Advertisment

ജാദവ്പൂർ സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരെ വീണ്ടും റാഗിംഗ് ആരോപണം

പരാതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ പ്രതിം റോയ് രംഗത്ത് വന്നു.

author-image
shafeek cm
New Update
jadavpur university.jpg

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വീണ്ടും റാഗിംഗ് ആരോപണം. അടുത്തിടെ ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി റാഗിംഗിനെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെയാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും ആരോപണം ഉയരുന്നത്. ആണ്‍കുട്ടികളുടെ പ്രധാന ഹോസ്റ്റലിലെ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം. ഫിലോസഫി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായ സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സര്‍വകലാശാല തടഞ്ഞതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥിയുടെ പരാതി. വിദ്യാത്ഥിയുടെ മരണത്തിന് ഇടയാക്കിയ ആറുപേരെയും അനിശ്ചിതകാലത്തേക്ക് കാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നു.

Advertisment

ഹോസ്റ്റല്‍ മെസ് കമ്മിറ്റിയുടെ ചുമതലയേറ്റതിനെ തുടര്‍ന്ന് പ്രാദേശിക വിപണിയില്‍ നിന്ന് മത്സ്യവും പച്ചക്കറികളും ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കിയതിന് ശേഷം, പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്കും ഇരയായതായി ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി പരാതിപ്പെട്ടതായി ഒരു മുതിര്‍ന്ന ഫാക്കല്‍റ്റി അംഗം പറഞ്ഞു. 

'ചിലരുടെ ശാരീരിക ആംഗ്യങ്ങള്‍ക്കും നോട്ടങ്ങള്‍ക്കും വിധേയമായതിനാല്‍ എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല. പുറത്തു നിന്ന് പഠനം തുടരാനും എനിക്ക് സാധ്യമല്ല. ദയവായി എന്നെ ഇപ്പോള്‍ താമസിക്കുന്ന പ്രത്യേക ബ്ലോക്കില്‍ നിന്ന് കാമ്പസിലെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റുക'- വിദ്യാര്‍ത്ഥി പരാതിയില്‍ വ്യക്തമാക്കി. 'ഞാന്‍ വിദ്യാര്‍ത്ഥിയുടെ പരാതിയെക്കുറിച്ച് കേട്ടിരുന്നു. റാഗിംഗ് വിരുദ്ധ സമിതിയുടെ കണ്‍വീനര്‍ വിഷയം പരിശോധിക്കട്ടെ.'- ജെ യു ഒഫീഷ്യല്‍ വൈസ് ചാന്‍സലര്‍ ബുദ്ധദേവ് സൗ പിടിഐയോട് പറഞ്ഞു.

പരാതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ പ്രതിം റോയ് രംഗത്ത് വന്നു. സര്‍വ്വകലാശാല അധികൃതര്‍ അന്വേഷണം വേഗത്തിലാക്കണമെന്നും റാഗിംഗ് ഭീഷണി ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിം റോയ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്‍പതിന് ബംഗാളില്‍ നിന്നുള്ള ബിരുദാനന്തര ബിരുദ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി റാഗിങ്ങിന് ഇരയായി മരിച്ചിരുന്നു. ഈ സംഭവം കാമ്പസിനെയും സംസ്ഥാനത്തെയും പിടിച്ചുലച്ചതായിരുന്നു. റാഗിംഗിനെ തുടര്‍ന്ന് മെയിന്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിയെ അടുത്ത ദിവസം രാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിരുദ വിദ്യാര്‍ത്ഥികളടക്കം 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിഎച്ച്ഡി ഗവേഷകനും ഉള്‍പ്പെടുന്നു. ഇദിതുടര്‍ന്ന് ഫാക്കല്‍റ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍വകലാശാല റാഗിംഗ് വിരുദ്ധ സമിതിക്ക് രൂപം നല്‍കി. ഈ സമിതി സംഭവം അന്വേഷിക്കുകയും ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

latest news
Advertisment