/sathyam/media/media_files/2024/12/22/wyKymizejDSWgss5hkwh.webp)
തിരുവനന്തപുരം: നാനൂറോളം പേർ മരിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതോടെ, കേരളത്തിന് കൂടുതൽ സഹായം ലഭിക്കാനും പുനരധിവാസം വേഗത്തിലാവാനും വഴിയൊരുങ്ങി.
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ 3 കാറ്റഗറി) പ്രഖ്യാപിക്കപ്പെട്ടതോടെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിലും തീരുമാനമുണ്ടാവും.
അതിതീവ്ര ദുരന്തമേഖലയായി പ്രഖ്യാപിക്കാൻ ഹൈ പവർ കമ്മിറ്റി ചേരേണ്ടതുണ്ടെന്നും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ലെന്നുമാണ് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
ലെവൽ 3 കാറ്റഗറിയിലുള്ള ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള സഹായം ലഭിക്കും.
.
അതിതീവ്ര ദുരന്തമായാൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്ന് അധിക സാമ്പത്തിക സഹായത്തിന് അർഹതയായി.
വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തി സംസ്ഥാനം നൽകിയ പ്രൊവിഷ്യൻ ഡിസാസ്റ്റർ മാനേജ്മെന്റ് അസസ്മെന്റ് റിപ്പോർട്ട് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
ദുരന്തമുണ്ടായി 5മാസം കഴിഞ്ഞപ്പോഴാണ് കേന്ദ്ര പ്രഖ്യാപനം വന്നത്. വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ടങ്ങൾ പ്രകാരം ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന വ്യവസ്ഥ മനസിലാക്കികൊണ്ടുള്ള അപേക്ഷയാണ് സംസ്ഥാനം സമർപ്പിച്ചിട്ടുള്ളത്.
വയനാടിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി കണക്കാക്കി സഹായം നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
തീവ്രസ്വഭാവമുള്ള ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ അവിടേക്ക് കേന്ദ്രസർക്കാർ അധികസഹായം നൽകണം. കൂടാതെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണ നൽകണം.
ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക ഫണ്ടിനും ഈ സംസ്ഥാനം അർഹത നേടും. കൂടാതെ വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും.
2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്.
എന്നാൽ 2014ൽ ചെന്നൈയിലും 2018ൽ കേരളത്തിലുമുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിയമത്തിൽ അത്തരമൊരു വ്യവസ്ഥയില്ലെന്ന് കാട്ടി അന്ന് നിരാകരിച്ചെങ്കിലും കൂടുതൽ സാമ്പത്തിക സഹായം സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു.
സംസ്ഥാന ദുരന്തപ്രതികരണവ്യവസ്ഥയനുസരിച്ച് 614.60കോടിയുടേയും അതിന് പുറമെയുള്ള സ്ഥലങ്ങളിൽ 587.5കോടിയുടേയും ഉൾപ്പെടെ 1202കോടിയുടെ നാശനഷ്ടമുണ്ടെന്നാണ് കേരളത്തിന്റെ അപേക്ഷയിലുള്ളത്.
നഷ്ട പരിഹാരം അടക്കം 2219.033 കോടി സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മുന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തമാണ് 'അപൂർവ്വ തീവ്രതയുള്ള ദുരന്തം'.
എന്നാൽ എന്താണ് അപൂർവ തീവ്രതയുള്ള ദുരന്തം എന്നത് സംബന്ധിച്ച് കൃത്യമായ നിർവ്വചനം നൽകിയിട്ടില്ല. ദുരന്തത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്.
കുടുതൽ ജീവനാശം,നാശനഷ്ടം, പരിസ്ഥിതിശോഷണം തുടങ്ങിയവയെല്ലാം പരിശോധിച്ചാകും ദുരന്തത്തിന്റെ കാറ്റഗറി പ്രഖ്യാപിക്കുക.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള 36 കോടി രൂപ അടക്കം എൻ.ഡി.ആർ.എഫിന് കീഴിൽ 214.68 കോടി രൂപയുടെ താത്‌ക്കാലിക സഹായം സംസ്ഥാനം തേടിയിരുന്നു. എന്നാൽ, 153.47 കോടി രൂപയാണ്അന്ന്അനുവദിച്ചത്.
കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.
മേപ്പാടി ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് തീവ്രസ്വഭാവമുള്ള ദുരന്തം ആയി പ്രഖ്യാപിക്കുക, ദുരന്തനിവാരണ നിയമത്തിന്റെ 13ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുക,
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അടിയന്തര സഹായം അനുവദിക്കുക.
പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
ഇതിന് പുറമെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ് (പി .ഡി .എൻ. എ) നടത്തി വിശദമായ റിപ്പോർട്ട് നവംബർ 13 ന് കേന്ദ്രത്തിന് നൽകി.
റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.
ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വയനാടിന്റെ അത്രയും തീവ്രത ഇല്ലാത്ത ദുരന്തങ്ങൾ ഉണ്ടായിട്ടും വളരെ വേഗത്തിലാണ് കേന്ദ്ര സഹായം ലഭ്യമാക്കിയത്.