ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. തുരങ്കത്തിനുള്ളിലുള്ള തൊഴിലാളികളുടെ എണ്ണമെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊഴിലാളികളെ എണ്ണാനും തുരങ്കത്തിന്റെ ഉള്‍വശം മനസ്സിലാക്കാനും ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജ്ജമേകുന്നതാണ് ഈ ദൃശ്യങ്ങള്‍. നേരത്തെ തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് കുപ്പികളില്‍ ഭക്ഷണം എത്തിച്ചിരുന്നു.
അവര്‍ക്കായി ഒരു പ്രത്യേക ഡയറ്റ് പ്ലാന്‍ രൂപപ്പെടുത്തുന്നതിന് മെഡിക്കല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഭക്ഷണം എത്തിച്ചത്. തൊഴിലാളികളെ ആരോഗ്യത്തോടെ താങ്ങിനിര്‍ത്താനാണ് ഖിച്ഡിയും ഓറഞ്ച്, വാഴപ്പഴം, ആപ്പിള്‍ എന്നിവ അടക്കം പൈപ്പിലൂടെ വിതരണം ചെയ്തത്. കിച്ചഡി പ്ലാസ്റ്റിക് കുപ്പികളിലാക്കി പൈപ്പിലൂടെ ഇറക്കി. ആശയവിനിമയം നിലനിര്‍ത്താന്‍ ചാര്‍ജര്‍ ഘടിപ്പിച്ച ഫോണ്‍ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ആരംഭിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ നീക്കം. നേരത്തെ അവശിഷ്ടങ്ങളും തുരങ്കത്തിന്റെ കവാടവും തമ്മിലുള്ള വിടവിന്റെ വ്യാപ്തി പഠിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ രണ്ടുതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെ 28 മീറ്ററിനപ്പുറത്തേക്ക് പോകാന്‍ ഡ്രോണിന് കഴിഞ്ഞില്ല. ഇതിനിടെ ഒരു ഡ്രോണ്‍ കേടായി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വിന്യസിച്ച റോബോട്ട് ഡ്രോണിന് അവശിഷ്ടങ്ങള്‍ കാരണം തുരങ്കത്തിന്റെ ചരിവില്‍ കയറാന്‍ കഴിഞ്ഞില്ല.
അതേസമയം പൈപ്പ് ഡ്രില്ലിംഗ് മെഷീന് സംരക്ഷണ മേലാപ്പ് നിര്‍മ്മിക്കുന്നത് ആരംഭിച്ചു. ആഗര്‍ യന്ത്രം ഉപയോഗിച്ച് പൈപ്പ് തള്ളുന്നത് ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ അന്താരാഷ്ട്ര തുരങ്ക നിര്‍മാണ വിദഗ്ധ സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇനി ഒട്ടും വൈകരുതെന്ന നിലപാടിലാണ് അധികൃതര്‍.
'ഞങ്ങള്‍ ആ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ പോകുകയാണ്. വലിയ ജോലിയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവന്‍ ടീമും ഇവിടെയുണ്ട്. ഇതുവരെ രക്ഷപ്പെട്ടവരും രക്ഷപ്പെടുത്തുന്നവരും സുരക്ഷിതരാണ്', അര്‍നോള്‍ഡ് ഡിക്‌സ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 'ലോകം മുഴുവന്‍ സഹായിക്കുന്നു. അതിശയകരമായ ടീമാണ് ഇവിടെയുള്ളത്. ജോലി വളരെ ചിട്ടയായാണ് നടക്കുന്നത്. തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നുകളും കൃത്യമായി നല്‍കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ചാര്‍ ധാം റൂട്ടിലെ സില്‍ക്യാര തുരങ്കത്തിന്റെ ബാര്‍കോട്ട് അറ്റത്ത് ലംബ ഡ്രില്ലിംഗ് ചുമതല ഏറ്റെടുത്തിരുന്നു. അതിന്റെ ഒരു ഭാഗം നവംബര്‍ 12 ന് ആണ് തകര്‍ന്നത്. ഒഎന്‍ജിസി ഡ്രില്ലിംഗ് മേധാവി തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുകയും അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎന്‍ജിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നവംബര്‍ 22-ന് റോഡിന്റെ അലൈന്‍മെന്റ് അന്തിമമാക്കും.