'ഹിന്ദി ദേശീയ ഭാഷയല്ല': ഗോവ വിമാനത്താവളത്തിൽ തമിഴ് യുവതിയെ അപമാനിച്ചതിന് പിന്നാലെ സ്റ്റാലിൻ

ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പറഞ്ഞ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗാര്‍ഡ് യുവതിയെ കൂടുതല്‍ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.

author-image
shafeek cm
New Update
mk stalin neww.jpg

തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ഗോവ വിമാനത്താവളത്തില്‍ തമിഴ് യുവതിയെ അപമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥനോടാണ് യുവതി തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞത്. തമിഴ്നാട് ഇന്ത്യയിലാണെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളും ഹിന്ദി പഠിക്കണമെന്നും സിഐഎസ്എഫുകാരന്‍ പറഞ്ഞു. ഇത് അപലപനീയമാണെന്നും ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി തമിഴില്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. 

Advertisment

'ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടിവരുന്നതും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതും ആവര്‍ത്തിച്ചുള്ള സംഭവങ്ങളാണ്', സ്റ്റാലിന്‍ എക്സില്‍ എഴുതി. ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ശര്‍മിള എന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. 

'തമിഴ്നാട് ഇന്ത്യയിലാണ് എന്നും രാജ്യത്തെ എല്ലാവരും ഹിന്ദി പഠിക്കണമെന്നും ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമുള്ള ശര്‍മിളയുടെ വിശദീകരണം അവഗണിച്ച് ഗൂഗിള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പറഞ്ഞ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗാര്‍ഡ് യുവതിയെ കൂടുതല്‍ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിമര്‍ശിച്ച കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍, അവരുടെ ജോലി സുരക്ഷ നിലനിര്‍ത്തലാണെന്നും ഹിന്ദി പാഠങ്ങള്‍ പഠിപ്പിക്കലല്ലെന്നും പറഞ്ഞു. 

രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കലിനെക്കുറിച്ച് പറഞ്ഞ ഉദയനിധി, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ''നിര്‍ബന്ധത്തിന്റെയും ഭീഷണിയുടെയും സംഭവത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. വിമാനത്താവളങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടരുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര സേന സുരക്ഷയ്ക്കാണ് - ഹിന്ദി പാഠങ്ങള്‍ പഠിപ്പിക്കാനല്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

''ബഹുഭാഷാ ഇന്ത്യന്‍ യൂണിയനില്‍, മറ്റ് ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുടെമേല്‍ ഹിന്ദി തുടര്‍ച്ചയായി അടിച്ചേല്‍പ്പിക്കുന്നത് ഫെഡറലിസത്തിന്റെ തത്വശാസ്ത്രത്തിന് എതിരാണ്. കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പ്രവണത സ്വീകരിക്കാതെ അടിയന്തര നടപടി സ്വീകരിക്കണം. ഭാഷയ്ക്കുള്ള അവകാശവും മനുഷ്യാവകാശമാണെന്ന് ഫാസിസ്റ്റുകള്‍ മനസ്സിലാക്കണം,'' അദ്ദേഹം എഴുതി.

latest news
Advertisment