തിരുവല്ല: ഉപതിരഞ്ഞെടുപ്പിലെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സരിന്റെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
സരിനോട് സംസാരിച്ചിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളും മികച്ചതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സമരനായകനാണ്. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. സരിന്റെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിക്ക് അതിന്റേതായ ചട്ടക്കൂടും നടപടിക്രമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
''നമുക്കൊരു നടപടിക്രമമുണ്ട്. ആ നടപടിക്രമം അനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂര്‍ത്തിയാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. അതില്‍ എന്ത് പാളിച്ചകളുണ്ടെങ്കിലും പൂര്‍ണമായ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. നടപടിക്രമങ്ങളില്‍ ഒരു തെറ്റും പറ്റിയിട്ടില്ല''-സതീശന്‍ പറഞ്ഞു.