ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസ്: വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത് ചർച്ചയായി

author-image
shafeek cm
New Update
VINAYAKAN

vinayakan

കൊച്ചി : വിലാപ യാത്രയ്ക്കിടെ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ചില സിനിമ സംഘടനകൾ ആലോചിക്കുന്നുണ്ട്.

Advertisment

പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്. എന്തായാലും വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. അതേ സമയം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത് ചർച്ചയായി. പുരസ്കാര പ്രഖ്യാപനം നടത്തിയ സാംസ്കാരിക മന്ത്രിയോട് മാധ്യമ പ്രവർത്തകർ ഇക്കാര്യത്തിലെ നിലപാട് എന്താണെന്ന് ചോദിക്കുകയായിരുന്നു.

വിനായകന്‍റെ പരാമർശത്തോട് യോജിപ്പില്ലെന്നും അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങളാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ മറുപടി. ഇത്തരം പരാമർശങ്ങളുടെയൊന്നും പുറകെ പോകേണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേഖലയിലടക്കം വിനായകന്‍റെ അധിക്ഷേപ പരാമർശത്തോട് വലിയ പ്രതിഷേധം ഉയർന്നതോടെയാണ് 53 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിഷയം ചോദ്യമായത്. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്‍.രാജേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്‍റെ നടപടി. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റിനു താഴെ വിദ്വേഷകരമായ രീതിയിൽ പ്രതികരിച്ചതിനാണ് കേസ്. രാജേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

vinayakan oomman chandy
Advertisment