/sathyam/media/media_files/TgVTpI4zQXyOETjlaWrB.jpg)
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍. ചൊവ്വാഴ്ച വൈകി ഡ്രില്ലിങ് പുനഃരാരംഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തിന് മുകളിലുള്ള ഭാഗം വെട്ടി വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗാണ് നടത്തുന്നത്.
കൂടാതെ, തുരങ്കമുഖത്തിന്റെ ഇടതുവശത്ത് നിന്ന് നിലവിലുള്ള തുരങ്കത്തിന് ലംബമായി ഒരു മൈക്രോ ടണല്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് വളരെയധികം സമയമെടുക്കുമെന്നാണ് പ്രതീക്ഷ.
കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഇന്നലെ രാത്രി വെജ് പുലാവ്, മട്ടര്‍-പനീര്‍, വെണ്ണ ചേര്‍ത്ത ചപ്പാത്തി എന്നിവ അടങ്ങിയ ചൂടുള്ള ഭക്ഷണം എത്തിച്ചിരുന്നു. എല്ലാം എളുപ്പത്തില്‍ ദഹനം ഉറപ്പാക്കുന്ന ഭക്ഷണമാണ് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയത്. 6 ഇഞ്ച് വീതിയുള്ള പൈപ്പ് ലൈനിലൂടെയാണ് ഭക്ഷണം എത്തിച്ചത്. പഴങ്ങള്‍ അയയ്ക്കാനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്താനും ഉപയോഗിച്ചുവരുന്ന പൈപ്പാണിത്.
കഴിഞ്ഞ ദിവസം പൈപ്പ് ലൈനിലൂടെ തിരുകിയ എന്‍ഡോസ്‌കോപ്പിക് ഫ്ലെക്സി ക്യാമറ ഉപയോഗിച്ച് കുടുങ്ങിയ തൊഴിലാളികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. കാഴ്ചയില്‍ തൊഴിലാളികളുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആധുനിക ഡ്രില്ലിംഗ് യന്ത്രങ്ങള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി തിരക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. തുരങ്കത്തിനുള്ളില്‍ ആവശ്യത്തിന് വെള്ളം, ഓക്‌സിജന്‍, വൈദ്യുതി, വെളിച്ചം എന്നിവയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us