വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. പുനരധിവാസം ഇനി വൈകില്ലെന്ന് സർക്കാർ. വരുന്നത് സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പുകൾ. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കാൻ മുഖ്യമന്ത്രി. 2221കോടി കേന്ദ്രസഹായം കാത്തിരിക്കാതെ സംസ്ഥാനം പുനരധിവാസം തുടങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
H

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെ, പുനരധിവാസത്തിന് ടൗൺഷിപ്പുകൾ നിർമ്മിക്കുന്നതിന് സർക്കാരിനുള്ള തടസം നീങ്ങി.

Advertisment

നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നാണ് ഹൈക്കോടതി ഉത്തരവ്. 2221കോടിയുടെ പുനർനിർമ്മാണ ചെലവിന്റെ കണക്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഇതിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.


കേന്ദ്രസഹായം അനുവദിക്കുന്നതു വരെ കാത്തുനിൽക്കാതെ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം.


സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പാവും നിർമ്മിക്കുക. ഊരാളുങ്കലിന് നി‌ർമ്മാണചുമതല കൈമാറുന്നതാണ് പരിഗണനയിൽ.

d

വയനാട് ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് വീടും നിർമ്മാണസാമഗ്രികളുമടക്കം വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ മുഖ്യമന്ത്രി വിളിക്കും.


സംസ്ഥാന സർക്കാരുകളുടെയും സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളുടെ യോഗം രണ്ടു ഘട്ടമായി ചേരും. പരമാവധി സഹായം സ്വരൂപിക്കാനാണ് സർക്കാരിന്റെ ശ്രമം. ഒരു വീട് വാഗ്ദാനം ചെയ്തവരുമായിപ്പോലും ചർച്ച നടത്തും.


ടൗൺഷിപ്പുകൾ നിർമ്മിക്കാൻ കണ്ടെത്തിയ 2എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കേസിൽ ഉത്തരവുണ്ടായാൽ കേന്ദ്രസഹായത്തിന് കാത്തുനിൽക്കാതെ ഒരു മണിക്കൂറിനകം പുനരധിവാസത്തിന് നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നേരത്തേ പറഞ്ഞിരുന്നു.

wayanad disaster relief

ഹൈക്കോടതി ഉത്തരവുണ്ടായതോടെ ഇനി പന്ത് സർക്കാരിന്റെ കോർട്ടിലാണ്. ടൗൺഷിപ്പ് വേണമെന്നതിനാലാണ് പുനരധിവാസത്തിന് പ്ലാന്റേഷനുകൾ വേണ്ടിവന്നത്.

ഏറ്റവും സുരക്ഷിതമായ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കാൻ സമയെടുക്കുമെന്നതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം വേഗത്തിൽ ഏറ്റെടുക്കുന്നത്.


ഭൂമിവില കോടതിയിൽ കെട്ടിവയ്ക്കും. ഉടമസ്ഥാവകാശ തർക്കം തീരുമ്പോൾ യഥാർത്ഥ അവകാശികൾക്ക് പണം കൈമാറാം.


ടൗൺഷിപ്പിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് നഷ്ടപരിഹാരം പണമായി നൽകും. ദുരന്തബാധിതരുടെ ആദ്യപട്ടിക ഉത്തരവിറങ്ങിയിട്ടുണ്ട്.

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധി മനുഷ്യൻ്റെ ഹൃദയം അറിഞ്ഞു കൊണ്ടുള്ള വിധിയാണെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.

k rajan minister

ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കൽ - പുനരധിവാസ നിയമ പ്രകാരം നൽകും. പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ല.


നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്ത നിവാരണ നിയമം കൂടി ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയത്. മുൻകൂറായി ഭൂമി ഏറ്റെടുക്കൽ നടത്തുമ്പോൾ പണം കിട്ടാതെ വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ കോടതിയെ സമീപിച്ചത്.


ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര പഠന സംഘത്തിൻ്റെ റിപ്പോർട്ടനുസരിച്ച് ഒമ്പത് കേന്ദ്രങ്ങൾ സുരക്ഷിത വാസയോഗ്യമായി കണ്ടെത്തി.

ദുരന്തബാധിതരുടെയും വയനാട്ടെ സർവകക്ഷി യോഗത്തിൻ്റെയും അഭിപ്രായം അനുസരിച്ച് മേപ്പാടിയോട് ചേർന്ന നെടുമ്പാല, എൽസ്ട്രോൺ എസ്റ്റേറ്റുകളാണ് ഇതിനായി സർക്കാർ നിശ്ചയിച്ചത്.


ശേഷിക്കുന്നവരെ എല്ലാം ഒരിടത്ത് താമസിപ്പിക്കണം എന്ന അവരുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.


ഇതിനായുള്ള നടപടികൾക്ക് പ്രത്യേക മന്ത്രിസഭാ യോഗം നേരത്തേ തന്നെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. അന്തിമാനുമതി അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാവും.

ജനുവരിയിൽ പൂർത്തിയാക്കുന്ന ദുരന്തബാധിതരുടെ രണ്ടാംഘട്ട പട്ടികയിൽ അർഹരായ മുഴുവൻ ആളുകൾ മാത്രമല്ല, തകർന്ന ലയങ്ങളിൽ താമസിച്ചിരുന്നവരും ഉൾപ്പെടുമെന്നും കെ രാജൻ പറഞ്ഞു.

Advertisment