിവിലാണ് അദ്ദേഹത്തിൻെറ നാട്ടുകാരനായ വി.ജോയി സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്.
ഈഴവ വിഭാഗത്തിൽ നിന്നുളള നേതാവ് എന്നതും ശിവഗിരി മഠവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന പരിഗണനയും ജോയിക്ക് തുണയായി.
കോവളം ജില്ലാ സമ്മേളനത്തിൽ സമ്മേളനം തിരഞ്ഞെടുത്ത ജില്ലാ സെക്രട്ടറിയായി മാറുന്ന വി.ജോയി തിരുവനന്തപുരം ജില്ലയിലെയും സംസ്ഥാനത്തെയും സി.പി.എം നേതൃനിരയിലേക്ക് ഉയരുമെന്ന് തീർച്ചയാണ്.
വി.ജോയിയിലൂടെ വയസൻ പട നയിക്കുന്ന തലസ്ഥാന ജില്ലയിലെ പാർട്ടി നേതൃത്വത്തിലേക്ക് പുതുരക്തങ്ങളെ കൊണ്ടു വരികയെന്ന ലക്ഷ്യവും സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്.
വിദ്യാർത്ഥി-യുവജന രംഗങ്ങളിൽ ശക്തമായി പ്രവർത്തിച്ച പലരും ഇപ്പോഴും ജില്ലാ കമ്മിറ്റിയുടെ പടിക്ക് പുറത്താണ്. അവരെയെല്ലാം വീണ്ടും സജീവമാക്കി നേതൃനിരയിലേക്ക് കൊണ്ടുവരാനുളള ഇടപെടൽ കോവളം ജില്ലാ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് നേതൃത്വം നൽകുന്ന സൂചന.
മേയർ ബ്രോ എന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത്, തിരുവനന്തപുരത്തെ ഇപ്പോഴത്തെ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ യുവപ്രാതിനിധ്യത്തിൻെറ ക്വാട്ടയിൽ ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.
എം.എൽ.എമാരായ ജി.സ്റ്റീഫൻ, ഒ.എസ്.അംബിക എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. കോൺഗ്രസ് വിട്ടുവന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുളള സാധ്യതയുണ്ട്.
വെളളിയാഴ്ച പൊതുസമ്മേളന നഗരിയിൽ പതാക ഉയരുന്നതോടെ സി.പി.എം ജില്ലാ സമ്മേളനത്തിന് കോവളത്ത് തുടക്കമാകും.
കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുളള നക്ഷത്ര ഹോട്ടലായ കോവളത്തെ സമുദ്ര ഹോട്ടലിനോട് ചേർന്ന ജി.വി.രാജ കൺവൻഷൻ സെന്ററിൽ വെച്ചാണ് പ്രതിനിധി സമ്മേളനം.
പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് പ്രതിനിധി സമ്മേളനത്തിൻെറ ഉദ്ഘാടകൻ. താഴെത്തട്ടിലെ സമ്മേളനങ്ങളിൽ കാര്യമായ പ്രശ്നങ്ങളോ ഗ്രൂപ്പ് പോരാട്ടമോ ഉണ്ടായില്ലെങ്കിലും ജില്ലയിലെ മൂന്ന് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാതെയാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ഏരിയാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറി നേരേ പോയി ബി.ജെ.പി അംഗത്വം എടുത്തതും ജില്ലാ സമ്മേളനത്തിൽ വൻചർച്ചയാകും.
രാഷ്ട്രീയ ഉളളടക്കം ഇല്ലാത്തവരെ നേതാക്കളുമായുളള അടുപ്പക്കാരെന്ന പരിഗണന മാത്രം വെച്ച് നേതൃപദവിയിലേക്ക് ഉയർത്തിയതിൻെറ തിക്തഫലമാണ് ഇതൊക്കെയെന്ന വിമർശനം ഇപ്പോൾ തന്നെ പാർട്ടിയിൽ ശക്തമാണ്.
മധു മുല്ലശേരിയെ ഏരിയാ സെക്രട്ടറിയാക്കിയതിൻെറ പിഴവ് പ്രവർത്തന റിപോർട്ടിൽ നേതൃത്വം ഏറ്റുപറഞ്ഞേക്കുമെന്നാണ് സൂചന.
ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്ന് ജില്ലയിലെ മുതിർന്ന നേതാവ് കടകംപളളി സുരേന്ദ്രൻ തുറന്ന് പറഞ്ഞിരുന്നു. ജില്ലയിലെ പാർട്ടി എംഎൽഎമാരുടെ പ്രവർത്തനത്തെ കുറിച്ചുളള വിലയിരുത്തലും നഗരസഭാ ഭരണത്തിൻെറ അവലോകനവും ജില്ലാ സമ്മേളനത്തിലെ ചർച്ചയിൽ നടക്കും.