/sathyam/media/media_files/2024/12/16/5QLBQPOVuSbg12D6I7kN.jpeg)
തിരുവനന്തപുരം: അരീക്കോട് സ്പെഷൽ ഓപ്പറേഷൻ പൊലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാൻഡോ വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ജീവനൊടുക്കിയത് അത്യന്തം വേദനാജനകമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
സംഭവം സേനയുടെ ആത്മവീര്യം കെടുത്തുന്നതാണ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. ഇതു വ്യക്തമാക്കി വിനീത് അയച്ച സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
ഏറ്റവും അവസാനമായി അവധി നിഷേധിച്ചതാണ് വിനീതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അവധിക്ക് മൂന്നു തവണ അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തത് മനുഷ്യത്വരഹിതമാണ്.
നിയമവും നീതിയും നടപ്പാക്കേണ്ട പൊലീസ് സേനയിൽ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അമിത ജോലിഭാരം പൊലീസുകാരുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു.
നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അന്ന് നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് വിനീതിന്റെ ആത്മഹത്യ.
പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണം.
പൊലീസ് സേനാംഗങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കാനുള്ള പരിഹാര നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പും തയാറാകണം.