നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനും കുടുംബത്തിനുമെതിരെയുള്ള മിച്ചഭൂമി കേസില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് മാസത്തിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ വൈകിയതില്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്പെഷല്‍ ഡപ്യൂട്ടി തഹസില്‍ദാരും മാപ്പപേക്ഷയും സമര്‍പ്പിച്ചു. സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 18ലേക്ക് മാറ്റി.
ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി.വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്ന പരാതി പരിശോധിക്കാന്‍ 2022-ല്‍ ഹൈക്കോടതി ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ആറുമാസത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു കോടതി നിര്‍ദേശം.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്ന് പരാതിക്കാരനായ മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയത്.
മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും മെല്ലപ്പോക്കാണ് ഉണ്ടായത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.