/sathyam/media/media_files/2025/06/29/images-17-2025-06-29-00-16-51.jpg)
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ വി.എസ്.അച്യുതാനന്ദൻെറ ആരോഗ്യനില മാറ്റമില്ലാതെ തുടരുമ്പോൾ ആശുപത്രിക്ക് പുറത്ത് സർവസന്നാഹങ്ങളുമായി നിൽക്കുകയാണ് ചാനൽ സംഘങ്ങൾ.
വി.എസിൻെറ ആരോഗ്യനില അപകട നിലയിലേക്ക് എത്തുമെന്ന് ആശങ്ക ശക്തമായതോടെയാണ് പൂർണസമയ ലൈവ് സംപ്രേഷണത്തിനായി ചാനൽ സംഘങ്ങൾ തയാറെടുത്തിരിക്കുന്നത്.
വാർത്താ ചാനലുകൾ തമ്മിൽ റേറ്റിങ്ങിനായി ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നതിനാലാണ് ഇത്ര വലിയ തയാറെടുപ്പ് 102 വയസുളള വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനില വഷളായി അപകടം സംഭവിച്ചാൽ അത് വലിയ വാർത്താ ഈവൻറായി മാറുമെന്ന് കണ്ടാണ് ചാനൽ പ്രമുഖന്മാർ മുഴുവൻ സന്നാഹങ്ങളുമായി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്.
റിപോർട്ടർമാരും ക്യാമറാമാന്മാരും അടങ്ങുന്ന വിപുലമായ സംഘത്തിനൊപ്പം ചാനൽ ലോഗോ പതിച്ച ബസും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നിർത്തിയാണ് റിപോർട്ടർ ടിവിയുടെ തയാറെടുപ്പ്.
വി.എസ്. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രി പരിസരത്ത് 24 മണിക്കൂറും റിപോർട്ടർ ടിവി ലേഖകനെയും ക്യാമറാമാനെയും വിന്യസിച്ചിട്ടുണ്ട്.
റിപോർട്ടറുമായി ഒന്നാം സ്ഥാനത്തിന് പോരടിക്കുന്ന ഏഷ്യാനെറ്റ് ന്യൂസും യുദ്ധസമാന ക്രമീകരണങ്ങൾ ഒരുക്കി തയാറായി നിൽപ്പുണ്ട്. ചാനൽ ആസ്ഥാനം തിരുവനന്തപുരം തന്നെയായതിനാൽ ഏഷ്യാനെറ്റ് ന്യൂസിന് പുറത്ത് നിന്ന് സംഘത്തെ എത്തിക്കേണ്ടി വരുന്നില്ലെന്ന് മാത്രം.
വിനു വി.ജോണും പി.ജി.സുരേഷ് കുമാറും അടക്കമുളള അവതാരകരുടെ നേതൃത്വത്തിലുളള സംഘത്തെയാണ് ഏഷ്യാനെറ്റ് ന്യൂസ് വി.എസ് വാർത്ത റിപോർട്ട് ചെയ്യാൻ സജ്ജരാക്കി നിർത്തിയിരിക്കുന്നത്.
ആലപ്പുഴയിലേക്ക് കൊച്ചി ബ്യൂറോയിൽ നിന്ന് വിപുലമായ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. റേറ്റിങ്ങിലെ മുന്നാം സ്ഥാനക്കാരായ ട്വന്റി ഫോർ ന്യൂസും ആദ്യ രണ്ട് ചാനലുകളോട് കിടപിടിക്കത്തക്ക വലിയ സന്നാഹങ്ങളുമായി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്.
ട്വന്റി ഫോറിൻെറ പ്രധാന അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമും എസ്.വിജയകുമാറും എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടവും നേതൃത്വം നൽകുന്ന ടീമാണ് വി.എസ് വാർത്ത റിപോർട്ട് ചെയ്യാൻ തയാറെടുത്തിരിക്കുന്നത്.
മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് മലയാളം 24x7,ന്യൂസ് 18 മലയാളം തുടങ്ങിയ ചാനലുകളും വാർത്താ സംഘത്തെ ഒരുക്കി നിർത്തി കാത്തിരിക്കുകയാണ്.
മാധ്യമ പ്രവർത്തകനായ കലവൂർ രവികുമാർ തിരക്കഥ എഴുതിയ 'സ്വലേ' എന്ന സിനിമയുടെ കഥക്ക് സമാനമായ രീതിയിലാണ് കാര്യങ്ങൾ.പ്രമുഖ സാഹിത്യകാരൻെറ മരണവാർത്ത പ്രതീക്ഷിച്ച് അദ്ദേഹത്തിൻെറ നാട്ടിൽ തമ്പടിച്ച പത്ര പ്രവർത്തകരുടെ അവസ്ഥയായിരുന്നു സിനിമയുടെ ഇതിവൃത്തം.
ഏതാണ്ട് ഇതിന് സമാനമായ രീതിയിലാണ് വി.എസിൻെറ നിര്യാണ വാർത്ത റിപോർട്ട് ചെയ്യാനുളള വാർത്താ ചാനലുകളുടെ കാത്തിരിപ്പ്.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ചാനൽ അവതാരകർ ഹോട്ടലുകളിൽ മുറിയെടുത്തിരിക്കുകയാണ്. ഹോട്ടലിലിരുന്ന് മുഷിയുമ്പോൾ ഇവരിൽ ചിലർ ഇടക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ച് പോകുന്നുമുണ്ട്.
എഡിറ്റോറിയൽ ബോർഡ് അംഗം പി.ആർ.സുനിലിൻെറ നേതൃത്വത്തിൽ 15 ക്യാമറകളും റിപോർട്ടമാരും ലൈവ് സന്നാഹങ്ങളുമായാണ് റിപോർട്ടർ ടി.വിയുടെ സംഘം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നത്.
റിപോർട്ടർ തിരുവനന്തപുരം ബ്യൂറോയിൽ പരിചയസമ്പന്നരായവരില്ലാത്തത് കൊണ്ട് ഡൽഹിയിൽ നിന്ന് പി.ആർ.സുനിലിനെ ഇവിടേക്ക് നിയോഗിക്കുകയായിരുന്നു.
സഹപ്രവർത്തകർ പരാതി ഉന്നയിച്ചതോടെ വിവാദത്തിലായ തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് ഇടത് പക്ഷത്തിന് സ്വീകാര്യനുമല്ല.
ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ എ.സി ലോഫ്ളോർ കെ.എസ്.ആർ.ടി.സി ബസ് ഇറക്കി റിപോർട്ടർ ടിവി സംഘം വിലാപയാത്രക്ക് ഒപ്പം പുതുപ്പളളിയിലേക്ക് പോയിരുന്നു. റിപോർട്ടർ ടിവിയുടെ ഈ നീക്കം ഇതര ചാനലുകളെ ഞെട്ടിച്ചുകളഞ്ഞിരുന്നു.
ബസിന് പിന്നാലെ റിപോർട്ടർ വാഹന വ്യൂഹവും കൂടിയായപ്പോൾ എല്ലാ ഫ്രെയിമിലും റിപോർട്ടർ ടിവി എന്നതായിരുന്നു സ്ഥിതി. അതേ രീതി തന്നെ വി.എസിൻെറ കാര്യത്തിലും ആവർത്തിക്കാനാണ് നീക്കം.
അപകട വാർത്ത പുറത്തുവന്നാൽ ഉടൻ ബസിൽ കയറിയിരുന്ന് ലൈവ് സംപ്രേഷണത്തിനായി ആൻേറാ അഗസ്റ്റിനും ഡോ.അരുൺ കുമാറും ജിമ്മി ജെയിംസും എത്തും. വി.എസിൻെറ ജന്മനാടായ ആലപ്പുഴയിൽ നിന്നുളള ലൈവ് വാർത്താ സംപ്രേഷണത്തിനായി സ്മൃതി പരുത്തിക്കാടിൻെറ നേതൃത്വത്തിലുളള സംഘവും എത്തും.
വി.എസ് നിറഞ്ഞാടിയ കാലത്തിനൊപ്പം സഞ്ചരിച്ചതിനാൽ ലഭിച്ച ദൃശ്യങ്ങളും പ്രസംഗങ്ങളും മൂഹൂർത്തങ്ങളും അടങ്ങുന്ന അതിവിശാലമായ ദൃശ്യശേഖരമാകും ഏഷ്യാനെറ്റിനെ ഇതര ചാനലുകളിൽ നിന്ന് വ്യത്യസ്തമാക്കാൻ പോകുന്നത്.
എന്നാൽ വാർത്താ സംപ്രേഷണ ശൈലി അവതാരകരുടെ വാതോരാതെയുളള ലേലം വിളിക്ക് വഴിമാറിയതിനാൽ ഇതൊക്കെ എത്രകണ്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്നതിൽ മാത്രമാണ് സംശയം.