/sathyam/media/media_files/V1P9zuXMokqsckU03LI2.jpg)
ഡൽഹി : മോഡി പരാമർശത്തെ തുടർന്നുണ്ടായ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ വിധി ആഗസ്റ്റ് നാലിനറിയാം. രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്ക് ഇടക്കാല സ്റ്റേ നൽകാൻ സുപ്രീംകോടതി തയ്യാറായില്ല. മാനനഷ്ടക്കേസിലെ ഹർജിക്കാരനായ പൂർണേഷ് മോദിയുടെയും, ഗുജറാത്ത് സർക്കാരിന്റെയും വാദം കേട്ട ശേഷം സ്റ്റേ ആവശ്യത്തിൽ തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ മുൻമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ പൂർണേഷ് മോദി തടസ ഹർജി നൽകിയിരുന്നു.
രാഹുൽ കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലേ എം.പി. സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങൂ. സ്റ്റേ ലഭിച്ചാൽ വയനാട് എം.പി സ്ഥാനം രാഹുലിന് തിരികെ കിട്ടും. എം.പി. സ്ഥാനത്ത് നിന്നുള്ള അയോഗ്യതക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നിർണായകമാണ്. വയനാടിന് എം.പിയെ തിരികെ കിട്ടുമോ ഉപതിരഞ്ഞെടുപ്പ് വരുമോ എന്ന കാര്യത്തിൽ കേരളത്തിനും നിർണായകമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും, അഡീഷണൽ സെഷൻസ് കോടതിയും, ഗുജറാത്ത് ഹൈക്കോടതിയും സ്റ്റേ ആവശ്യം തള്ളിയതിനെ തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റേ തേടിയുള്ള ഹർജിയിൽ നൂറിലേറെ പേജുള്ള വിശദമായ വിധി ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതിൽ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടക്കാല സ്റ്റേയ്ക്കായി രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‍വി ശക്തമായി രംഗത്തിറങ്ങിയെങ്കിലും ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും, പ്രശാന്ത് കുമാർ മിശ്രയും അടങ്ങിയ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. രാഹുലിന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും, ഇപ്പോൾ നടക്കുന്ന വർഷകാല സമ്മേളനം നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും അഭിഷേക് സിംഗ്‍വി വാദിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. പക്ഷെ പൂർണേഷ് മോദിയുടെയും ഗുജറാത്ത് സർക്കാരിന്റെയും ഭാഗം കേട്ട ശേഷം തീരുമാനമെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു.
അതിനിടെ ത്റെ കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ജസ്റ്റിസ് ബി.ആർ. ഗവായ് താത്പര്യം പ്രകടിപ്പിച്ചു. അച്ഛൻ ആർ.എസ്. ഗവായ് കോൺഗ്രസ് രാഷ്ട്രീയക്കാരനായിരുന്നുവെന്നും, സഹോദരൻ രാജേന്ദ്ര ഗവായ് രാഷ്ട്രീയ പാർട്ടി നേതാവാണെന്നും ജഡ്ജി വ്യക്തമാക്കി. എന്നാൽ, ജസ്റ്റിസ് ബി.ആർ. ഗവായ് വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‍വിയും, പൂർണേഷ് മോദിയുടെ അഭിഭാഷകൻ മഹേഷ് ജെഠ്മലാനിയും പറഞ്ഞു. നാളെയൊരു പ്രശ്നമുണ്ടാകാൻ പാടില്ലെന്ന ഉദ്ദ്യേശത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ജഡ്ജി അറിയിച്ചു. 2009 ജൂണിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ ലാവലിൻ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് അന്ന് കേരള ഗവർണറായിരുന്ന ആർ.എസ്. ഗവായ് ആയിരുന്നു.