Advertisment

വിഴിഞ്ഞത്ത് സ്വപ്നക്കപ്പൽ നങ്കൂരമിടുമ്പോൾ പ്രധാന പദവിയുള്ള ഉദ്യോഗസ്ഥനായി മലയാളി; ആദ്യ കപ്പലിന്റെ ക്യാപ്റ്റൻ യുക്രൈന്‍ സ്വദേശി; ട്രയൽ റൺ നടത്തുന്നതോടെ തുറമുഖം യാഥാർത്ഥ്യമായെന്ന് സർക്കാർ പ്രഖ്യാപിക്കും; തദ്ദേശ, നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നും പ്രതീക്ഷ; ആദ്യ കപ്പലിന് പിന്നാലെ ലോകത്തെ വലിയ കപ്പൽകമ്പനിയുടെ മദർഷിപ്പും വരും; വിഴിഞ്ഞം ഇനി ഷിപ്പുകളുടെ നഗരമാവും

 തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു. 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായി

New Update
vizhinjam port-1

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്ന ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയിലെ 22 ക്രൂ അംഗങ്ങളിൽ അഞ്ച് ഇന്ത്യക്കാരും ഒരു മലയാളിയും. ആദ്യ കണ്ടെയ്നർ കപ്പലായ സാൻഫെർണാണ്ടോയുടെ ക്യാപ്റ്റൻ യുക്രൈന്‍ സ്വദേശിയാണ്. തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായി സർക്കാർ പ്രഖ്യാപിക്കും. ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കും. 

Advertisment

12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ 'സാൻ ഫെർണാണ്ടോ  മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. വിഴിഞ്ഞത്ത് കപ്പലെത്തിച്ച വികസനം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടായി മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 


അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യും.


  സംസ്ഥാനസർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനർ കപ്പലായ സാൻ ഫെർണാണ്ടോ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും. ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്.

ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി  വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.

ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും.

വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റ് പൂർണതോതിൽ നടക്കും.


 തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു. 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായി.


 സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമായി.

വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്‌നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്‌ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖ വിജയത്തിന് അത്യന്താപേക്ഷിതമാണ്.

 ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന പ്രവർത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്നറുകൾ (ചരക്കുകൾ നിറച്ച കണ്ടെയ്നർ) വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നത്.

ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ 10ന് നങ്കൂരമിടുന്നതിന് പിന്നാലെ അതിലും വലിയ മദർഷിപ്പുകൾ വരും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പാണ് അടുത്തതായി വരുന്നത്. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ളതാണ് സാൻ ഫെർണാണ്ടോ കപ്പൽ. ഇതിലും വലുതാണ് ജൂലായ് അവസാനത്തോടെ വരുന്ന എം.എസ്.സിയുടെ കപ്പൽ. ഇതിന് 400മീറ്ററിലേറെ നീളമുണ്ടാവും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാവും വരവ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയാനാവും. ഈ കപ്പലിന്റെ ചാർട്ടിംഗ് പുരോഗമിക്കുകയാണ്.

സാൻ ഫെർണാണ്ടോ കപ്പലിൽ എത്തിക്കുന്ന കാർഗോ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവാൻ രണ്ട് ഫീഡർ കപ്പലുകളും എത്തുന്നുണ്ട്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ രണ്ട് ഫീഡർ കപ്പലുകളാണെത്തുന്നതെന്നാണ് സൂചന. ഇതിലൊരെണ്ണം 13ന് വിഴിഞ്ഞത്ത് എത്തും. അടുത്ത രണ്ട് മാസം ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും.

രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാം. ഇവിടെയിറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിൽ രാജ്യത്തെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്കും ഇറക്കാം. അതോടെ ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം വളരും. യൂറോപ്പ്, ഗൾഫ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽ പാതയോട് 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം എന്നതാണ് അനുകൂലം.

വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്തു കപ്പലുകളെ നിയന്ത്രിക്കുക. എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് ഓട്ടമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനമെല്ലാം ഇതിൽ ഭദ്രമായിരിക്കും. ആദ്യഘട്ടത്തിൽ പ്രതിവർഷം 10ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞത്തെത്തും. പൂർണസജ്ജമാവുമ്പോൾ ഇത് 30 ലക്ഷമാവും.

Advertisment