വിശാഖപട്ടണം തുറമുഖത്തെ തീപിടുത്തം; യൂട്യൂബര്‍മാരുടെ തീക്കളിയെന്ന് പൊലീസ് നിഗമനം

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികളും പ്രദേശവാസികളും മറ്റ് ബോട്ടുകളിലേക്ക് തീപടരുന്നത് തടയാന്‍ ശ്രമിച്ചിരുന്നു.

author-image
shafeek cm
New Update
vizag fire.jpg

വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബര്‍മാര്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അര്‍ദ്ധ രാത്രി സംഭവിച്ച അഗ്നിബാധയില്‍ 40 മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചിരുന്നു. മത്സ്യ ബന്ധന വീഡിയോകള്‍ പങ്കുവച്ച് പ്രസിദ്ധനായ യുവ യൂട്യൂബറോടുള്ള മറ്റ് യൂട്യൂബര്‍മാരുടെ പകയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

Advertisment

മത്സ്യ ബന്ധന വീഡിയോകള്‍ പങ്കുവച്ച യൂട്യൂബറെ പൊലീസ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതായാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ ചിലരുമായി പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് അറിയിക്കുന്നു. ഇതേ തുടര്‍ന്ന് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികള്‍ തീയിട്ടതാകും വന്‍ തീപിടുത്തത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികളും പ്രദേശവാസികളും മറ്റ് ബോട്ടുകളിലേക്ക് തീപടരുന്നത് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാറ്റിന്റെ ഗതി കാരണം ശ്രമം വിജയിച്ചില്ല. കൂടാതെ ബോട്ടുകളില്‍ നിറച്ചിരുന്ന ഇന്ധനവും, പാചകത്തിനായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും തീപിടുത്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.

നിയന്ത്രണാതീതമായ അഗ്നിബാധ ശമിപ്പിച്ചത് ഇന്ത്യന്‍ നാവിക സേന സ്ഥലത്തെത്തിയാണ്. ഓരോ ബോട്ടിനും 15 ലക്ഷം രൂപയിലേറെ വില വരുന്നതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ബോട്ടുകളുടെ ഉടമസ്ഥര്‍ ഇതോടെ പ്രതിസന്ധിയിലാണ്.

vishakhapatnam
Advertisment