/sathyam/media/media_files/2025/01/21/1200-675-23369013-thumbnail-16x9-vd.jpg)
തിരുവനന്തപുരം: കൂത്താട്ടുകുളത്തെ സി.പി.എം കൗൺസിലർ കലാരാജുവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സി.പി.എമ്മുകാർക്കെതിരേ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
വിധവയായ സ്ത്രീയെ നടുറോഡിൽ വസ്ത്രാക്ഷേപം ചെയ്യുന്നതാണോ കേരളത്തിലെ സ്ത്രീസുരക്ഷയെന്ന് അദ്ദേഹം ചോദിച്ചു.
കൗരവസഭയിൽ ദുശാസനന്മാരായിരുന്നെങ്കിൽ പരസ്യമായി പട്ടാപ്പകൽ സ്ത്രീയെ അപമാനിച്ചിട്ട് കാലുമാറ്റമായി ലഘൂകരിച്ച് ബഹളമുണ്ടാക്കുന്നവർ ചരിത്രത്തിൽ അഭിനവ ദുശാസ്സനൻമാരായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനം എല്ലാം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണമെന്നും തുറന്നടിച്ച് സതീശൻ സഭയിൽ താരമായി.
സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
പട്ടാപ്പകൽ സ്ത്രീയെ അപമാനിച്ചതാണ് മുഖ്യമന്ത്രി കാലുമാറ്റം എന്ന തരത്തിൽ ലഘൂകരിക്കുന്നത്. കാറിന്റെ ഡോറിൽ കുടുങ്ങിയ കാൽ വെട്ടിയെടുത്തു തരാമെന്നാണ് അവരുടെ മകന്റെ പ്രായമില്ലാത്ത ഡിവൈഎഫ്ഐ നേതാവ് പറഞ്ഞത്.
സ്ത്രീകളോടുള്ള നീതിബോധം ഇതാണോ ? തട്ടിക്കൊണ്ടുപോയ കാറിന് മുന്നിലെത്തിയ ലോറി ഡി.വൈ.എസ്.പി മാറ്റി വഴിയൊരുക്കി. സ്ത്രീകൾക്ക് ന്യായമായ നീതിയും സംരക്ഷണവും കിട്ടണം.
പൊലീസ് കാക്കിയിട്ട് വൃത്തികേടുകൾക്ക് കൂട്ടുനിൽക്കുന്നു. ഇത്രയും തരംതാഴണോ ? 7 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് സി.പിഎമ്മുകാരായ പ്രതികൾ ചെയ്തത്.
ഒന്നാംപ്രതി ഏരിയാസെക്രട്ടറിയാണ്. സ്ത്രീകളോടുള്ള അധിക്ഷേപത്തിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും സതീശൻ പറഞ്ഞു.
ഒരുമാസം മുൻപ് മന്ത്രി പി.രാജീവിന്റെ മണ്ഡലത്തിലെ കരുമാലൂർ പഞ്ചായത്തിൽ രാവിലെ കാലുമാറി വോട്ടുചെയ്ത യു.ഡി.എഫ് അംഗത്തെ ഉച്ചകഴിഞ്ഞ് വൈസ്‌പ്രസിഡന്റാക്കിയത് സി.പി.എമ്മാണ്. ആ പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമാണ് ഇവിടെ കാലുമാറ്റത്തെ എതിർത്ത് പറയുന്നത്.
രാജിവയ്ക്കാനാണോ സി.പി.എം നിർദ്ദേശിച്ചത് ? എത്രയോ പഞ്ചായത്തുകളിൽ എത്രയോ പേർ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടു പോവുകയാണോ വേണ്ടത് ? സതീശൻ ചോദിച്ചു.
സതീശന്റെ പ്രസംഗം തടയാൻ പണിപ്പെട്ട് സി.പി.എമ്മുകാർ
താൻ പറഞ്ഞിട്ട് ഭരണപക്ഷ അംഗങ്ങൾ കേൾക്കുന്നില്ലെന്നും പിന്നെ എന്തുചെയ്യാൻ പറ്റുമെന്നും സ്പീക്കർ എ.എൻ.ഷംസീർ ചോദിച്ചു. പ്രതിഷേധത്തിന് സ്പീക്കർ കൂട്ടുനിൽക്കുകയാണെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു.
തന്റെ വാക്കൗട്ട് പ്രസംഗം നിരന്തരം ഭരണപക്ഷം തടസപ്പെടുത്തിയപ്പോൾ 'എന്ത് തെമ്മാടിത്തമാണിതെന്ന്' സ്പീക്കറോട് ചോദിച്ചശേഷം കൈയിലുണ്ടായിരുന്ന കുറിപ്പെഴുതിയ പേപ്പർ ശക്തിയായി നിലത്തേക്കെറിഞ്ഞ് സതീശൻ പ്രതിഷേധിച്ചു.
കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെല്ലാം സി.പി.എം നേതാക്കളാണെന്നും പൊലീസ് ഒത്താശ ചെയ്തെന്നും സതീശൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ബഹളമുണ്ടാക്കിയത്.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം മൂന്നുവട്ടം സഭയുടെ നടുത്തളത്തിലിറങ്ങി. സതീശൻ പച്ചക്കള്ളം പറയുകയാണെന്ന് ഭരണപക്ഷത്തെ അംഗങ്ങൾ വിളിച്ചുപറഞ്ഞു. ഇതോടെ സഭയിൽ പരസ്പരം വാക്കേറ്റവും ബഹളവുമായി.
സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയെ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സഭയിൽ ബഹളമുണ്ടാക്കിയത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് സതീശൻ പറഞ്ഞു.
എല്ലാവരെയും നിയന്ത്രിക്കാൻ പറ്റില്ലല്ലോയെന്നും തനിക്കെതിരേ അത്തരം ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ മറുപടിനൽകി.
സീനിയറായ ജനപ്രതിനിധി ഇത്തരത്തിൽ പക്വതയില്ലാതെ സംസാരിക്കരുത്. പ്രതിപക്ഷ നേതാവാണെന്ന കാര്യം മറന്നു പോകരുത്. ആ സ്ഥാനത്തിനു യോജിച്ച പ്രവൃത്തിയുണ്ടാകണം- സ്പീക്കർ പറഞ്ഞു.
തന്നെ പക്വത പഠിപ്പിക്കേണ്ടെന്നും സംസാരിപ്പിക്കാതിരിക്കാൻ ശ്രമിച്ചിട്ട് 12 മിനിറ്റായപ്പോൾ പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞെന്നും സതീശൻ തിരിച്ചടിച്ചു. അതിലെ പ്രതിഷേധമാണ് സ്പീക്കറോട് പ്രകടിപ്പിച്ചത്.
സ്പീക്കറോട് പ്രതിഷേധം പ്രകടിപ്പിക്കാൻ പാടില്ലേ ? കീഴ്‌വഴക്കങ്ങളൊക്കെ പരിശോധിച്ചു നോക്കൂ. അംഗങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെങ്ങനെ സഭ ചേരും- സതീശൻ പറഞ്ഞു.
പ്രതിഷേധം നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ സ്പീക്കർക്ക് തന്നോട് പ്രസംഗം അവസാനിപ്പിക്കാൻ പറയാൻ എങ്ങനെ പറ്റി. സ്പീക്കർ എന്താണ് ചെയ്തതെന്നടക്കം ഇതൊക്കെ എല്ലാവരും കാണുന്നുണ്ട്- സതീശൻ പറഞ്ഞു.