ദേവീന്ദർ സിംഗിന്‍റെ ബംഗ്‌ളാദേശ് സന്ദർശനം എന്‍ഐഎ പരിശോധിക്കുന്നു ; ദേവീന്ദര്‍ ബംഗ്ലാദേശിലെത്തിയത് മൂന്നുതവണ ; ഐഎസ്ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ? 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 19, 2020

ഡല്‍ഹി : ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന്‍റെ ബംഗ്‌ളാദേശ് സന്ദർശനം എന്‍ഐഎ പരിശോധിക്കുന്നു. കഴിഞ്ഞ വർഷം മൂന്ന് തവണ ദേവീന്ദർ ബംഗ്ലാദേശിൽ എത്തി.

മാർച്ച്‌, മെയ്, ജൂൺ മാസങ്ങളിലാണ് ദേവീന്ദർ ബംഗ്ലാദേശിലെത്തിയത്. ഇയാള്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയോ എന്നതാണ് എന്‍ഐഎ പരിശോധിക്കുക.

ഇതോടൊപ്പം ദേവീന്ദറിന്‍റെ പണമിടപാടുകളും അന്വേഷണ പരിധിയിൽ ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദേവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ് അന്വേഷിക്കുന്നത്.

യുഎപിഎ വകുപ്പ് ചുമത്തിയ കേസിൽ ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ എൻഐഎ അന്വേഷിക്കും. ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ കൂടിയായ ദേവീന്ദർ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്തോ എന്നും അന്വേഷിക്കും.

×