ബേലൂര്‍ മഗ്ന ദൗത്യം; വീണ്ടും പ്രതിസന്ധിയില്‍

New Update
belur makhnaUntitled.jpg

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയില്‍. ബേലൂര്‍ മഗ്‌ന കര്‍ണാടക വനത്തില്‍ തുടരുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിന്റെ വനമേഖലയില്‍ എത്തിയാലേ ആനയെ മയക്കുവെടി വെക്കാനാവു എന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാനവെല്ലുവിളി.

കൂസലില്ലാതെ പതിനൊന്നാം ദിവസവും ആളെകൊല്ലി കാട്ടാനയുടെ സൈ്വര്യവിഹാരം തുടരുകയാണ്. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മച്ചൂര്‍ മേഖലയിലാണ് നിലവില്‍ ബേലൂര്‍ മഗ്ന നിലയുറപ്പിച്ചിരിക്കുന്നത്. കബനി നദി നീന്തിക്കടന്നാണ് ആന കര്‍ണാടകവനത്തിലെത്തിയത്. മയക്കുവെടിക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി ട്രാക്കിംഗ് ടീം പിന്നാലെയുണ്ടെങ്കിലും കര്‍ണാടക വനത്തില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകില്ല.

ആന തിരിച്ച് കേരളവനമേഖലയില്‍ എത്തിയാല്‍ മാത്രമേ മയക്കുവെടിവെക്കാനാകൂ എന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി. കര്‍ണാടക വനം വകുപ്പും ബേലൂര്‍ മഗ്‌നയെ നിരീക്ഷിച്ചുവരികയാണ്. കര്‍ണാടകയില്‍ നിന്നുള്ള 25 അംഗ ടാസ്‌ക് ഫോഴ്‌സും ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുകയാണ്.

മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ഒരിടത്തും നില്‍ക്കാതെ സഞ്ചരിക്കുന്നതും വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആനയുടെ തൊട്ടടുത്ത് ദൗത്യസംഘം എത്തിയിരുന്നെങ്കിലും മയക്കുവെടി വെക്കാന്‍ കഴിഞ്ഞില്ല. പതിനൊന്നാം ദിവസവും ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.

Advertisment
Advertisment