Advertisment

രണ്ടാമത്തെ കെട്ടിലും അതൃപ്തി, തനിക്ക് കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമെന്ന് പരാതി, ഭാര്യക്ക് നിരന്തരം പീഡനം; കരിമീന്‍ വാങ്ങാനെന്ന പേരില്‍ കൂട്ടിക്കൊണ്ടു പോയി വെള്ളത്തില്‍ തള്ളിയിട്ട് കൊലപാതകം; എട്ടു വര്‍ഷത്തിന് ശേഷം പിടിയിലായ ഷിഹാബ് കൊടുംകുറ്റവാളി

സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്.

New Update
shihab345

കൊല്ലം: പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷജീറയുടെ മരണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം പിടിയിലായ ഭര്‍ത്താവ് അബ്ദുള്‍ ഷിഹാബ് (41) കൊടുംക്രിമിനല്‍. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനുള്ളിലായിരുന്നു ഷാജിറ കൊല്ലപ്പെടുന്നത്. പടിഞ്ഞാറെകല്ലട കല്ലുംമൂട്ടില്‍കടവ് ബോട്ട് ജെട്ടിയില്‍നിന്ന് ഷജീറയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നെന്ന മാതാപിതാക്കളുടെ പരാതിയിലാണ് പ്രതി പിടിയിലായത്. 

Advertisment

കടകളുടെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങളെ എത്തിക്കുന്ന ജോലിയായിരുന്നു പ്രതിക്ക്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇയാളുടെ സ്വഭാവം കൊണ്ടു തന്നെയായിരുന്നു ആദ്യ വിവാഹവും വേര്‍പിരിഞ്ഞത്. വിവാഹ ശേഷം ഇയാള്‍ ഷജീറയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുകയായിരുന്നു.

50 പവനും കാറുമായിരുന്നു ഇയാള്‍ക്ക് സ്ത്രീധനമായി ഷജീറയുടെ വീട്ടുകാര്‍ നല്‍കിയിരുന്നത്. വിവാഹശേഷം ഇയാള്‍ ഒരു മാസം ഗള്‍ഫില്‍ പോയിരുന്നു. തനിക്ക് കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമാണെന്ന് പറഞ്ഞ് ഇയാള്‍ ഷജീറയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല. 

2015 ജൂണ്‍ 17നാണ് സംഭവം. പകല്‍ കരിമീന്‍ വാങ്ങാനെന്നു പറഞ്ഞ് ഷിഹാബ് ഷജീറയുമായി 6 കിലോ മീറ്റര്‍ അകലെയുള്ള മണ്‍റോതുരുത്ത് പെരിങ്ങാലത്തേക്ക് പോയി. വീടിനടുത്തുള്ള കടകളില്‍ തന്നെ കരിമീന്‍ കിട്ടുമായിട്ടും അകലെയുള്ള കട നോക്കി ഇയാള്‍ ഭാര്യയുമായി പോകുകയായിരുന്നു.  ഷജീറയുടെ താലിമാലയും മൊബൈലും ഇയാള്‍ നിര്‍ബന്ധമായി വീട്ടില്‍ത്തന്നെ വാങ്ങി വച്ചിരുന്നു. 

മീന്‍ കിട്ടാതെ ഇരുവരും വൈകുന്നേരം 6.30ന് ജങ്കാറില്‍ കല്ലുംമൂട്ടില്‍കടവില്‍ എത്തി. തലവേദനയാണെന്ന് പറഞ്ഞ് വീട്ടില്‍ പോകാതെ രാത്രി 7.30 വരെ കടവില്‍ നിന്നു. തുടര്‍ന്ന് ഷജീറയുമായി ബോട്ടുജെട്ടിയിലെത്തി ആരും കാണാതെ വെള്ളത്തില്‍ തള്ളിയിടുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഒരു പെണ്‍കുട്ടി വെള്ളത്തില്‍ വീണെന്ന് പറഞ്ഞു. പിന്നീട് ഭാര്യയെന്നും പരസ്പര വിരുദ്ധമായി മറുപടികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് തേവലക്കരയിലുള്ള സുഹൃത്തിനെ വിളിച്ചു വരുത്താനായിരുന്നു ശ്രമം. അതിനിടെ ആളുകള്‍ ഷജീറയെ കരയ്‌ക്കെത്തിച്ചിരുന്നു. 

ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ ഷജീറയെ എത്തിച്ചപ്പോള്‍ സുഖമില്ലെന്ന് പറഞ്ഞ് ആദ്യം ചികിത്സ തേടിയത് ഷിഹാവായിരുന്നു. ഐ.സി.യുവിലായിരുന്ന ഷജീറയെ ഇയാള്‍ കണ്ടതുപോലും പിറ്റേന്നായിരുന്നു. ഇയാള്‍ക്ക് അസുഖമൊന്നുമില്ലെന്ന ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. മൂന്നു ദിവസത്തിന് ശേഷം ഷജീറ മരിച്ചു. മരിക്കുന്നതുവരെ ഷജീറ അബോധാവസ്ഥയിലായിരുന്നു. 

നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം വൈകുകയായിരുന്നു. സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.  

 

Advertisment