/sathyam/media/media_files/2025/02/24/8AQF2pGsvw1aIp0aeOrL.webp)
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഇരുപത്തിമൂന്നുകാരനായ അഫാൻ കുടുംബത്തിലെ അഞ്ച് പേരേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാടും നാട്ടുകാരും.
അഫാൻ കൊന്നൊടുക്കിയ അഞ്ചിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്‌സാനാണ്. പ്രതിയും സഹോദരനുമായി പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്.
സഹോദരനെ വലിയ സ്നേഹമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സഹോദരനൊപ്പമുള്ള ധാരാളം ചിത്രങ്ങൾ അഫാൻ പങ്കുവച്ചിട്ടുണ്ട്.
ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ച് പൊലിസ് സ്റ്റേഷനിൽ ഹാജരായി അഫാൻ മൊഴി നൽകിയതോടെയാണ് കൊലപാതകത്തെ കുറിച്ചുളള വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 5 പേരുടെ മരണം സ്ഥിരീകരിച്ചു.
അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. ഇവരെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു.
ചുള്ളാളത്തെത്തി പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. സഹോദരൻ അഫ്സാനെയും ഫർസാനയെയും പെരുമലയിൽ വച്ചാണ് കൊലപ്പെടുത്തിയത്. മാതാവ് ഷെമി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്ന് അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുമ്പാണ് നാട്ടിലെത്തിയത്.