ഉരുള്‍ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പുള്ള തിരഞ്ഞെടുപ്പാണോ വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണം. പ്രിയങ്കയ്ക്ക് 5ലക്ഷം ഭൂരിപക്ഷമെന്ന സ്വപ്നം നടക്കുമോ? ചേലക്കരയില്‍ കാര്യങ്ങള്‍ പ്രവചിക്കാനാവില്ല. 10,000വോട്ടിന് ജയിക്കുമെന്ന് എല്‍.ഡി.എഫ്. 5000 വോട്ടിന് അട്ടിമറിക്കുമെന്ന് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പുകളിലെ മുന്നണി വിലയിരുത്തലുകള്‍ ഇങ്ങനെ?

വയനാട്ടിലെ 14.71 ലക്ഷം വോട്ടുകളില്‍ 9.52ലക്ഷം മാത്രം പോള്‍ ചെയ്ത ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധിക്കുണ്ടാവുമെന്ന യു.ഡി.എഫ് പ്രതീക്ഷ പാളുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ELECTION 123
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:  വയനാട്ടിലെ 14.71 ലക്ഷം വോട്ടുകളില്‍ 9.52ലക്ഷം മാത്രം പോള്‍ ചെയ്ത ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധിക്കുണ്ടാവുമെന്ന യു.ഡി.എഫ് പ്രതീക്ഷ പാളുന്നു.

Advertisment

 പോളിംഗിലെ കുറവിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ് എന്ന വാദത്തിനാണ് പ്രാമുഖ്യം. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 8.85ശതമാനം വോട്ടുകള്‍ ഇത്തവണ പോള്‍ ചെയ്തില്ല. 

പ്രിയങ്കയുടെ വരവോടെ പോളിംഗ് ശതമാനം കുതിച്ചുകയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ഉരുള്‍ ദുരന്തത്തിന്റെ ആഘാതം മാറാത്ത നാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് കുറയുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.


വയനാട്ടില്‍ പൊതുവേ പോളിംഗ് കുറയുന്ന ട്രെന്‍ഡാണുള്ളത്. 2009ല്‍ 74.14ശതമാനമായിരുന്നു പോളിംഗ്. 2014ല്‍ 73.25ശതമാനമായി കുറഞ്ഞു. 2019ല്‍ രാഹുലിന്റെവരവോടെ അത് 80.33 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ രാഹുല്‍ വീണ്ടും മത്സരിച്ച കഴിഞ്ഞ ലോകസഭാ  തിരഞ്ഞെടുപ്പില്‍ അത് 73.57 ശതമാനമായി കുറഞ്ഞു.



അതിനിടെ, വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിക്കായി സി.പി.എം കാര്യമായി രംഗത്തിറങ്ങിയില്ലെന്നും പാലംവലിച്ചെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ട് മണ്ഡലത്തിലെത്തുകയും സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ പോലും മാറ്റുകയും ചെയ്തിരുന്നു.

 പക്ഷേ, താഴേത്തട്ടില്‍ സി.പി.എം വേണ്ടരീതിയില്‍ ആക്ടീവായിരുന്നില്ലെന്നാണ് ആക്ഷേപം.  ഇടത് സര്‍ക്കാരിനെ സി.പി.ഐ ജില്ലാ സെക്രട്ടറി ഇ. ജെ. ബാബു താറടിക്കുന്ന തരത്തില്‍ നടത്തിയ കുടുംബ യോഗത്തിലെ വിമര്‍ശനത്തിലെ വീഡിയോ തിരഞ്ഞെടുപ്പിന്റെ തലേന്നാണ് പ്രചരിച്ചത്.


വയനാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആനിരാജ സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനകളും സി.പി.എമ്മിനെ ചൊടിപ്പിച്ചു. തിരഞ്ഞെടുപ്പു കാലത്ത് മാത്രമുള്ള സൗഹൃദമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ളതെന്ന് പരസ്യമായ രഹസ്യമാണ്.


അതേസമയം, ബി.ജെ.പി ക്യാമ്പിലും അസ്വാരസ്യങ്ങളുണ്ട്. കേന്ദ്രമന്ത്രിമാരായ ജോജ്ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവരല്ലാതെ ദേശീയ നേതാക്കളാരും എന്‍.ഡി.എക്കായി വയനാട്ടില്‍ വന്നില്ലെന്ന ആക്ഷേപവുമുയരുന്നു.

  വയനാട്ടില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ചേലക്കരയിലെ സ്ഥിതി പ്രവചനാതീതമാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് ആരെയാണ് ബാധിക്കുകയെന്ന് മുന്നണികള്‍ക്ക് ഒരു നിശ്ചയവുമില്ല. 


എല്ലാ മുന്നണികളും എതിരാളികളെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സ്ത്രീ വോട്ടര്‍മാര്‍ എത് വശത്തേക്ക് ചാഞ്ഞുവെന്നതും നിര്‍ണായകമാണ്. 74.42 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. നാലായിരത്തിലേറെ വരുന്ന കന്നി വോട്ടര്‍മാരും ഫലത്തില്‍ നിര്‍ണായകമായിരിക്കും.


 കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.രാധകൃഷ്ണന് ആകെ പോള്‍ ചെയ്ത 1,53,315 പേരില്‍ 54.41 വോട്ടും കിട്ടിയിരുന്നു. യു.ഡി.എഫിന് ലഭിച്ചത് 28.71 ശതമാനം മാത്രമായിരുന്നു. ഇത്തവണ കാടിളക്കിയുള്ള പ്രചാരണം ഈ കണക്കില്‍ മാറ്റംവരുത്തുമെന്നാണ് പ്രതീക്ഷ.

കെ.രാധകൃഷ്ണന് ലഭിച്ച 39,400 വോട്ടിന്റെ ഭൂരിപക്ഷം എല്‍.ഡി.എഫ് അവകാശപ്പെടുന്നില്ല. പതിനായിരത്തില്‍ താഴെയുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് വോട്ടെടുപ്പിന് ശേഷം ഇടതു ക്യാമ്പിലെ വിലയിരുത്തല്‍. 

എന്നാല്‍ 5000 വോട്ടിന് രമ്യാ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. എന്‍.ഡി.എ നിര്‍ണായക ശക്തിയാവുമെന്ന് അവരും അവകാശപ്പെടുന്നു. 72.77 ശതമാനമാണ് അവിടുത്തെ പോളിംഗ്.


 തങ്ങളുടെ വോട്ടുകള്‍ പൂര്‍ണമായും രേഖപ്പെടുത്തിയതായി മൂന്നു മുന്നണികളും പറയുന്നു. എല്ലാ പഞ്ചായത്തുകളിലും എഴുപത് ശതമാനത്തിലേറെ പോളിംഗ് നടന്നിട്ടുണ്ട്.


എല്‍.ഡി.എഫ് ഭരിക്കുന്ന വരവൂര്‍, ദേശമംഗലം, വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍, ചേലക്കര, മുള്ളൂര്‍ക്കര പഞ്ചായത്തുകളില്‍ 72 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

 ഇതില്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ 75.06 ശതമാനമാണ് പോളിംഗ്. യു.ഡി.എഫ് ഭരിക്കുന്ന കൊണ്ടാഴിയില്‍ 73.82 ശതമാനവും തിരുവില്വാമലയില്‍ 70.75 ഉം പഴയന്നൂരില്‍ 72.44 പേരുമാണ് വോട്ട് ചെയ്തത്.

Advertisment