/sathyam/media/media_files/2025/06/05/ijVhFm2XwAAdmV93tBZy.jpg)
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി പൂര്‍ത്തിയാകുന്നതിനിടയില്‍ ഇടത്-വലത് മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറും തേടിക്കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കിട്ടും.
കാടിളക്കിയുളള പ്രചാരണവും നേതൃബാഹുല്യം കണ്ട തിരഞ്ഞെടുപ്പ് യോഗങ്ങളും താര പ്രചാരകരുടെ പ്രഭാവവും എല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനൊപ്പം ഈ ചോദ്യങ്ങള്‍ക്കും നിലമ്പൂരില്‍ പ്രസക്തിയുണ്ട്.
ചുങ്കത്തറ മര്‍ത്തോമ കോളജില്‍ രാവിലെ എട്ടരക്ക് വോട്ടെണ്ണി തുടങ്ങുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം ഏഴ് ഗ്രാമപഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ്.
ആദ്യം എണ്ണുന്നത് മണ്ഡലത്തിന്റെ വടക്കേയറ്റമായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ ഉളള വഴിക്കടവ് പഞ്ചായത്ത് യു.ഡി.എഫ് ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിക്കടവില്‍ നേരിയ വോട്ടുകള്‍ക്ക് പി.വി.അന്‍വറാണ് ലീഡ് ചെയ്തത്.
ഉപ തിരഞ്ഞെടുപ്പിലും വഴിക്കടവ് തനിക്കൊപ്പം നില്‍ക്കുമെന്നാണ് ഇക്കുറി സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അന്‍വര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലീഡ് നല്‍കുന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫും വഴിക്കടവില്‍ നിന്ന് ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ 3 റൗണ്ടുകളിലെ വോട്ടെണ്ണല്‍ കഴിയുന്നതോടെ വഴിക്കടവ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആറിയാം.
ഇതോടെ ഫലം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ കൃത്യമായ സൂചനകളും വ്യക്തമാകും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് വഴിക്കടവ് ആയിരിക്കുമോ എന്ന മുന്നണികളുടെ ചോദ്യത്തിന് അതോടെ ഉത്തരം കിട്ടുകയും ചെയ്യും. വഴിക്കടവ് കഴിഞ്ഞാല്‍ ലീഗ് കോട്ടയായി കരുതപ്പെടുന്ന മൂത്തേടം പഞ്ചായത്തിലെ ബൂത്തുകളാണ് എണ്ണുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വമ്പന്‍ ലീഡ് പ്രതീക്ഷിക്കുന്ന പഞ്ചായത്താണ് മൂത്തേടം. പി.വി.അന്‍വറും മൂത്തേടത്ത് പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫിന് ഒപ്പം നില്‍ക്കുമോ അതോ അന്‍വര്‍ കറുത്ത കുതിരയാകുമോ എന്ന ചോദ്യത്തിന് മൂത്തേടത്തെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ഉത്തരം കിട്ടും.
മൂത്തേടം കഴിഞ്ഞാല്‍ എടക്കര പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുക. മൂത്തേടം പോലെ തന്നെ എടക്കരയും മുസ്‌ളീം ലീഗിന്റെ ശക്തികേന്ദ്രം തന്നെ.
എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് നെഞ്ചിടിപ്പേറ്റുന്ന ചില ഘടകങ്ങള്‍ എടക്കരയിലുണ്ട്. അതിലൊന്ന് എടക്കര മുന്‍ ഡി.സി.സി അധ്യക്ഷനും 2021ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ വി.വി.പ്രകാശന്റെ നാട് എന്നതാണ്.
പ്രകാശന്റെ തോല്‍വിക്ക് കാരണം ആര്യാടന്‍ ഷൗക്കത്താണെന്ന് അദ്ദേഹത്തിന്റെ കുടുംബവും അനുയായികളും ഉറച്ച് വിശ്വസിക്കുന്നത്. ഷൗക്കത്തിനെ പിന്തുണക്കാന്‍ മടിച്ച് നിന്ന പ്രകാശന്റെ കുടുംബം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വോട്ട് ചെയ്യാന്‍ എത്തിയത്.
പ്രകാശന്റെ കൂടൂംബത്തില്‍ ഷൗക്കത്ത് വോട്ടുചോദിക്കാന്‍ പോകാത്തത് എല്‍.ഡി.എഫ് വലിയ പ്രചരണ വിഷയമാക്കി മാറ്റുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വി.വി.പ്രകാശന്റെ തട്ടകമായിരുന്ന എടക്കര ഒപ്പം നില്‍ക്കുമോ എന്നത് യു.ഡി.എഫിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നെഞ്ചിടിപ്പേറ്റുന്ന ചോദ്യമാണ്.
എടക്കരയിലെ ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞാല്‍ പിന്നെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ വോട്ടുകളാണ് കൗണ്ടിങ്ങ് ടേബിളിലേക്ക് വരുന്നത്. എല്‍.ഡി.എഫ് മേല്‍ക്കൈ പ്രതീക്ഷിക്കുന്ന പഞ്ചായത്താണ് പോത്തുകല്‍ പഞ്ചായത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ ജന്മനാട് എന്ന പ്രത്യേകത കൂടി പോത്തുകല്ലിനുണ്ട്.
നാട്ടുകാരനായ സ്ഥാനാര്‍ഥിക്ക് പോത്തുകല്‍ എത്ര ഭൂരിപക്ഷം നല്‍കും എന്നതാണ് ഇടതു ക്യാംപില്‍ നിന്നുയരുന്ന ചോദ്യം. ഈ ചോദ്യത്തിന് പോത്തുകല്ലിലെ ബൂത്തുകള്‍ എണ്ണിതീരുന്നതോടെ ഉത്തരം കിട്ടും. യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്വാധീനമുളള പഞ്ചായത്തുകള്‍ ഇടവിട്ട് വരുന്നത് കൊണ്ട് നിലമ്പൂരിലെ വോട്ടണ്ണല്‍ ഉദ്വേഗം ഉയര്‍ത്താനാണ് സാധ്യത.
പോത്തുകല്‍ കഴിഞ്ഞാല്‍ വോട്ടെണ്ണല്‍ ചുങ്കത്തറ പഞ്ചായത്തിലേക്ക് കടക്കും. ചുങ്കത്തറ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ ചുങ്കത്തറ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും വോട്ടെണ്ണല്‍ വേളയിലെ നിര്‍ണായക ചോദ്യമാണ്.
ചുങ്കത്തറ കഴിഞ്ഞാല്‍ വോട്ടെണ്ണല്‍ കരുളായിയിലേക്ക് കടക്കും. മുസ്‌ളീം ലീഗിനും കോണ്‍ഗ്രസിനും സ്വാധീനമുളള കരുളായിയില്‍ 2021ല്‍ ഇടത് മുന്നണിക്കായിരുന്നു ലീഡ്. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ കരുളായി ആരെ പിന്തുണക്കും എന്നതും വലിയ ചോദ്യമാണ്.
ഇടത് ഭരണം നിലനില്‍ക്കുന്ന നിലമ്പൂര്‍ നഗരസഭ എം.സ്വരാജ് പ്രതീക്ഷവെക്കുന്ന മേഖലയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 1500പരം വോട്ടിന്റെ ലീഡ് നല്‍കിയ നഗരസഭാ പ്രദേശം ഇത്തവണ ആരെ തുണക്കും എന്നതും മുന്നണികളെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്.
ഏറ്റവും അവസാനം എണ്ണുന്നത് ഇടത് കോട്ടയായ അമരമ്പലം പഞ്ചായത്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്‍വറിന് ജയം ഉറപ്പിച്ച് നല്‍കിയ അമരമ്പലം ഇത്തവണം കൂടെ നില്‍ക്കുമോ എന്നത് ഇടത് മുന്നണിയെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്.