ലക്‌നൗ: ഉത്തർപ്രദേശിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ഭോപ്പാലിൽ നിന്നും നിസാമുദ്ദീനിലേക്ക് പോയ തീവണ്ടിയ്ക്ക് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ കോച്ചുകളിൽ ഒന്നിന്റെ ജനൽ ചില്ല് തകർന്നു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആഗ്രയിലായിരുന്നു തീവണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്. ആഗ്ര റെയിൽവേ ഡിവിഷൻ പരിധിയിലെ മനിയ- ജജൗ സ്റ്റേഷനുകൾക്കിടയിലായിരുന്നു തീവണ്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സി കോച്ചിന്റെ ചില്ലാണ് സംഭവത്തിൽ തകർന്നത്. ആക്രമണത്തിൽ ആളുകൾക്ക് പരിക്കില്ല.
വിവരം അറിഞ്ഞയുടൻ റെയിൽവേ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഗ്ര റെയിൽവേ ഡിവിഷൻ പിആർഒ പ്രശസ്തി ശ്രീവാസ്തവ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഭോപ്പാൽ- നിസാമുദ്ദീൻ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.