Advertisment

വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് അടുക്കുന്ന ചരിത്ര മുഹൂർത്തം ഇങ്ങെത്തിയിട്ടും തീരമടുക്കാതെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ; റെയിൽ-റോഡ് കണക്ടിവിറ്റി ഇപ്പോഴും സർക്കാർ ഫയലിൽ; റെയിൽപാതയുടെ വിശദ പദ്ധതിരേഖക്ക് അംഗീകാരം നൽകാതെ സർക്കാർ; ഔട്ടർ റിംഗ് റോഡ് പദ്ധതിയിലും തീരുമാനമായില്ല; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെങ്കിലും മദർഷിപ്പിൻെറ വരവേൽപ്പ് കെങ്കേമം ആക്കാൻ സർക്കാ‍ർ

റോഡ് നിർമ്മാണത്തിന് വേണ്ടി വരുന്ന ഭൂമിയുടെ ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച തർക്കമാണ് ഔട്ടർ റിങ്ങ് റോഡ് നിർമ്മാണത്തിൻെറ നടപടികൾ മെല്ലെപ്പോകാൻ കാരണം

New Update
vizhinjam1

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുളള ആദ്യ മദർഷിപ്പിൻെറ വരവിനെ വൻ ആഘോഷമാക്കാൻ സർക്കാർ ഒരുങ്ങുമ്പോഴും പദ്ധതിയുടെ പ്രധാന ഭാഗമായ റോഡ്-റെയിൽ കണക്ടിവിറ്റികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. പദ്ധതി പ്രദേശത്ത്നിന്ന് കണ്ടെയ്നറുകൾ അകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത വിഴിഞ്ഞം - നാവായിക്കുളം ഔട്ടർറിങ് റോഡും റെയിൽവേ പാതയുമാണ് ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നത്.

Advertisment

കൊങ്കൺ റെയിൽ കോർപ്പറേഷൻ തയാറാക്കിയ വിശദ പദ്ധതിരേഖക്ക് ഇതുവരെ ഭരണാനുമതി പോലുമായിട്ടില്ല. ഭരണാനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കൽ അടക്കമുളള  ഏറെസമയം വേണ്ടിവരുന്ന നടപടികളിലേക്ക് കടക്കാനാവു. നാവായിക്കുളം -ഔട്ടർ റിങ്ങ് റോ‍ഡിൻെറ കാര്യത്തിലും സർക്കാർ തീരുമാനം ഇഴഞ്ഞ് നീങ്ങുകയാണ്.


റോഡ് നിർമ്മാണത്തിന് വേണ്ടി വരുന്ന ഭൂമിയുടെ ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച തർക്കമാണ് ഔട്ടർ റിങ്ങ് റോഡ് നിർമ്മാണത്തിൻെറ നടപടികൾ മെല്ലെപ്പോകാൻ കാരണം.


ഭൂമിയേറ്റെടുക്കലിൻെറ പകുതി പണവും സർവീസ് റോഡ് നി‍ർമ്മാണവും സംസ്ഥാന സർക്കാർ ഏറ്റെടുക്കെണമന്നാണ് ദേശിയ പാതാ അതോറിറ്റിയുടെ നിലപാട്. സംസ്ഥാന സർക്കാർ ഈ നിലപാടിനോട് യോജിക്കുന്നില്ല. ഈ ചെലവ് ഏറ്റെടുക്കാനാവില്ലെന്നാണ് സർ‍ക്കാരിൻെറ സമീപനം. ഇതാണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതിയുടെ താളം തെറ്റിക്കുന്നത്.

റോഡ് -റെയിൽ കണക്ടിവിറ്റി ഇത്തരത്തിൽ ചുവപ്പ് നാടയിൽ പെട്ട് കിടക്കുന്നതിനാൽ വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകൾ എത്തിക്കാനും കപ്പലുകളിൽ എത്തുന്ന കണ്ടെയ്നറുകൾ പുറത്തേക്ക് കൊണ്ടുവരാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഉറപ്പായി. ദേശിയപാത വഴി കണ്ടെയ്നറുകൾ അകത്തേക്കും പുറത്തേക്കും എത്തിക്കുക മാത്രമാണ് ഏക പോംവഴി. എന്നാൽ കണ്ടെയ്നർ ലോറികളുടെ അധിക്യം ടൂറിസം മേഖല കൂടിയായ കോവളം-വിഴിഞ്ഞം മേഖലയിൽ വൻഗതാഗതക്കുരുക്ക് ഉണ്ടാക്കും.


അടിസ്ഥാനസൗകര്യ പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെങ്കിലും വിഴിഞ്ഞം തീരത്തെത്തുന്ന ആദ്യ മദർഷിപ്പിനെ വരവേൽക്കാൻ സർക്കാർ വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്.


ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന സാൻ ഫെർണാൻഡോ ചരക്കു കപ്പലാണ് വെള്ളിയാഴ്ച വിഴിഞ്ഞത്ത് നങ്കൂരമിടാൻ പോകുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ഉടമസ്ഥതയിലുളള കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് കപ്പലിൻെറ വരവ്. ചൈനയിൽ നിന്നും കൊളംബോ വഴി യൂറോപ്പിലേക്കായിരുന്നു കപ്പലിൻെറ നേരത്തെ നിശ്ചയിച്ച റൂട്ട്.

വിഴിഞ്ഞം കണ്ടെയ്നർ ഇറക്കാൻ സജ്ജമാണെന്ന് വന്നതോടെ റൂട്ടിൽ മാറ്റം വരുത്തുകയായിരുന്നു. അദാനി പോർട്സിൻെറ ഇടപെടലാണ് ഇതിന് കാരണം.  ബുധനാഴ്ച രാത്രിയോടെ മദ‍ർഷിപ്പ് സാൻ ഫെർണാൻഡോ പുറം കടലിലെത്തും. വ്യാഴാഴ്ച പകൽ കപ്പൽ ബർത്തിൽ അടുപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ചയാണ് ട്രയൽറൺ നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുക്കുമെന്നാണ് വിവരം. ഉദ്ഘാടന ദിവസം  വൈകിട്ടോടെ തന്നെ കപ്പൽ യൂറോപ്പിലേക്ക് മടങ്ങുമെന്ന് അദാനി പോർട്സ് അറിയിച്ചു.

മദർ ഷിപ്പിൽ നിന്ന് ഇറക്കിയ കണ്ടെയ്നറുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി  പിന്നാലെ ചെറു കപ്പലുകളും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തും. ഈ മാസം തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടേത് അടക്കം കൂടുതൽ കപ്പലുകൾ എത്തുമെന്നും അദാനി പോർട്സ് അറിയിച്ചു.

വിഴിഞ്ഞത്തെ കപ്പൽപാതയിൽ സ്ഥിതി ചെയ്യുന്ന പ്രധാന തുറമുഖങ്ങളായ സിംഗപ്പൂർ, കൊളംബോ തുറമുഖങ്ങളിലെ തിരക്ക്  തുറമുഖത്തിന് ഗുണകരമാകുമെന്നാണ് നടത്തിപ്പുകാരായ അദാനി പോർട്സിൻെറ വിലയിരുത്തൽ. 

ചരക്കിറക്കാൻ  തുറമുഖങ്ങളിൽ ദിവസങ്ങൾ കാത്തുകിടക്കുന്നത് മൂലം കപ്പൽ കമ്പനികൾക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. വിഴിഞ്ഞത്തേക്ക് വലിയ ഷിപ്പിംഗ് കമ്പനികൾ എത്താൻ ഇത് കാരണമാകും എന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലയിലെ തുറുമുഖമായ മുന്ദ്രാ പോർട്ടിൻെറ നടത്തിപ്പുകാരായ അദാനി പോർട്സിൻെറ അനുഭവ സമ്പത്തും വിഴിഞ്ഞം തുറമുഖത്തിൻെറ അനുകൂല ഘടകമാണ്.

Advertisment