/sathyam/media/media_files/2024/11/01/7GeKvDHswmiywjOlUMiW.jpg)
കോട്ടയം: ഉദ്ഘാടനങ്ങള്‍ക്കും തറക്കല്ലിടാനുമൊക്കെ 100 കിലോമീറ്ററിനു മുകളില്‍ സ്പീഡില്‍ പോണോ ? ഇരുപതോളം വാഹനങ്ങളുടെ അകമ്പടിയോടെ നിരത്തില്‍പായുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മുതല്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ കാറുകളും പൈലറ്റ് വാഹനങ്ങളും നിരത്തിലൂടെ പായുന്നതു പൊതുജനത്തിന്റെ ജീവനു ഭീഷണി ഉയര്‍ത്തുന്നു.
വി.വി.ഐ.പികള്‍ എന്ന പരിഗണനിയില്‍ ഗതാഗത നിയമങ്ങൾ കാറ്റില്‍പറത്തിക്കൊണ്ടാണു മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും മത്സരയോട്ടം. എന്നാല്‍, ഈ ഓട്ടമെല്ലാം ഉദ്ഘാടനത്തിനും തറക്കല്ലിടാനും പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനുമാണെന്ന് ഓര്‍ക്കുമ്പോഴാണു 'പൊതുജനം കഴുത' എന്ന ചൊല്ല് അര്‍ഥവത്താകുന്നത്.
എമര്‍ജന്‍സി സര്‍വീസുകള്‍ അതിവേഗം പോകുന്നതിനു തടസമില്ലെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്കുപോലും പൈലറ്റും എസ്‌കോർട്ടുമായായി അമിത വേഗത്തില്‍ പായുന്ന മന്ത്രി വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതു പതിവാണ്.
മുഖ്യന്റെ വാഹനവ്യൂഹം
അപകടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമാണ്. മുഖ്യമന്ത്രി സെക്രട്ടറിയേറ്റു വളപ്പിനു പുറത്തു കടക്കണമെങ്കില്‍ പൈലറ്റും എസ്‌കോര്‍ട്ടും ആമ്പുലന്‍സും ഫയര്‍ എന്‍ജിനും ഉള്‍പ്പടെ ചുരുങ്ങിയത് 20 വാഹനങ്ങള്‍ എങ്കിലും വേണ്ടി വരും.
നിരത്തില്‍ നൂറു കിലോമീറ്ററിനു മുകളിൽ വേഗതയില്‍ വാഹനം ഓടുന്ന സന്ദര്‍ഭങ്ങള്‍ വളരെ ചുരുക്കമാണെന്നാണു പൊതുജന സംസാരം. അതു തെളിയിക്കുന്ന വിധത്തിലാണു സംഘത്തിന്റെ പാച്ചില്‍.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകാന്‍ മറ്റുവാഹനങ്ങളെ ഏറെ നേരം തടഞ്ഞുവെക്കുകയും പൊതുജനം പ്രതിഷേധം ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
പത്തനാപുരം കല്ലിക്കടവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന ഫയര്‍ഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ടു തെരുവുവിളക്ക് ഇടിച്ചു തകര്‍ത്തിരുന്നു.
പിന്നീട് നവകേരള യാത്രയുടെ ഭാഗമായി കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപായപ്പെടുത്തും വിധം മുഖ്യമന്തിയുടെ വാഹന വ്യൂഹത്തിലെ പൈലറ്റു വാഹനങ്ങള്‍ ഓടിച്ച സംഭവങ്ങളുമുണ്ടായി. അന്നു കടുത്ത പ്രതിഷേധമാണു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പക്ഷേ, ഒരു തിരുത്തല്‍ നടപടിക്കും മുഖ്യമന്ത്രി തയാറായിരുന്നില്ല.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ഇന്നു സ്വകാര്യ ബസ് കയറിയ വാര്‍ത്തയാണു ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി കോവൂരില്‍ നിന്നു കോഴിക്കോട്ടേക്കു വരുന്നതിനിടെ കോട്ടുളിയില്‍ വെച്ചായിരുന്നു സംഭവം.
കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ബസ് കസ്റ്റഡിയിെലടുത്തു. അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ചു ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് ഒരു കാരണവശാലും മറികടക്കാന്‍ പാടില്ലാത്ത മഞ്ഞവരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുകയും അപകടം ഉണ്ടാക്കുകയും ചെയ്തിരുന്നു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആദ്യ പൈലറ്റ് വാഹനം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പെട്ടെന്നു ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കു പഠിക്കുന്ന മന്ത്രിമാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അപകടത്തില്‍പ്പെട്ട മന്ത്രിമാരുടെ വാഹനങ്ങളും പൈലറ്റ് വാഹനങ്ങളും നിരവധിയാണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള രക്ഷാ ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിലേക്കു പോകുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ വച്ചായിരുന്നു അപകടം. എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച വാഹനം റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്കു പരിക്കേറ്റിരുന്നു.
ഏപ്രില്‍ 2ന് മന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച കാര്‍ കായംകുളത്ത് അപകടത്തില്‍പെട്ടിരുന്നു. മന്ത്രിയുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിച്ചാണു നിന്നത്.
2023 ജൂലൈയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. പൈലറ്റ് വാഹനം വേഗതയില്‍ വന്നതാണ് അപകടത്തിനു കാരണം.
അടൂരില്‍ നിന്നും പുനലൂരിലേക്ക് വരികെയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം നെടുമങ്ങാട് ആശുപത്രിയില്‍ നിന്നും കൊട്ടാരക്കരയിലേക്കു രോഗിയുമായി വരികെയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. അന്ന് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ അതിവേഗം പാഞ്ഞതായിരുന്നു മന്ത്രി എന്നായിരുന്നു പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍.
2022 ജനുവരി 3ന് മന്ത്രി വി.എന്‍ വാസവന്റെ ഔദ്യോഗിക വാഹനവും അപകടത്തില്‍പ്പെട്ടു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു ഗണ്‍മാനു പരിക്കേറ്റിരുന്നു. മെയ് മാസത്തില്‍ അന്നു മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്റെ വാഹനവും അപകടത്തില്‍പ്പെട്ടു.
2021 ഒക്‌ടോബറില്‍ മന്ത്രി ചിഞ്ചുറാണിയുടെ വാഹനവും അപകടത്തില്‍പ്പെട്ടിരുന്നു. അതേ സമയം അപകടം ഉണ്ടാകുമ്പോള്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും ഉടന്‍ ചികിത്സ ഉറപ്പാക്കാനും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നതാണു ഏക ആശ്വാസം.
കോടതി ഇടപെടുമോ ?
വി.വി.ഐ.പികളുടെ മരണപ്പാച്ചില്‍ തടയാന്‍ കോടതിക്കു മാത്രമേ സാധിക്കൂ. എമര്‍ജന്‍സി സര്‍വീസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ അമിത വേഗത്തില്‍ പായുന്നത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
അതേസമയം കോടതി ഇടപെട്ടാലും കാര്യമായ മാറ്റം സംഭവിക്കാന്‍ സാധ്യതയില്ലെന്ന് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നു. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതു പാലായിലെ നടന്നൊരു സംഭവമാണ്.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹവ്യൂഹം കടന്നു പോകുന്നതായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ പാലാ മജിസ്‌ട്രേറ്റ് കുടുങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി കോഴയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയത്താണു പാലാ മജിസ്‌ട്രേറ്റിന്റെ ഉള്‍പ്പെടെ നിരവധി വാഹനങ്ങൾ പിടിച്ചിട്ടത്.
തുടര്‍ന്നു ക്ഷുഭിതനായ മജിസ്‌ട്രേറ്റ് കുറവിലങ്ങാട് എസ്‌ഐയെ കോടതിയില്‍ വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തു. മുഖ്യമന്ത്രിയ്ക്കു സുരക്ഷ ഒരുക്കാന്‍ മജിസ്‌ട്രേറ്റിനെ അടക്കം തടയേണ്ടി വന്നതോടെ അന്നു പുലിവാല്‍ പിടിച്ചതു പൊലീസായിരുന്നു.
സാധാരണക്കാര്‍ക്കു റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നു കോടതി ചോദിക്കുകയും ചെയ്തു. എന്നാല്‍, മജിസ്‌ട്രേറ്റ് താക്കീതു ചെയ്തിട്ടും മുഖ്യമന്ത്രയുടെ വാഹന വ്യൂഹം കടന്നുപോകാന്‍ ഇപ്പോഴും സാധാരണക്കാരന്റെ വാഹനങ്ങള്‍ പിടിച്ചുന്നതു പതിവാണ്.