മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി; ചര്‍ച്ചയ്ക്കുള്ള സമയവും തിയ്യതിയും സ്പീക്കര്‍ പ്രഖ്യാപിക്കും

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി; ചര്‍ച്ചയ്ക്കുള്ള സമയവും തിയ്യതിയും സ്പീക്കര്‍ പ്രഖ്യാപിക്കും

author-image
shafeek cm
New Update
no trust motion

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണപക്ഷത്തിനുമെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അനുമതി നല്‍കി. എന്നാണ് അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടത്തേണ്ടതെന്ന കാര്യം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല തീരുമാനിക്കും. തിയ്യതിയും സമയവും സഭയിലെ നേതാക്കളോട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ഓം ബിര്‍ല പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കാനായാണ് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

Advertisment

ലോക്‌സഭാ ചട്ടങ്ങളനുസരിച്ച് 50 എംപിമാരില്‍ കൂടുതല്‍ അവിശ്വാസ പ്രമേയത്തിനായി അനുമതി തേടിയാല്‍ സഭയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണം. അവിശ്വാസ പ്രമേയം അംഗീകരിച്ചാല്‍ 10 ദിവസത്തനുള്ളില്‍ ചര്‍ച്ചയ്ക്കുള്ള സമയം അനുവദിക്കണം. അതിനാലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കര്‍ ഓം ബിര്‍ല അനുമതി നല്‍കിയിയത്.

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യത്തിന് വേണ്ടി കോണ്‍ഗ്രസാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയത്. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. അനുമതിക്കായുള്ള വോട്ടില്‍ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, എന്‍സിപി, ശിവസേന (യുബിടി), ജെഡി(യു), സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്താങ്ങി. കോണ്‍ഗ്രസിന് പുറമേ ‘ഇന്ത്യ’ സഖ്യത്തില്‍ അംഗമല്ലാത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു.

543 അംഗ ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 331 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് 144 അംഗങ്ങളുമുണ്ട് ലോക്സഭയില്‍. അവിശ്വാസ വോട്ടിങിലേക്ക് കടന്നാല്‍ പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷകള്‍ക്കൊന്നും വകയില്ലെങ്കിലും മോദിയെ സഭയില്‍ സംസാരിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കുക മാത്രമാണ് ‘ഇന്ത്യ’ ലക്ഷ്യം വെയ്ക്കുന്നത്.

narendra modi no trust motion modi
Advertisment