കൊച്ചി : സീറോ മലബാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ സ്ഥാനീയ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസ്ലിക്കയിൽ സഭയുടെ ശുദ്ധികലശം വിജയത്തിലേക്ക്. ബസ്ലിക്ക വികാരി, എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിലെ പ്രധാനിയായിരുന്ന ഫാ. ആന്റണി നരികുളം ബസ്ലിക്ക പള്ളി വികാരിയുടെ ചുമതല ഒഴിഞ്ഞു.
അതിരൂപതയിലെ വിമത നീക്കങ്ങളുടെ പ്രധാന കാലയളവുകളിൽ ബസ്ലിക്ക വികാരിയായിരുന്ന് വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഇദ്ദേഹത്തെ മൂഴിക്കുളം ഫൊറോന പള്ളി വികാരിയായി സ്ഥലം മാറ്റിക്കൊണ്ട് അതിരൂപതാ അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഉത്തരവ് പാലിച്ചാണ് അദ്ദേഹം ഒടുവിൽ ചുമതല ഒഴിഞ്ഞത്.
ആദ്യം ചുമതല ഒഴിയാൻ വിസമ്മതിക്കുകയും ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഫാ . നരികുളത്തിനോട് അനുസരിച്ചില്ലെങ്കിൽ കാനോനിക നിയമപ്രകാരമുള്ള കർശന നടപടി ഉണ്ടാകും എന്ന അന്ത്യശാസനം നൽകിയതോടെയാണ് ഞായറാഴ്ച പള്ളി ഓഫീസ് ഒഴിയാൻ അദ്ദേഹം തയ്യാറായത്.
പകരം സഭാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ഫാ. ആന്റണി പൂതവേലി ബസ്ലിക്ക വികാരിയായി ചുമതല ഏറ്റിട്ടുണ്ട്. ബസ്ലിക്ക പള്ളി ഇടവകയിലെ ഭൂരിപക്ഷം വിശ്വാസികളും സിനഡ് തീരുമാനങ്ങളോട് അനുഭാവം പുലർത്തുന്നവരാണ്. ഇതോടുകൂടി സെന്റ് മേരീസ് ബസ്ലിക്ക ദേവാലയത്തിൽ ഇനി ഏകീകൃത കുർബാന അർപ്പണത്തിനുള്ള വഴി തെളിയുകയാണ്. സിനഡ് കുർബാനയോട് ആഭിമുഖ്യം പുലർത്തുന്ന വൈദികനാണ് ഫാ . ആന്റണി പൂതവേലി.
അതേസമയം ഫാ. ആന്റണി നരികുളത്തിന് മൂഴിക്കുളം ഫൊറോന പള്ളി വികാരിയായാണ് സ്ഥലംമാറ്റം എങ്കിലും തല്ക്കാലം ചുണങ്ങാംവേലി നിവേദിത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയതായാണ് സൂചന. അതിരൂപതയിലെ തർക്കങ്ങളുടെ ഭാഗമായി മാസങ്ങളായി ബസ്ലിക്ക ദേവവാലയം അടഞ്ഞുകിടക്കുകയായിരുന്നു.
പരമ്പരയായി വിശുദ്ധബലി അർപ്പിച്ചതിലൂടെ വിശുദ്ധകർബാനയെ അവഹേളിച്ച സംഭവത്തെ തുടർന്നായിരുന്നു സഭാ നേതൃത്വം ഇടപെട്ട് പള്ളി പൂട്ടാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ സിനഡ് തീരുമാന പ്രകാരം ഇടവകക്കാരുടെ അത്യാവശ്യ കൂദാശകൾക്കായി പള്ളി തുറക്കാനും കുർബ്ബാന അർപ്പണം നടത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് സിനഡ് കുർബ്ബാന ആയിരിക്കണമെന്ന് ഉറപ്പ് വരുത്താനും ധാരണ ആയിരുന്നു.
നിലവിലെ വികാരി ഫാ . ആന്റണി നരികുളത്തിനു തന്നെയായിരുന്നു സിനഡ് തീരുമാനം നടപ്പിലാക്കാൻ ചുമതല നൽകിയത് . എഴുതി തയ്യാറാക്കിയ ധാരണ പ്രകാരമായിരുന്നു തീരുമാനം. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ ഫാ. നരികുളത്തിനു കഴിഞ്ഞില്ല. ഇതോടെയാണ് അദ്ധേഹത്തിന്റെ കസേര തെറിച്ചത്. എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത നീക്കങ്ങളിൽ സഭാ നേതൃത്വം കർശന നിലപാടുകളിലേയ്ക്ക് കടക്കുന്നു എന്നതിന് തെളിവാണ് പുതിയ നീക്കങ്ങൾ.