നിലമ്പൂരിൽ കേക്കും ഷെയ്ക്ക് ഹാന്റും ഏറ്റില്ല. ക്രൈസ്തവ മേഖലകളില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. വോട്ടുയർത്താനാവാതെ ബി.ജെ.പി. പ്രതീക്ഷിച്ചത് 10000 മുതൽ 12000 വരെ. സാമുദായിക ധ്രുവീകരണം, ക്രൈസ്തവ വോട്ടുകള്‍, ഈഴവ-തിയ്യ വോട്ടുകൾ എവിടെപോയി .. ? തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ പി.ആർ ഏജൻസിയെ നിയോഗിച്ചു. നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും

ക്രൈസ്തവ വിഭാഗത്തിലേക്ക് കടന്നു കയറി തങ്ങളുടെ അടിസ്ഥാന വോട്ടിനൊപ്പം കൂടുതൽ വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രമാണ് പാളിയത്.

New Update
Untitledirancies

മലപ്പുറം: നിലമ്പൂരിൽ പ്രതീക്ഷിച്ച വോട്ട് വിഹിതം ലഭിക്കാത്തതിൽ ബി.ജെ.പിക്കുള്ളിൽ അസ്വസ്ഥതകൾ ഉരുണ്ടുകൂടുന്നു. ക്രൈസ്തവ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥിയെ അവതരിപ്പിച്ചിട്ടും വേണ്ടത്ര സ്വീകാര്യത പൊതുസമൂഹത്തിൽ നിന്നും കിട്ടിയില്ലെന്ന വിലയിരുത്തലാണുള്ളത്. 

Advertisment

കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അൻവർ പിടിച്ച വോട്ടുകൾക്കൊപ്പമെത്താൻ പോലും ബി.ജെ.പിക്കായില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം തെളിയിക്കാൻ ലഭിച്ച വോട്ടുകൾ പോലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ചില്ലെന്ന ഗുരുതര ആരോപണം ഉയർന്നു കഴിഞ്ഞു.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8595 വോട്ടുകൾ നേടിയ പാർട്ടിക്കു ഇക്കുറി 10000 മുതൽ12000 വരെ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനൊപ്പമെത്താൻ പോലും കഴിഞ്ഞില്ല. 

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ പാർട്ടിയിൽ അപസ്വരങ്ങൾ ഉയർന്നതോടെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്.

bjp

ക്രൈസ്തവ വിഭാഗത്തിലേക്ക് കടന്നു കയറി തങ്ങളുടെ അടിസ്ഥാന വോട്ടിനൊപ്പം കൂടുതൽ വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രമാണ് പാളിയത്.

ബി.ജെ.പി സ്ഥാനാർത്ഥി ക്രൈസ്തവനായതോടെ ബി.ഡി.ജെ.എസിന്റെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്. ക്രിസ്ത്യന്‍ മേഖലകളില്‍ ബിജെപി സ്പോണ്‍സേര്‍ഡ് സംവിധാനമായ 'കാസ'യുടെ ആവേശമൊക്കെ വെറും പാഴ് വേലയായി. 


ഉപതിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പഠനവിധേയമാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം പി.ആർ കമ്പനിയെ നിയോഗിച്ചിരിക്കുകയാണ്. 'വരാഹി' എന്ന സ്ഥാപനമാണ് ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് വിശകലനം നടത്തുക. നാലു ദിവസത്തിനകം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.


ബൂത്തുതല കണക്കുകളുടെ അടിസ്ഥാനത്തിൽ, ബി.ജെ.പിയുടെയും ഇടതു-വലതു മുന്നണികളുടെയും വോട്ടുകളിലുണ്ടായ മാറ്റം സമഗ്രമായി വിശകലനം ചെയ്യും.

vote Untitled.,87.jpg

ബി.ജെ.പിയുടെ പ്രകടനം, എൽ.ഡി.എഫിന് എന്തു സംഭവിച്ചു, കോൺഗ്രസ് എങ്ങനെ വോട്ട് സമാഹരിച്ചു, യു.ഡി.എഫ് വിജയത്തിൽ ലീഗിൻറെ പങ്ക്, സാമുദായിക ധ്രുവീകരണം ഉണ്ടായിട്ടുണ്ടോ, ക്രൈസ്തവ സഭകൾ ആർക്കൊപ്പമായിരുന്നു, ഈഴവ-തിയ്യ വോട്ടുകൾ ആരെ തുണച്ചു, ഇരു മുന്നണികളിൽനിന്ന് പി.വി. അൻവറിന് വോട്ട് ലഭിക്കാനിടയായ കാര്യങ്ങൾ എന്നിവ പഠനവിധേയമാക്കാനാണ് നിർദേശം.

 ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയം പ്രത്യേകം പഠന വിധേയമാക്കും. സ്ഥാനാർഥിനിർണയം പാളിയോ, പാർട്ടിക്ക് ലഭിച്ചുപോരുന്ന പരമ്പരാഗത വോട്ടുകളിൽ ചോർച്ച സംഭവിച്ചിട്ടുണ്ടോ, കുടിയേറ്റ മേഖലയിൽനിന്ന് പ്രതീക്ഷിച്ച വോട്ട് എന്തുകൊണ്ട് കിട്ടിയില്ല എന്നതടക്കം വിഷയങ്ങളും പരിശോധിക്കും.

Advertisment