/sathyam/media/media_files/2025/02/05/GznVUoRZD3TcPSjRgsuk.jpg)
കോട്ടയം : കേരള ഖജനാവിൽ കാൽക്കാശില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പക്ഷേ എവിടെപ്പോകുന്നു നമ്മുടെ നികുതിപ്പണമൊക്കെ എന്ന ചോദ്യവും ശക്തമാണ്.
കഴിഞ്ഞവർഷം 24000 കോടിയുടെ അധികനികുതിവരുമാനമുണ്ടായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോഴും ശമ്പളത്തിനും പെൻഷനും മാസാമാസം കടമെടുപ്പാണ്.
പോലീസും മോട്ടോർവാഹനവകുപ്പും, ജിഎസ്ടി വിഭാഗവും ഫ്‌ളൈയിംഗ് സ്‌ക്വാഡും എക്സൈസും മൈനിംഗ് & ജിയോ ളജിയും എഐ ക്യാമറകളും മുഖേന റോഡുകളിൽ പെറ്റിയും ഫൈനും ചേർത്തു പിരിക്കുന്നുണ്ട് സർക്കാർ.
എല്ലാ സാധനങ്ങളും വിലയും ടാക്‌സും നൽകി വാങ്ങി ജനങ്ങൾ നിർമ്മിക്കുന്ന വീടിന് ഒറ്റത്തവണ ടാക്സ് എന്ന പേരിൽ വൻ തുക നൽകണം. വീടിന് ഒരു ഇഷ്ടിക അധിമായി വച്ചാൽ അളവ് നടക്കും.അതിനും പിഴയടയ്ക്കണം.
ലേബർ ഓഫീസർമാർക്കും വില്ലേജ് ഓഫീസർമാർക്കുമൊക്കെ ഇതാണിപ്പോൾ മുഖ്യ ജോലി. മറ്റൊരു സംസ്ഥാനത്തും ഇതൊന്നുമില്ല എന്നത് വാസ്തവം. വസ്തുവിനും വീടിനുമുള്ള കരമടച്ചാൽ മാത്രം മതിയാകും.
ഇനിയിതാ കിഫ്‌ബി വക ടോളും വരാൻ പോകുന്നത്രേ ? കടമെടുക്കുന്നതിന്റെ മറ്റൊരു വളഞ്ഞ വഴിയാണ് കിഫ്‌ബി. കേന്ദ്രം തരുന്നില്ല തരുന്നില്ല എന്ന് മന്ത്രിമാരൊന്നടങ്കം പറയുന്നു.അതിൻ്റെ കണക്കുകൾ ജനത്തോട് പറയേണ്ടതല്ലേ ...?
കോടതിഫീസുകൾ വരെ വർദ്ധിപ്പിച്ചു. സർക്കാരാശുപത്രികളിലും അതുതന്നെ അവസ്ഥ. റേഷൻ കടയുടമകൾക്ക് ക്ഷേമനിധിക്കായി ഇനി കാർഡുകാരോട് പിരിവു നടത്താൻ പോകുകയാണ്.
റേഷൻകടക്കാർക്ക് യൂണിയനുണ്ട്. പ്രതിഷേധിക്കാൻ കാർഡു ടമകൾക്ക് യൂണിയനില്ല.
പാർട്ടികളും നേതാക്കളും തീരുമാനിക്കുന്നു,അവരത് ജനത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു.
കുഞ്ഞുങ്ങളുടെ ഉച്ചക്കഞ്ഞിക്ക്, മരുന്നുവാങ്ങിയതിന്, റേഷൻകട ക്കാർക്ക്, ലൈസൻസ്,ആർസി ബുക്കുകൾ പ്രിന്റു ചെയ്യുന്നതിന്, കരാറുകാർക്ക് തുടങ്ങി ഒന്നിനും പണമില്ലെന്നാണ് പറയുന്നത്.
കെഎസ്ആർടിസിയിൽ നിലവിളിയാണ്. എന്നാൽ മന്ത്രിമാർ ,അവരുടെ യെല്ലാം പി.എ മാർ, നിരവധിയനവധിയായുള്ള ബോർഡുകളിലും, കമ്മീഷനുകളിലും വിരാജിക്കുന്ന രാഷ്ട്രീയക്കാർ ഇവർക്കൊക്കെ ഒന്നാം തീയതിതന്നെ ശമ്പളം കൃത്യമായി ലഭിക്കുന്നു..
വിഐപികൾ ,രാഷ്ട്രീയക്കാർ, നേതാക്കൾ, അധികാരികൾ , ഖനന - വ്യവസായ ലോബികൾ, ഇവരുടെയൊക്കെ ഇടനിലക്കാർ എന്നിവ രുടെ സ്വർഗ്ഗമായി കേരളം മാറിക്കഴിഞ്ഞു.
ഇതാണോ ജനത്തെ മോഹിപ്പിച്ച സ്ഥിതിസമത്വവും സോഷ്യലിസവും ...?
ഇന്ന് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ ബുദ്ധിമുട്ടിലാണ്. രാഷ്ട്രീയ സ്വാധീനമില്ലാതെ പോലീസിൽ ഒരു പരാതികൊടുത്താ ൽ നടപടിയില്ല. ഓഫീസുകളിൽ നൽകുന്ന അപേക്ഷ പരിഗണിക്കുന്നത് വിരളം .
മുൻകൂർ ഫീസ് നൽകിയിട്ടും ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവ ലഭിക്കുന്നില്ല. പലതരത്തിലുള്ള തട്ടിപ്പുകാരുടെ വിളനിലമായി കേരളം മാറിക്കഴിഞ്ഞു. സഹകരണ - സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നടന്ന തട്ടിപ്പുകൾ അനേകായിരം കോടികളുടേതാണ്. തലവച്ചു കൊടുത്ത സാധുക്കൾ തേങ്ങുകയാണ് .
ഇപ്പോൾ ഏറ്റവും പുതിയ ഭീമമായ തട്ടിപ്പു നടന്നിരിക്കുന്നത് പകുതിവിലയ്ക് സാധനങ്ങൾ നൽകാനെന്ന പേരിലാണ്.
ഇതൊക്കെ നിരീക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ഈ തട്ടിപ്പിൽ നിന്നൊക്കെ ജനത്തെ സംരക്ഷിക്കേണ്ടതും സംസ്ഥാന സർ ക്കാരാണ്. പൊലീസിലെ വിജിലൻസ് സംവിധാനവും , സ്‌പെഷ്യൽ ബ്രാഞ്ചും പിന്നെന്തിനാണ് ...?
ഈ തട്ടിപ്പുകളും വഞ്ചനകളുമൊക്കെ കണ്ടെത്തേണ്ട ജോലിയാണ് പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചുകാർക്കു ള്ളത് . ആരാണ് അവരോടു ചോദിക്കുക .?
പോലീസ് കംപ്ലയിന്റ് അതോറിറ്റികളിൽ പലപ്പോഴും അദ്ധ്യക്ഷ ന്മാരെ നിയമിക്കാറില്ല. നിയമിച്ചാൽത്തന്നെ 3 വർഷ കരാർ നിയമനമാണ്. അവർക്ക് പ്രത്യേക അധികാരങ്ങൾ ഒന്നുമില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ പദവി മാസങ്ങളായി ഒഴിഞ്ഞുകിടന്നു,ഫലമോ പരാതികൾ അവിടെ കുന്നുകൂടിക്കിടക്കുന്നു.
ഇതേപ്പറ്റിയൊന്നും നമുക്ക് പരാതിപ്പെടാൻ സംവിധാനമില്ല. അഥവാ പരാതിപ്പെട്ടാലും മറുപടിയില്ല. പ്രതി പക്ഷവും അനങ്ങില്ല. കാരണം അവർ പ്രതിനിധാനം ചെയ്യുന്ന സർക്കാരുദ്യോഗസ്ഥ രുടെ യൂണിയനുകളും അവർക്കു ജനത്തെക്കാൾ വലുതാണെന്നു തോന്നുന്നു
70 കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപ ചികിത്സാസഹായം ജനംതാനേ മറന്നുകൊള്ളുമെന്ന ധാരണയിൽ സർക്കാർ മൗനത്തിലാണെന്നു തോന്നുന്നു.
ദിവസവും സർക്കാർ വക പത്രപരസ്യങ്ങൾക്ക് ഒരു കുറവുമില്ല. അതുകൊണ്ടുതന്നെ മാദ്ധ്യമങ്ങൾക്ക് സർക്കാരിനെതിരേ മിണ്ടാട്ടവുമില്ല .
ജനാധിപത്യത്തിന്റെ മഹത്വം വാതോരാതെ വിളിച്ചുപറയുന്ന നാട്ടിൽ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി അനുദിനം മാറിക്കൊണ്ടിരിക്കുന്നു..
മാറാത്തതായി ഒന്നുമാത്രം.... ഭരണവും നേതാക്കളും.. മുന്നണി ഏതായാലും....?