/sathyam/media/media_files/JbAqCogSWve2D6YN9zwy.jpg)
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ വി.എസ് ജോയിയുടെ പ്രതികരണവും വന്നതോടെ കുത്തിത്തിരുപ്പുകാർക്ക് നിരാശ.
ഷൗക്കത്തിന് അഭിവാദ്യം അറിയിച്ചുകൊണ്ട് വി.എസ്.ജോയി നടത്തിയ പ്രതികരണം മാതൃകാപരം തന്നെ. നിങ്ങൾ എത്ര കോലിട്ടിളക്കിയാലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന മറുപടി തന്നിൽ നിന്നും ലഭിക്കില്ലെന്നും ജോയി മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.
ആയിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിച്ചാലും പാർട്ടിയേയും പ്രവർത്തകരെയും നിരാശപ്പെടുത്തുന്ന നിലപാട് താൻ സ്വീകരിക്കില്ലെന്ന വിഎസ് ജോയിയുടെ പ്രഖ്യാപനം രാഷ്ട്രീയ എതിരാളികളെ ഉന്നംവച്ചുള്ളതായിരുന്നു.
പി.വി അൻവറിന്റെ പിന്തുണയുടെ ആവശ്യം ഇല്ലെന്നും ജോയിയുടെ വാക്കുകളിൽ നിന്നും വ്യക്തം. നേരത്തെ വി.എസ്.ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചു കൊണ്ടാണ് കോൺഗ്രസ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ തന്നെ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങളെന്ന് വി.എസ്.ജോയി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ജോയി പങ്കുവെച്ച പോസ്റ്റ് ഷാഫി പറമ്പിൽ എംപി ഷെയർ ചെയ്യുകയും ചെയ്തു. നമ്മൾ ജയിക്കും നിലമ്പൂരിനും കേരളത്തിനും നല്ലത് വരുമെന്ന കുറിപ്പോട് കൂടിയാണ് ഷാഫി പറമ്പിൽ പോസ്റ്റ് പങ്കുവെച്ചിരുന്നത്.