/sathyam/media/media_files/2024/11/09/cUMEHKlqRKxvu9mmFdOw.jpg)
കോഴിക്കോട്: മാധ്യമ പ്രവർത്തകരുടെയും അവതാരകരുടെയും കൂടുമാറ്റം പതിവ് സംഭവമായി മാറിയ മലയാള വാർത്താ ചാനൽ മേഖലയിൽ ശ്രദ്ധേയമായ പുതിയൊരു മാറ്റം കൂടി. മലയാളം വാർത്താ ചാനലുകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരിൽ നിന്നുള്ള ഏറ്റവും മികച്ച അവതാരകരിൽ ഒരാളായ വേണു ബാലകൃഷ്ണൻ്റെ മാറ്റമാണ് ചർച്ചയായുന്നത്.
ട്വൻ്റി ഫോർ ന്യൂസിലെ മുൻനിര അവതാരകനായ വേണു ബാലകൃഷ്ണൻ മീഡിയാവൺ ചാനലിലേക്കാണ് മാറുന്നത്. മീഡിയാ വൺ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററായാണ് വേണു ബാലകൃഷ്ണൻ്റെ ചുവട് മാറ്റം. ട്വൻ്റി ഫോറിൽ നിന്ന് ഇറങ്ങുന്ന വേണു അടുത്ത ആഴ്ച കോഴിക്കോട് മീഡിയാ വൺ ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും.
വേണു ബാലകൃഷ്ണൻെറ കടന്നു വരവിനെ മീഡിയാ വൺ മാനേജ്മെന്റ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചാനൽ റേറ്റിംഗിൽ ഏറ്റവും പിന്നിലുള്ള മീഡിയ വണ്ണിനെ കൈപിടിച്ച് ഉയർത്തുകയാണ് വേണുവിൻ്റെ ദൗത്യം.
വാർത്തകളെ അർഹിക്കുന്ന ഗൗരവത്തിൽ കൈകാര്യം ചെയ്യുന്ന രീതിയും വാർത്താവതരണരീതിയും ആഴത്തിലുള്ള വിശകലനവും കൈമുതലായുള്ള വേണുവിൻ്റെ വരവ് മീഡിയ വണിന് ഗുണകരമാകും.
വാർത്താ ബുള്ളറ്റിൻ രീതി ഉപേക്ഷിച്ച് ന്യൂസ് ഷോകളിലേക്ക് ചുവട് മാറ്റിയ വാർത്താ ചാനലുകളുടെ ധാരയിലൂടെയല്ല മീഡിയാ വണിൻ്റെ പോക്ക്.
ഇപ്പോഴും പരമ്പരാഗത ശൈലിയിൽ തന്നെ വാർത്താ പ്രക്ഷേപണം നടത്തുന്ന മീഡിയാ വൺ ഗൗരവമുള്ള ശൈലിയിലേക്ക് മാറിയാൽ ചാനലുകളുടെ സ്ഥിരം വാർപ്പ് മാതൃകയിൽ നിന്നുള്ള വഴിമാറി നടക്കലാകും. ഇതുവഴി പ്രേക്ഷക പിന്തുണ ആർജിക്കാനാകും എന്നാണ് മീഡിയാ വൺ മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് മാധ്യമ പ്രവർത്തനം തുടങ്ങിയ വേണു ബാലകൃഷ്ണൻ ന്യൂസ് അവർ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. ചർച്ച ചെയ്യുന്ന വിഷയങ്ങൾ ആഴത്തിൽ പഠിക്കുകയും സൂക്ഷ്മമായി വിശകലനം ചെയ്ത് ചോദ്യങ്ങൾ ഉന്നയിക്കുകയും നല്ല ഭാഷാ ശുദ്ധിയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് വേണു ബാലകൃഷ്ണനെ ഇതര അവതാരകരിൽ നിന്ന് വേറിട്ട് നിർത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് മനോരമ ന്യൂസിലേക്കും പിന്നീട് റിപ്പോർട്ടർ ടിവിയിലേക്കും അവിടെ നിന്ന് മാതൃഭൂമി ന്യൂസിലേക്കും ചേക്കേറിയ വേണു ചില പരാതികളെ തുടർന്നാണ് മാതൃഭൂമി ന്യൂസ് വിട്ടത്. മാതൃഭൂമിയിൽ നിന്ന് ഇറങ്ങിയശേഷം ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ ചേർന്നെങ്കിലും അധികകാലം നിന്നില്ല.
അതിന് ശേഷമാണ് ട്വന്റിഫോറിൽ എക്സിക്യൂട്ടിവ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. വാർത്താ അവതരണത്തിൽ ഇതര ചാനലുകളിൽ നിന്ന് വ്യത്യസ്ത ശൈലി കൊണ്ടുവന്ന ട്വന്റി ഫോറിൻെറ രീതികളോട് ഇഴുകി ചേരാൻ വേണുവിന് കഴിഞ്ഞില്ല. ഇതാണ് ട്വന്റി ഫോർ വിടാനുളള കാരണമെന്നാണ് സൂചന.