/sathyam/media/media_files/2025/09/13/sid-2025-09-13-22-48-54.jpg)
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകൻ എന്‍ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പരമാവധി ഇടപെട്ടിരുന്നെന്ന് ടി സിദ്ധിഖ് എംഎല്‍എ. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മകന്‍ ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശിച്ചെന്നും ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് സങ്കടപ്പെടുത്തിയെന്നും ടി സിദ്ധിഖ് പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ പാർട്ടി പാലിക്കില്ലെന്ന് എൻ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ടെന്നും അതുകൊണ്ട് താൻ മുൻകൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ധിഖ് വ്യക്തമാക്കി. പാർട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടർസമീപനം പാർട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞു.
'പരിപാടി തിരക്കുകള്‍ ഉള്ളപ്പോള്‍ ഫോണ്‍ എടുത്തിട്ടില്ലെന്നും പിന്നീട് തിരികെ വിളിച്ചെന്നും സിദ്ദീഖ് പറയുന്നു. ആശുപത്രി ബില്ലിന്റെ കാര്യത്തില്‍ ഇടപെട്ടെന്നും മിംസ് മാനേജ്‌മെന്റുമായി സംസാരിക്കുകയും ചെയ്തെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ഇന്ന് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പത്മജ നിലവിൽ ബത്തേരി വിനായക ആശുപത്രിയില്‍ ചികിത്സയിലാണ്.