കോട്ടയം: ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യസ്വാസ്ഥ്യകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍.എ.ബി.എച്ച്) എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചു.
ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി മൂന്നിലവ്, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി മാന്നാനം, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി മാടപ്പള്ളി, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി കൂട്ടുമേല്‍, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഉദയനാപുരം, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി മരങ്ങാട്ടുപ്പിള്ളി, ആയുര്‍വേദ ഡിസ്‌പെന്‍സറി പുതുപ്പള്ളി, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി നീണ്ടൂര്‍, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഞീഴൂര്‍ എന്നീ ആയുഷ് ആരോഗ്യസ്വാസ്ഥ്യകേന്ദ്രങ്ങള്‍ക്കാണ് എന്‍.എ.ബി.എച്ച് എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യസ്വാസ്ഥ്യകേന്ദ്രങ്ങളെയും നാലു ഘട്ടമായി എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്.
ഒന്നാംഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭനടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിച്ചു 90 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ചില്‍ അപേക്ഷ സമര്‍പ്പിച്ചു.
നാഷണല്‍ ആയുഷ് മിഷന്റെയും ഐ.എസ്.എം, ഹോമിയോപ്പതി വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഗുണനിലവാരമുള്ള ആരോഗ്യ സ്വാസ്ഥ്യ സേവനങ്ങള്‍ ഉറപ്പുവരുത്താനും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനുമായി.
വിവരശേഖരണത്തിലും പൊതുജനാരോഗ്യരംഗത്തും മികവോടെ പ്രവര്‍ത്തിക്കുന്നതിനും അതുവഴി വിവിധ ആരോഗ്യപദ്ധതികള്‍ മേന്മയോടെ നടപ്പാക്കാനും കഴിഞ്ഞു.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറില്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ ആയുര്‍വേദ വകുപ്പിലെ ഏഴു സ്ഥാപനങ്ങളും ഹോമിയോപ്പതി വകുപ്പിലെ നാലു സ്ഥാപനങ്ങളും എന്‍.എ.ബി.എച്ച് അംഗീകാരത്തിനായി മാര്‍ച്ചോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് നാഷണല്‍ ആയുഷ് മിഷന്റെ തീരുമാനം.